ടയറുകള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്രം

By Web TeamFirst Published May 23, 2021, 3:32 PM IST
Highlights

റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്

രാജ്യത്തെ നാലുചക്ര വാഹനങ്ങളുടെ ടയറുകള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. റോഡ് ഗതാഗത ദേശീയപാത മന്ത്രാലയമാണ് കരട് വിജ്ഞാപനം പുറത്തിറക്കിയതെന്ന് ഇക്കണോമിക്ക് ടൈംസ് ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനങ്ങളുടെ മൈലേജും സുരക്ഷയും കണക്കിലെടുത്തുകൊണ്ടുള്ള മാനദണ്ഡങ്ങളാണ് കരട് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടയറുകളുടെ ഗുണമേന്മയും പെര്‍ഫോമന്‍സും വാഹനത്തിനുള്ള സുരക്ഷ വര്‍ധിക്കുമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുത്തു. പാതകളില്‍ ടയറുകള്‍ ഉരുളുമ്പോഴുള്ള ഘര്‍ഷണം, ഉരുളുമ്പോഴുണ്ടാകുന്ന ശബ്ദം, നനഞ്ഞ പ്രതലങ്ങളിലെ ഗ്രിപ്പ് എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്.  ടയറുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതിന് മുന്നോടിയായാണ് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  കാറുകള്‍, ബസുകള്‍, ഹെവി വാഹനങ്ങള്‍ക്കായി ടയറുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ടയര്‍ കമ്പനികളും ഇറക്കുമതി ചെയ്യുന്നവരും നിര്‍ദിഷ്‍ട മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടി വരും. 

ഈ വര്‍ഷം ഒക്‌ടോബര്‍ മുതല്‍  വിപണിയിലേക്കെത്തുന്ന ടയറുകള്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയായിരിക്കണമെന്നും നിലവിലെ ടയര്‍ മോഡലുകള്‍ക്ക് 2022 ഒക്‌ടോബര്‍ വരെ സാവകാശം നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  യൂറോപ്പ് പോലുള്ള വിപണികളില്‍ 2016 മുതല്‍ ഇത്തരം മാനദണ്ഡങ്ങള്‍ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!