ഇന്ത്യക്ക് മുന്നില്‍ എതിരാളികള്‍ ഇനി ഒന്നുകൂടി വിറയ്ക്കും!

By Web TeamFirst Published Mar 25, 2019, 12:08 PM IST
Highlights

അമേരിക്കന്‍ വ്യോമസേനയുടെ കരുത്തന്‍ ചിനൂക് ഹെലികോപ്റ്ററുകൾ ഇനി ഇന്ത്യൻ വ്യോമസേനയുടെയും ഭാഗം

ദില്ലി: അമേരിക്കന്‍ വ്യോമസേനയുടെ കരുത്തന്‍ ചിനൂക് ഹെലികോപ്റ്ററുകൾ ഇനി ഇന്ത്യൻ വ്യോമസേനയുടെയും ഭാഗം. സിയാച്ചിനും ലഡാക്കും പോലെ വളരെ ഉയര്‍ന്ന മേഖലകളില്‍പ്പോലും സൈനികവിന്യാസം സാധ്യമാക്കുന്ന നാല് അത്യാധുനിക ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് വ്യോമസേനയുടെ ഭാഗമാവും. ചണ്ഡീഗഢിലെ വ്യോമതാവളത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ പങ്കെടുക്കും. വ്യോമസേനാമേധാവി ബി എസ് ധനോവ ഹെലികോപ്റ്ററുകള്‍ സേനയ്ക്കു കൈമാറും.

സി.എച്ച്.47എഫ്. (1) വിഭാഗത്തില്‍പ്പെട്ട നാല് ഹെലികോപ്റ്ററുകള്‍ കഴിഞ്ഞമാസം കപ്പല്‍മാര്‍ഗം ഗുജറാത്തിലെ മുണ്ഡ്ര തുറമുഖത്ത് എത്തിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയായ ബോയിംഗ് നിര്‍മ്മിക്കുന്ന ഈ  ഹെലികോപ്റ്ററുകള്‍ 15 എണ്ണം വാങ്ങാന്‍ ഏകദേശം 10,000 കോടി രൂപയുടെ കരാറാണ് ഇന്ത്യ ഒപ്പിട്ടത്. ഇതിലെ ആദ്യ ബാച്ചിലെ നാലെണ്ണമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. 

അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങളിൽ യുഎസ് സേനയ്ക്കു കരുത്തു പകർന്ന ഈ ഹെലികോപ്റ്ററുകള്‍ നിലവിൽ ലോകത്തുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്ന്. 1962ലാണ് ചിനൂക്ക് ആദ്യമായി ആകാശം കാണുന്നത്. നിലവിൽ അമേരിക്ക,  ഇറാൻ, ഇറ്റലി, ജപ്പാൻ ഒമാൻ, സ്പെയിൻ, ഓസ്ട്രേലിയ, അർജന്റീന, സൗത്ത് കൊറിയ, യു കെ തുടങ്ങി നിരവധി രാജ്യങ്ങളിലെ സേനകളുടെ ഭാഗമാണ് ഈ ഹെലികോപ്റ്ററുകള്‍. 

വിവിധോദ്ദേശ്യ ഹെലികോപ്റ്ററായ ചിനൂക് ചിഎച്ച്–എഫ് ഹെലികോപ്റ്ററിന്റെ അത്യാധുനിക പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്. എതിരാളികളെക്കാള്‍ കൂടിയ വേഗമാണ് ചിനൂകിന്റെ പ്രത്യേകത. മണിക്കൂറിൽ 302 കിലോമീറ്ററാണ് പരമാവധി വേഗം. ഏകദേശം 741 കിലോമീറ്റർ വരെ 6100 മീറ്റർ ഉയരത്തിൽ വരെ ഒറ്റയടിക്ക് പറക്കാനാവും. വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയയന്ത്രങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ എത്തിക്കുയാണ് ചിനൂക്കിന്‍റെ പ്രധാന ദൗത്യം. 

10886 കിലോഗ്രാം ഭാരം വഹിക്കാനും ഈ കരുത്തനാകും.  മൂന്നു പേരാണ് ചിനൂക്കിലെ ക്രൂ. അവരെ കൂടാതെ 33 മുതൽ 35 വരെ സൈനികരേയും വഹിക്കാനാവും. 3529 കിലോവാട്ട് വീതമുള്ള രണ്ട് ടർബോ ഷാഫ്റ്റ് എൻജിനാണ് ഹെലികോപ്റ്ററിന്‍റെ ഹൃദയം. വിവിധ മോഡലുകളിലായി ഇതുവരെ ഏകദേശം 1500ൽ അധികം ഹെലികോപ്റ്ററുകൾ കമ്പനി നിർമിച്ചിട്ടുണ്ട്.  

ടാങ്കുകളടക്കമുള്ള 12 ടണ്‍വരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷി ഈ ഹെലികോപ്റ്ററുകള്‍ക്കുണ്ട്. യുദ്ധമുഖത്ത് പെട്ടെന്ന് സൈനികരെയെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേരെ ഒരേസമയം ഒഴിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകള്‍. 55 യാത്രക്കാരെ ഒരേ സമയം ഹെലികോപ്റ്റര്‍ ഉള്‍കൊള്ളും.

ചിനൂക്ക് എത്തുന്നതോടെ ഇന്ത്യൻ വ്യോമ സേനയുടെ കരുത്തുകൂടുകയാണ്. ചിനൂക്ക് പറത്തുന്നതിനായി കഴിഞ്ഞ ഒക്ടോബറില്‍ വ്യോമസേനയിലെ നാലു പൈലറ്റുമാര്‍ക്കും ഫ്‌ളൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും ബോയിങ് അമേരിക്കയിലെ ഡെലാവെയറില്‍ പരിശീലനം നല്‍കിയിരുന്നു.

click me!