സൈലന്‍സര്‍ ശബ്‍ദം കൂട്ടാനും കുറയ്ക്കാനും ഡ്രൈവര്‍ക്ക് രഹസ്യ സ്വിച്ച്, ട്രിക്ക് കണ്ടുഞെട്ടി എംവിഡി!

Web Desk   | Asianet News
Published : Oct 07, 2021, 03:47 PM ISTUpdated : Oct 07, 2021, 03:54 PM IST
സൈലന്‍സര്‍ ശബ്‍ദം കൂട്ടാനും കുറയ്ക്കാനും ഡ്രൈവര്‍ക്ക് രഹസ്യ സ്വിച്ച്, ട്രിക്ക് കണ്ടുഞെട്ടി എംവിഡി!

Synopsis

കാറിന്‍റെ സൈലൻസറിൽ ഘടിപ്പിച്ചിട്ടുള്ള വാൽവ് ഡ്രൈവർക്ക് അകത്തിരുന്ന് നിയന്ത്രിക്കാൻ കഴിയുന്നവിധത്തിലാണ് സജ്ജീകരിച്ചിരുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍. 

തിരുവനന്തപുരം:  സൈലൻസറിൽ (Silencer) അമിതശബ്‍ദമുണ്ടാക്കാൻ പ്രത്യേക സംവിധാനങ്ങള്‍ സജ്ജീകരിച്ച കാറുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ (MVD) പിടികൂടി. തലസ്ഥാനത്ത് പാറശ്ശാലയിലാണ് (Parassala) പ്രത്യേക സജ്ജീകരണങ്ങളോടെ രണ്ടു കാറുകളെ എംവിഡി പൊക്കിയത്. കാറിന്‍റെ സൈലൻസറിൽ ഘടിപ്പിച്ചിട്ടുള്ള വാൽവ് ഡ്രൈവർക്ക് അകത്തിരുന്ന് നിയന്ത്രിക്കാൻ കഴിയുന്നവിധത്തിലാണ് സജ്ജീകരിച്ചിരുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ദിവസം നടത്തിയ വാഹനപരിശോധനയിലാണ് റോഡിലൂടെ അമിതവേഗത്തിലും ശബ്‍ദത്തിലും കടന്നുപോയ രണ്ട് കാറുകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. നിർത്താതെപോയ ഈ വാഹനങ്ങളെ ഉദ്യോഗസ്ഥർ പിന്തുടർന്നു. ഒടുവില്‍ കുറുങ്കൂട്ടിയിൽവെച്ച് പിടികൂടുകയായിരുന്നു. 

എന്നാല്‍ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ സൈലൻസറിലെ ശബ്‍ദം ആദ്യം കേട്ടതില്‍ നിന്ന് വ്യത്യസ്‍തമായിരുന്നു. സാധാരണ നിലയിലേക്ക് ശബ്‍ദം കുറഞ്ഞിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ശബ്‍ദം നിയന്ത്രിക്കുന്നതിനായി ഒരുക്കിയ പ്രത്യേക സംവിധാനം കണ്ടെത്തിയത്. കാറിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ഒരു പ്രത്യേകതരം സ്വിച്ചായിരുന്നു ഈ സംവിധാനം. ഈ സ്വിച്ച് ഉപയോഗിച്ച് ഡ്രൈവര്‍ക്ക് ശബ്ദം നിയന്ത്രിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് രണ്ട് കാറുകളിലും കണ്ടെത്തിയത്. വാഹനത്തിന്റെ ശബ്‍ദം മൂന്നിരട്ടിയോളം വർധിപ്പിക്കാവുന്നതരത്തിലാണ് ഇത് ഒരുക്കിയിരുന്നത്. വാഹന പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ ശബ്‍ദം കുറച്ച് മോട്ടോര്‍ വാഹനവകുപ്പ് - പൊലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്നുപോകുന്നതിനായാണ് ഈ ക്രമീകരണം ഒരുക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. .

ഇത്തരത്തിൽ പ്രത്യേക ശബ്ദനിയന്ത്രണ സംവിധാനം ഒരുക്കിയിട്ടുള്ള സംസ്ഥാനത്ത് പിടികൂടുന്ന ആദ്യത്തെ വാഹനമായിരിക്കും ഇതെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. രണ്ട്‌ വാഹനങ്ങൾക്കെതിരേയും മോട്ടോർ വാഹന വകുപ്പ് കേസ് രജിസ്റ്റർ ചെയ്‍തിട്ടുണ്ട്. പിഴയും ഈടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

(പ്രതീകാത്മക ചിത്രം)

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?