Latest Videos

ഗുജറാത്തിനായി ഹെക്ടറിനെ ആംബുലന്‍സാക്കി മാറ്റിപ്പണിത് ചൈനീസ് വണ്ടിക്കമ്പനി!

By Web TeamFirst Published May 4, 2020, 10:00 AM IST
Highlights

ഹെക്ടര്‍ എസ്‍യുവിയെ അടിസ്ഥാനപ്പെടുത്തി ഒരു ആംബുലൻസ് നിർമ്മിച്ച് വഡോദരയിലെ  ആരോഗ്യ അധികൃതർക്ക് നൽകി എം ജി മോട്ടോഴ്‍സ്

കൊവിഡ് പ്രതിരോധത്തിനായി ഹെക്ടര്‍ എസ്‍യുവിയെ അടിസ്ഥാനപ്പെടുത്തി ആംബുലൻസ് നിർമ്മിച്ച് വഡോദരയിലെ  ആരോഗ്യ അധികൃതർക്ക് നൽകി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോഴ്‍സ്. വെറും പത്ത് ദിവസം കൊണ്ടാണ് സാധാരണ ഒരു എംജി ഹെക്ടർ മോഡലിനെ ആംബുലൻസ് രീതിയിലേക്ക് കമ്പനി മാറ്റിയത്.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നടരാജ് മോട്ടോർ ബോഡി ബിൽഡേഴ്സുമായി സഹകരിച്ചാണ് എംജി മോട്ടോഴ്സ് ഹെക്ടർ ആംബുലൻസ് നിർമ്മിച്ചത്. ഓട്ടോ ലോഡിങ് സ്ട്രക്ചർ, ഓക്സിജൻ സിലിണ്ടർ, അറ്റൻഡന്റിനു   ജമ്പർ സീറ്റ്, ഫയർ എക്സ്റ്റിംഗ്യൂഷർ, 5 പരാമീറ്റർ മോണിറ്ററോട് കൂടിയ മെഡിസിൻ കാബിനറ്റ്, ഇന്റെര്ണൽ ലൈറ്റുകൾ, മുകളിൽ ടോപ്പ് ബാർ ലൈറ്റ്, സൈറൺ, ആംപ്ലിഫയർ,  ഇൻവെർട്ടർ,  ബാറ്ററി മറ്റു അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഈ വാഹനത്തിൽ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. എം‌ജി മോട്ടോർ ഇന്ത്യയും ഗുജറാത്തിലെ കൃഷി, പരിസ്ഥിതി, പഞ്ചായത്ത് സഹമന്ത്രി ജയരത്ന സിംഗ് പർമറും ചേർന്ന് ഹെക്ടർ ആംബുലൻസ് എച്ച്സി ഹാലോൽ ആശുപത്രിയ്ക്ക് കൈമാറി. 

എംജി മോട്ടോഴ്സ് ഇപ്പോൾ വാഹനങ്ങൾ സ്റ്റെറിലൈസ് ചെയ്യാനുള്ള ടെക്നോളജി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഹാലോളിലെ  തങ്ങളുടെ മാനുഫാക്ചറിംഗ് പ്ലാന്റിന്റെ  അടുത്തുതന്നെ സ്ത്രീകൾക്കായി പ്രത്യേക ലേഡീസ് ഹോസ്റ്റലും എം ജി നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. 

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സ് വെന്റിലേറ്റര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിക്കാനൊരുങ്ങി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‍സ്.എംജിയും മാക്‌സുമായി ചേര്‍ന്ന് ആദ്യഘട്ടമായി പ്രതിമാസം 300 വെന്റിലേറ്ററുകളായിരിക്കും നിര്‍മിക്കുക. രണ്ടാം ഘട്ടത്തില്‍ ഇത് 1000 ആയി ഉയര്‍ത്താനാണ് ഇരു കമ്പനികളുടെയും ലക്ഷ്യം. ആശുപത്രികളുമായും ആരോഗ്യ മന്ത്രാലയവുമായും ബന്ധപ്പെട്ട ശേഷം ആവശ്യം പരിഗണിച്ചും  പിന്നീട് വെന്റിലേറ്റര്‍ നിര്‍മാണം ഉയര്‍ത്തും. 

എംജിയുടെ ഹാലോല്‍ പ്ലാന്റിലായിരിക്കും വെന്റിലേറ്ററുകള്‍ നിര്‍മിക്കുക. നേരത്തെ രോഗ്യപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനായി രണ്ടുകോടി രൂപയുടെ ധനസഹായം എംജി മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയ്ക്കുമായി 100 ഹെക്ടര്‍ എസ്‌യുവികളും  ഇന്ധനവും ഡ്രൈവര്‍മാരേയും കമ്പനി വിട്ടുനല്‍കിയിരുന്നു.   

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി. രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ് വാഹനം. 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.

നിലവില്‍ അഞ്ച് സീറ്ററായ ഈ വാഹനത്തിന്‍റെ ഏഴ് സീറ്റര്‍ പതിപ്പായ ഹെക്ടര്‍ പ്ലസിനെ 2020 ഓട്ടോ എക്സ്പോയില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ജൂണ്‍ മാസത്തോടെ ഈ വാഹനത്തിന്റെ അരങ്ങറ്റം വിപണിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!