വാഹനാപകടം; രക്ഷകരെ രക്ഷിക്കാന്‍ പുതിയ നിയമവുമായി സര്‍ക്കാര്‍!

By Web TeamFirst Published Mar 10, 2020, 3:18 PM IST
Highlights

വാഹനാപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവരെ സംരക്ഷിക്കാന്‍ മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യുന്നു

ദില്ലി: നിരത്തുകളില്‍ വാഹനാപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹനനിയമം ഭേദഗതിചെയ്യുന്നതായി റിപ്പോര്‍ട്ട്. 

പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലെത്തിക്കുന്നയാളിനെ നിര്‍ബന്ധിച്ച് ദൃക്സാക്ഷികളാക്കാന്‍ പൊലീസ് ഓഫീസര്‍ക്ക് അധികാരമില്ല എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളുള്‍പ്പെടുത്തി കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടത്തില്‍ മാറ്റംവരുത്താനാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് നടപടികളും കേസും ഭയന്ന് വാഹനാപകടങ്ങളില്‍ പരിക്കേറ്റ് റോഡരികില്‍ കിടക്കുന്നവരെ രക്ഷിക്കാന്‍  പലരും ഇപ്പോള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ ഈ നീക്കം. നിയമ ഭേദഗതിനിര്‍ദേശത്തിന്റെ കരട് പുറത്തിറക്കിയിയെന്നാണ് സൂചന. 

പരിക്കേറ്റവരുമായി ആശുപത്രിയില്‍ എത്തുന്നവര്‍ കേസില്‍ ദൃക്സാക്ഷിയാകാന്‍ സ്വമേധയാ സമ്മതിച്ചാല്‍ അയാളില്‍നിന്ന് ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്കുവിധേയമായി മൊഴിയെടുക്കാം എന്നും ഇവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തും സമയത്തുമായിരിക്കണം ചോദ്യംചെയ്യല്‍ എന്നു കരട് നിര്‍ദ്ദേശത്തില്‍ പറയുന്നു. 

ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കാന്‍ തയ്യാറായാല്‍ കാലതാമസംകൂടാതെ മൊഴിയെടുക്കണം എന്നും ഇവര്‍ താത്പര്യപ്പെട്ടാല്‍ ക്രിമിനല്‍ നടപടിച്ചട്ടം 296-ാം വകുപ്പുപ്രകാരം തെളിവുകള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ അനുവദിക്കണം എന്നും നിര്‍ദ്ദശത്തില്‍ പറയുന്നു. 

മാത്രമല്ല മൊഴിയെടുക്കാന്‍ എത്തുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ യൂണിഫോമിനു പകരം മഫ്‍ത്തിയിലായിരിക്കണം എത്തേണ്ടതെന്നും മൊഴിയെടുക്കല്‍ ഒറ്റത്തവണകൊണ്ടു പൂര്‍ത്തിയാക്കാന്‍ പരമാവധി ശ്രമിക്കണമെന്നും മൊഴിയെടുക്കല്‍ സമയബദ്ധമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മജിസ്ട്രേറ്റ് കോടതിക്ക് കമ്മിഷനെ നിയോഗിക്കാം എന്നും കരട് നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

click me!