ചാര്‍ജ്ജ് തീര്‍ന്നാല്‍ സൈക്കിള്‍ പോലെ ചവിട്ടാം, കിടിലന്‍ ഇലക്ട്രിക് ബൈക്കുകളുമായി ഒരു കമ്പനി

By Web TeamFirst Published Sep 21, 2019, 12:41 PM IST
Highlights

പെഡല്‍ അസിസ്റ്റഡ് ഇലക്ട്രിക് മോട്ടോറാണ് പൊളാരിറ്റി ഇലക്ട്രിക് ബൈക്കിന്റെ പ്രധാന പ്രത്യേകത. 

പുത്തന്‍ സ്‍മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകളുമായി പുണെ ആസ്ഥാനമായ സ്റ്റാർട്ട്അപ്പ് കമ്പനിയായ പോളാരിറ്റി സ്‍മാർട്ട് ബൈക്സ്. സ്‌പോര്‍ട്‌സ്, എക്‌സിക്യൂട്ടീവ് എന്നീ റേഞ്ചിലായി ആറ് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 

സ്‌പോര്‍ട്‌സ് വിഭാഗത്തിലായി എസ്1 കെ, എസ്2 കെ, എസ്3 കെ എന്നീ മോഡലുകളും എക്‌സിക്യൂട്ടീവില്‍ ഇ1 കെ, ഇ2 കെ, ഇ3 കെ മോഡലുകളുമാണുള്ളത്. 38,000 മുതല്‍ 1.10 ലക്ഷം വരെയാണ് ഈ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകളുടെ വില. 

പെഡല്‍ അസിസ്റ്റഡ് ഇലക്ട്രിക് മോട്ടോറാണ് പൊളാരിറ്റി ഇലക്ട്രിക് ബൈക്കിന്റെ പ്രധാന പ്രത്യേകത. ഓട്ടത്തിനിടെ ചാര്‍ജ്ജ് തീര്‍ന്നു പോയാല്‍ പെഡല്‍ ചവിട്ടിയും ഈ ബൈക്ക് ഓടിക്കാം. ചവിട്ടുന്നതിനനുസരിച്ച് ബാറ്ററിയിലേക്ക് ചാര്‍ജ് കയറുകയും ചെയ്യും. ഒറ്റചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ബാറ്ററി റേഞ്ച്. 

സ്റ്റാന്റേര്‍ഡ് ഹോം ചാര്‍ജറിന് പുറമേ ഓപ്ഷണലായി ഫാസ്റ്റ് ചാര്‍ജറും ഇതിലുണ്ട്. ഉയര്‍ന്ന മോഡലിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗത. എന്‍ട്രി ലെവല്‍ മോഡലില്‍ 40 കിലോമീറ്ററും. ലിഥിയം അയേണ്‍ ബാറ്ററിക്കൊപ്പം 1-3 കിലോവാട്ട് ബിഎല്‍ഡിസി ഇലക്ട്രിക് ഹബ് മോട്ടോറാണ് പൊളാരിറ്റിയുടെ സ്മാര്‍ട്ട് ബൈക്കുകളിലുള്ളത്. ബാറ്ററി കുറഞ്ഞത് 1000 തവണയെങ്കിലും ചാർജ് ചെയ്തു ഉപയോഗിക്കാമെന്ന് പൊളാരിറ്റി അവകാശപ്പെടുന്നു. കൂടാതെ ബാറ്ററികൾക്ക് 3 വർഷ വാറൻറിയുമുണ്ട്.

സ്‍മാര്‍ട്ട് ബൈക്കിനുള്ള പ്രീബുക്കിങ് കമ്പനി തുടങ്ങിക്കഴിഞ്ഞു. 2020 മുതല്‍ മോഡലുകളുടെ വിതരണം തുടങ്ങും. 
 

click me!