നാടക വണ്ടിയില്‍ ബോര്‍ഡ് വച്ചതിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്; സോഷ്യല്‍ മീഡിയയില്‍ വിവാദം

By Web TeamFirst Published Mar 4, 2020, 10:05 PM IST
Highlights

യാത്രക്കിടയില്‍ നാടക ട്രൂപ്പിന്‍റെ വാഹനം പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് വാഹനത്തില്‍ ബോര്‍ഡ് വച്ചതിന് പിഴ ചുമത്തി.

തിരുവനന്തപുരം: തിയേറ്റര്‍ ട്രൂപ്പിന്‍റെയും നാടകത്തിന്‍റെയുമെല്ലാം ബോര്‍ഡുവച്ച് പാഞ്ഞുപോകുന്ന ധാരാളം നാടകവണ്ടികള്‍ കണ്ടിട്ടുണ്ടാകും. ഇനി അതില്ലെങ്കില്‍ തന്നെ മാന്നാര്‍ മത്തായി സ്പീംക്കിംഗ് എന്ന സിനിമയിലെ ഉര്‍വശി തിയേറ്റേഴ്സ് എന്ന ബോര്‍ഡെങ്കിലും കാണാത്തവരുണ്ടാകില്ലല്ലോ? ഇങ്ങനെ നാടക വണ്ടിയില്‍ ബോര്‍ഡ് വച്ച് നാടകം കളിക്കാന്‍ പോകുന്നതിനിടയില്‍ ആലുവ അശ്വതി തിയേറ്റേഴ്സിലെ അംഗങ്ങള്‍ക്കുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചാവിഷയം.

യാത്രക്കിടയില്‍ വാഹനം പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് വാഹനത്തില്‍ ബോര്‍ഡ് വച്ചതിന് പിഴ ചുമത്തി. 24000 രൂപയാണ് പിഴ ചുമത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വനിതാ ഇന്‍സ്പെക്ടര്‍ ഇവരുടെ വാഹനത്തിലെ ബോര്‍ഡിന്‍റെ അളവെടുപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

ഞങ്ങളുടെ നാടകം മുടങ്ങുമെന്നും ഇതൊരു വലിയ തെറ്റാണോ എന്നുമെല്ലാം വാഹനത്തിലുണ്ടായിരുന്ന നാടകപ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ മറ്റൊരാള്‍ അല്‍പ്പം ദേഷ്യത്തോടെ സംസാരിക്കുന്നതും കേള്‍ക്കാം. ഇതിനോടെല്ലാം സംയമനത്തോടെ പ്രതികരിച്ച ഓഫീസര്‍ എന്നാല്‍ ബോര്‍ഡ് അളക്കുന്നതില്‍ നിന്നോ പിഴ ചുമത്തുന്നതില്‍ നിന്നോ പിന്നോട്ടുപോയില്ല. 

എന്നാല്‍ ''ഇത്  കഷ്ടപ്പെട്ട് ജീവിക്കുന്നവരുടെ വയറ്റത്തടിക്കലാണ്'' എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന പ്രതികരണം. പ്രമുഖ നാടകപ്രവര്‍ത്തകരെല്ലാം മോട്ടോര്‍ വാഹനവകുപ്പിന്‍റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 

'' വിശപ്പാണ് സാറേ പ്രശ്നം ......., ഒരാളുടേതല്ല പത്ത് പതിനഞ്ച് കുടുംബങ്ങളുടെ അരിപ്രശ്നമാണ്. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ നടക്കണമെന്ന് വിലയ ആഗ്രഹം അങ്ങയെപ്പോലെ തന്നെ തങ്ങൾക്കുമുണ്ട് . പക്ഷേ , അതൊന്നും ദേ ഇതുപോലെ ചില മുട്ടാപ്പോക്കു ന്യായങ്ങളുടെ പുറത്താവരുത് സാറേ...'' - എന്നാണ് ചിലരുടെ പ്രതികരണം. 

click me!