
ഇന്ത്യയില്‍ ഉള്‍പ്പാദിപ്പിക്കുന്ന വാഹനങ്ങളെ കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഒരുങ്ങി ചൈനീസ് (Chinese) വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‍സ് ഇന്ത്യ (MG Motors India). ബ്രിട്ടന്‍ (Britain), ദക്ഷിണാഫ്രിക്ക (South Africa) തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ കയറ്റി അയക്കാനുള്ള നീക്കത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിപ്പ് ക്ഷാമം നിലനിൽക്കുന്നുണ്ടെങ്കിലും, രാജ്യത്ത് നിന്നുള്ള കയറ്റുമതി സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള ദീർഘകാല കാഴ്‍ചപ്പാടിന് തയ്യാറെടുക്കുകയാണ് എംജി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുകെയും ദക്ഷിണാഫ്രിക്കയും റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളായതിനാൽ, ഈ രാജ്യങ്ങളിലേക്ക് ഹെക്ടർ എസ്‌യുവികൾ കയറ്റുമതി ചെയ്യുന്നതിനുള്ള അവസരം എംജി ഇപ്പോഴും പര്യവേക്ഷണം ചെയ്യുകയാണ്. "യുകെ വലംകൈ വിപണിയായതിനാൽ ഞങ്ങൾക്ക് യുകെയിൽ നിന്ന് അന്വേഷണങ്ങൾ ലഭിച്ചു. അതിനാൽ, യുകെയിലേക്ക് കയറ്റുമതി ചെയ്യാനുള്ള അവസരവും എംജി ഹെക്ടറും ഞങ്ങൾ പര്യവേക്ഷണം ചെയ്യുകയാണ്," കമ്പനിയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പിടിഐയോട് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ നിന്നുള്ള വണ്ടിക്കയറ്റുമതി തുടങ്ങി ചൈനീസ് കമ്പനി
ദക്ഷിണാഫ്രിക്കയില്‍ എംജിയുടെ പ്രവർത്തനങ്ങൾ തുടങ്ങാനിരിക്കുന്നതെയുള്ളു. കോവിഡ് -19 കാരണം ഇത് വൈകുകയാണ്. "ഇത് തള്ളിക്കളയുന്നില്ല... MG ഓപ്പറേഷൻ ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ചാൽ അതും ഒരു സാധ്യതയുള്ള വിപണിയായിരിക്കും," അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഹെക്ടർ എസ്‌യുവിക്ക് വലത്-കൈ ഡ്രൈവ് രാജ്യങ്ങൾ സാധ്യതയുള്ള കയറ്റുമതി വിപണികളാകാം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എംജി മോട്ടോഴ്‍സ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള കയറ്റുമതി ആരംഭിച്ചിരുന്നു. അയൽ വിപണികളുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ദീർഘകാല തയ്യാറെടുപ്പിലാണ് കമ്പനി. കാർ നിർമ്മാതാവ് അതിന്റെ ആദ്യ ബാച്ച് ഹെക്ടർ എസ്‌യുവികൾ നേപ്പാളിലേക്ക് അയച്ചുകഴിഞ്ഞു, അടുത്ത വർഷം ഹിമാലയൻ രാജ്യത്തെ ലൈനപ്പിലേക്ക് ആസ്റ്ററും ZS ഇവിയും ചേർക്കാനും എംജി പദ്ധതിയിടുന്നു.
വില്‍പ്പന ഇടിഞ്ഞു, നെഞ്ചിടിച്ച് ചൈനീസ് വണ്ടിക്കമ്പനി, കാരണം ഇതാണ്!
ആഭ്യന്തര വിപണിയിൽ ചിപ്പ് ക്ഷാമവും വില്‍പ്പന ഇടിവും ഉണ്ടായിരുന്നിട്ടും കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എംജി ഇന്ത്യ. ദീർഘകാല വീക്ഷണത്തോടെ ഭാവിയിലേക്ക് തയ്യാറെടുക്കുകയാണെന്നാണ് ഇതിന് കാരണമായി എംജി പറയുന്നത്. ഈ കയറ്റുമതി ദീർഘകാലത്തേക്കുള്ളതാണെന്നും കമ്പനി ഇപ്പോൾ വിപണിയിൽ വിത്തുപാകുകയാണെന്നും രാജീവ് ചാബ പറയുന്നു. വിപണി ശൃംഖല വികസിപ്പിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ചൈനീസ് വാഹന ഭീമനായ SAICന്‍റെ കീഴിലുള്ള ബ്രിട്ടീഷ് വാഹന ബ്രാൻഡാണ് എംജി മോട്ടോർ ഇന്ത്യ. 2019 ജൂണ്‍ 27നാണ് ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവിയുമായി കമ്പനിയുടെ വരവ്. പിന്നാലെ മൂന്നു മോഡലുകള്‍ കൂടി അവതരിപ്പിച്ചാണ് കമ്പനി വാഹനലോകത്തെ അമ്പരപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. നാല് വാഹനങ്ങളാണ് നിലവില്‍ എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS, ആസ്റ്റര്‍ എന്നിവയാണ് എം.ജിയുടെ വാഹനനിര.