ഹെക്ടറിന്‍റെ ബുക്കിംഗ് തുടങ്ങി

By Web TeamFirst Published May 22, 2019, 3:04 PM IST
Highlights

രാജ്യത്തെ വിവിധ എം ജി മോട്ടോർ ഇന്ത്യ ഡീലർഷിപ്പുകള്‍ 51,000 രൂപ അഡ്വാൻസ് സ്വീകരിച്ച് ഹെക്ടര്‍ ബുക്കിംഗ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനം യാതാര്‍ത്ഥ്യമായിരിക്കുന്നു. ഇപ്പോള്‍ വാഹനത്തിനുള്ള ബുക്കിംഗും തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ വിവിധ എം ജി മോട്ടോർ ഇന്ത്യ ഡീലർഷിപ്പുകള്‍ 51,000 രൂപ അഡ്വാൻസ് സ്വീകരിച്ച് ഹെക്ടര്‍ ബുക്കിംഗ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  

എന്നാല്‍ എം ജി മോട്ടോർ ഇന്ത്യ ഔദ്യോഗികമായി  ഹെക്ടർ ബുക്കിങ് ആരംഭിച്ചിട്ടില്ല. കമ്പനി വെബ്സൈറ്റ് സന്ദർശിച്ചു വാഹനത്തില്‍ താൽപര്യം പ്രകടിപ്പിച്ചവരെയാണു എം ജി മോട്ടോർ ഡീലർമാർ ബുക്കിങ് വാഗ്ദാനവുമായി സമീപിക്കുന്നത്. അതേസമയം എം ജി മോട്ടോർ ഇന്ത്യയുടെ ആദ്യ ഡീലർഷിപ്  ദില്ലിയില്‍ ജൂൺ 4ന് ഔപചാരികമായി പ്രവർത്തനം ആരംഭിക്കും. 

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനം യാതാര്‍ത്ഥ്യമായിരിക്കുന്നു. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍സ് ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ ഇന്ത്യയിലെ ആദ്യവാഹനം ഹെക്ടറിന്‍റെ ആദ്യപ്രദര്‍ശനം കഴിഞ്ഞ ദിവസം നടന്നു. മുംബൈയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് അഞ്ചു സീറ്റര്‍ ഹെക്ടറിനെ എംജി മോട്ടോര്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ചത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയർ തുടങ്ങിയവര്‍ എതിരാളികളാകുന്ന വാഹനത്തിനു 16 ലക്ഷം മുതൽ 20 ലക്ഷം വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്  എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ്  ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറായ ഹെക്ടറിനെ  എംജി അവതരിപ്പിക്കുന്നത്. പ്രാരംഭ മോഡലാണ് സ്‌റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. 

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും. പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്‌നോളജി പിന്തുണയുമുണ്ടാകും. മുന്‍ വീല്‍ ഡ്രൈവായാണ് ഹെക്ടര്‍ മോഡലുകള്‍ വിപണിയിലെത്തുക.

എഫ്‌സിഎയില്‍ നിന്നും കമ്പനി കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 14.1 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ ഹെക്ടര്‍ പെട്രോള്‍ മാനുവല്‍ മോഡല്‍ കാഴ്ച്ചവെച്ചത്.

പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ 13.9 കിലോമീറ്ററും ഡീസല്‍ മാനുവല്‍ മോഡല്‍ 17.4 കിലോമീറ്ററുമാവും ഇന്ധനക്ഷമത. പെട്രോള്‍ ഹൈബ്രിഡ് മോഡലിന്റെ ഇന്ധനക്ഷമത കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങള്‍ എംജി ഹെക്ടറില്‍ ഒരുങ്ങും. 

ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവിയായാണ് ഹെക്ടര്‍ കടന്നുവരിക. 4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്.  2,750 mm ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട്.

ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളുടെ പിന്തുണയോടെ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്. കാറിലുള്ള 10.4 ഇഞ്ച് ഹെഡ് യൂണിറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ കാറിന് നിര്‍ദേങ്ങള്‍ നല്‍കാം. 5ജി അധിഷ്ഠിത സിം ആയിരിക്കും കാറില്‍.

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രം കമ്പനി ഏറ്റെടുത്തത് അടുത്തകാലത്താണ്.
 

click me!