
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് കൊച്ചിയില്‍ നടത്തിയ 'ഓപ്പറേഷന്‍ ഫ്രീക്കനി'ല്‍ രൂപമാറ്റം വരുത്തിയ 65 വാഹനങ്ങള്‍ പിടിയിലായി. വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ പുലരും വരെ പനമ്പിള്ളി നഗറില്‍ നടത്തിയ പരിശോധനയിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൈബീം ഹെഡ് ലൈറ്റുകളും കാതടപ്പിക്കുന്ന ശബ്ദവുമായി റോഡില്‍ പാഞ്ഞ വാഹനങ്ങളാണ് പിടിയിലായത്. ഇതില്‍ 10 ലക്ഷം രൂപ വരെ മുടക്കി മോടിപിടിപ്പിച്ച ജീപ്പ് ഉള്‍പ്പെടെ പിടിയിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ മൂന്ന് വാഹനങ്ങളുടെ ഉടമകളെ തേടി വീട്ടിലെത്തി അധികൃതര്‍ കേസെടുത്തു. ഇടവഴികളില്‍ നിര്‍ത്തിയിട്ട് പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനങ്ങളില്‍ നോട്ടീസ് പതിച്ചു. ഈ വാഹനങ്ങള്‍, രേഖകള്‍ ഉള്‍പ്പെടെ അടുത്ത ദിവസം ഹാജരാക്കിയില്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
പരിശോധനക്കിടയില്‍ രംഗത്തുവന്ന നാട്ടുകാര്‍ റോഡില്‍ അഭ്യാസം കാണിക്കുന്ന വാഹനങ്ങളുടെ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയതായും സൂചനകളുണ്ട്.