
ഗതാഗത നിയമലംഘനം നടത്തി പിഴയൊടുക്കാതെ മുങ്ങി നടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി മുംബൈ പൊലീസ്. ഇത്തരക്കാര്‍ക്കെതിരെ കോടതിയുടെ സഹായത്തോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ് മുംബൈ പൊലീസിന്‍റെ നീക്കം. പിഴയിനത്തില്‍ ലഭിക്കാനുള്ള തുക 80 കോടി കടന്നതിനെ തുടര്‍ന്നാണ് ട്രാഫിക് പൊലീസിന്‍റെ ഈ നീക്കം.
ട്രാഫിക് പൊലീസ് നല്‍കിയിട്ടുള്ള 27 ലക്ഷം ഇ-ചലാനുകളാണ് പിഴയൊടുക്കാനുള്ളത്. ഇതില്‍ തന്നെ 9000 വാഹനങ്ങള്‍ 5000 രൂപയും അതിന് മുകളിലും പിഴയൊടുക്കാനുള്ളവയും ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ളതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ചലാന്‍ കൈപ്പറ്റിയിട്ടും പിഴയൊടുക്കാത്തവരെ പൊലീസ് വീണ്ടും ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്. എസ്എംഎസുകളിലൂടെയും കത്തുകളിലൂടെയുമാണ് പൊലീസ് ഇവരെ വിവരം അറിയിക്കുന്നത്. ഡിസംബര്‍ ഒന്നിന് ശേഷവും പിഴ അടച്ചില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് ഉള്‍പ്പെടെയുള്ള കടുത്ത നടപടിയിലേക്ക് കടക്കും.
എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പിഴ കുറവാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഗതാഗത നിയമലംഘനങ്ങളുടെ പിഴയിനത്തില്‍ 139 കോടി രൂപ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ഇത് 100 കോടി പോലും ലഭിച്ചിട്ടില്ലെന്നാണ് സൂചന.