ജീപ്പിന്‍റെ ആ സ്വപ്‍ന മോഡല്‍ ഇന്ത്യയില്‍ ആദ്യം; ഡ്രൈവിംഗ് സീറ്റില്‍ ധോണി

By Web TeamFirst Published Sep 21, 2019, 3:39 PM IST
Highlights

സോഷ്യല്‍ മീഡിയയില്‍ താരമായി ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും അദ്ദേഹത്തിന്‍റെ കിടിലന്‍ ജീപ്പും

സോഷ്യല്‍ മീഡിയയില്‍ താരമായി ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും അദ്ദേഹത്തിന്‍റെ കിടിലന്‍ ജീപ്പും.  ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ധോണി സ്വന്തമാക്കിയ ജീപ്പ് മോഡലായ  ഗ്രാന്‍റ് ചെറോക്കി ട്രാക്ക്‌ഹോക്ക് ഡ്രൈവ് ചെയ്യുന്ന എം എസ് ധോണിയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. 

ഓഗസ്റ്റ് ആദ്യവാരമാണ് അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ഗ്രാന്റ് ചെറോക്കി ട്രാക്ക്‌ഹോക്ക് ധോണി തന്‍റെ ഗാരേജിലെത്തിക്കുന്നത്. കോംപസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തില്‍ സജീവ സാന്നിധ്യമാണെങ്കിലും ട്രാക്ക്‌ഹോക്കിനെ ആദ്യമായി  ഇന്ത്യയിലെത്തിച്ചത് ധോണിയാണ്. ധോണിയുടെ ഭാര്യ സാക്ഷി ധോണി തന്നെയാണ് അന്ന് ഇക്കാര്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അവകാശപ്പെട്ടത്. 

ഇന്ത്യയില്‍ വില്‍പനയ്ക്കില്ലാത്ത ഈ മോഡല്‍ ധോണിക്ക് വേണ്ടി ഇറക്കുമതി ചെയ്‍തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍  ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഗ്രാന്റ് ചെറോക്കി എസ്ആര്‍ടി മോഡലിന് സമാനമാണ് ചെറോക്കി ട്രാക്ക്‌ഹോക്ക്.  മാസീവ് 6.2 ലിറ്റര്‍ വി8 എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 707 ബിഎച്ച്പി പവറും 875 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. ജീപ്പ് നിരയിലെ ഏറ്റവും കരുത്തുറ്റതും ഏറ്റവും വേഗമേറിയ എസ്‍യുവിയും ഇതാണ്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താന്‍ 3.62 സെക്കന്‍ഡ് മതി ചെറോക്കി ട്രാക്ക്‌ഹോക്കിന്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്‍മിഷന്‍.  ഏകേദശം 1.12 കോടി രൂപയോളമാകും വാഹനത്തിന്‍റെ ഇന്ത്യന്‍ വില

വാഹനപ്രേമിയായ ധോണിയുടെ ശേഖരത്തില്‍ ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച് 2, ജിഎംസി സിയേറ എന്നീ ആഡംബര വാഹനങ്ങളുണ്ട്. കാറുകളോട് മാത്രമല്ല സൂപ്പര്‍ ബൈക്കുകളോടും ധോണിക്ക് കമ്പമുണ്ട്. കാവസാക്കി നിഞ്ജ എച്ച് 2, കോണ്‍ഫഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുഷ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ വിലകൂടിയ ബൈക്കുകളുടെ ശേഖരവും ധോണിക്കുണ്ട്.

click me!