ഇറ്റാലിയൻ കരുത്തുമായി മോട്ടോ ഗുസി വി85 ടിടി ഇന്ത്യയില്‍

By Web TeamFirst Published Feb 15, 2020, 8:05 PM IST
Highlights

ഇറ്റാലിയൻ ഇരുചക്ര വാഹനനിർമാതാക്കളായ മോട്ടോ ഗുസിയുടെ അഡ്വഞ്ചര്‍ ബൈക്കായ വി85 ടിടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ഇറ്റാലിയൻ ഇരുചക്ര വാഹനനിർമാതാക്കളായ മോട്ടോ ഗുസിയുടെ അഡ്വഞ്ചര്‍ ബൈക്കായ വി85 ടിടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 12.64 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 

എല്ലാ ഭൂപ്രദേശങ്ങളും എന്ന് അര്‍ത്ഥം വരുന്ന ടുട്ടോ ടെറേനോ എന്നീ ഇറ്റാലിയന്‍ വാക്കുകളുടെ ചുരുക്കെഴുത്താണ് ടിടി. റെട്രോ ലുക്ക് ലഭിച്ചിരിക്കുന്ന ഈ മോട്ടോര്‍സൈക്കിള്‍  ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, വലിയ വ്യാസമുള്ള സ്‌പോക്ക് വീലുകള്‍, വലിയ ഇന്ധന ടാങ്ക്, ഡുവല്‍ സ്‌പോര്‍ട്ട് ടയറുകള്‍ എന്നീ സവിശേഷതകളോടെയാണ് എത്തുന്നത്. 

ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവയുടെ പ്രവര്‍ത്തന തോത് ഓഫ്‌റോഡ്, റെയ്ന്‍, റോഡ് എന്നീ മോഡുകള്‍ അനുസരിച്ച് വ്യത്യാസപ്പെടും. ക്രൂസ് കണ്‍ട്രോള്‍ സെറ്റിംഗ്‌സ് സ്‌ക്രീനില്‍ ലഭിക്കും. ബ്ലൂടൂത്ത് മള്‍ട്ടിമീഡിയ സവിശേഷതയാണ്. ഫുള്‍ കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ ഉണ്ട്.

853 സിസി, എയര്‍ കൂള്‍ഡ്, ട്രാന്‍സ്‌വേഴ്‌സ് വി ട്വിന്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 80 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ചെയിന്‍ ഒഴിവാക്കി ഷാഫ്റ്റ് വഴിയാണ് പിന്‍ ചക്രത്തിലേക്ക് കരുത്ത് എത്തിക്കുന്നത്. 23 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. കര്‍ബ് വെയ്റ്റ് 229 കിലോഗ്രാം. 

മോട്ടോ ഗുസി വി85 ടിടി പുതിയ സ്റ്റീല്‍ ട്യൂബ് ഫ്രെയിമിലാണ് നിര്‍മിച്ചത്. ട്യൂബ് ടയറുകള്‍ ഉപയോഗിക്കുന്നു. സസ്‌പെന്‍ഷന്‍ നിര്‍വഹിക്കാൻ യുഎസ്ഡി ഫോര്‍ക്കും ഓഫ്‌സെറ്റ് മോണോഷോക്കും ഉണ്ട്. രണ്ടിടത്തും പ്രീലോഡ് ക്രമീകരിക്കാന്‍ കഴിയും. മുന്നില്‍ 19 ഇഞ്ച് ചക്രത്തിലും പിന്നില്‍ 17 ഇഞ്ച് ചക്രത്തിലുമാണ് മോട്ടോ ഗുസി വി85 ടിടി വരുന്നത്.

ട്രയംഫ് ടൈഗര്‍ 900, ബിഎംഡബ്ല്യു എഫ് 850 ജിഎസ് എന്നിവയാണ് എതിരാളികള്‍. എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതല്ല. അതുകൊണ്ടുതന്നെ ഏപ്രില്‍ ഒന്ന് വരെ മാത്രമായിരിക്കും വില്‍പ്പന എന്നാണ് റിപ്പോർട്ടുകള്‍. 

click me!