യുവാവിനെ തടഞ്ഞ് ബൈക്കുമായി പാഞ്ഞ് യുവതികള്‍, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ!

By Web TeamFirst Published Aug 13, 2020, 10:29 AM IST
Highlights

ഈ ദൃശ്യങ്ങളിലെ ബൈക്കുകളുടെ നമ്പർ പിന്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഇവരെ പിടികൂടിയത്. 

ലൈസൻസില്ലാതെ നഗരത്തിലൂടെ ബൈക്ക് അഭ്യാസം നടത്തിയ യുവതിക്കും യുവാവിനുമെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കൊല്ലം തീരദേശ റോഡിലൂടെ ബൈക്കിൽ അഭ്യാസം നടത്തിയ യുവാവും യുവതിയും ഈ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങളിലെ ബൈക്കുകളുടെ നമ്പർ പിന്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‍സ്‍മെന്‍റ് വിഭാഗം ഇവരെ പിടികൂടിയത്. കഴിഞ്ഞയാഴ്‍ച ഇതേ കേസില്‍ മോഡലായ യുവതിയെ വീട്ടിലെത്തി പിടികൂടിയതിനു പിന്നാലെയാണ് പുതിയ നീക്കവും. 

ബൈക്ക് കുത്തനെ ഓടിക്കുന്ന യുവാവിന്റെയും രണ്ട് ഇരുചക്ര വാഹനങ്ങളിൽ എത്തിയ  മൂന്നു പേരുടെയും പ്രകടനമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. തൊട്ടുപിന്നാലെ മോട്ടോർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്‍സ്‍മെന്റ് വിഭാഗം രണ്ട് പേരെ പിടികൂടി പിഴ ചുമത്തുകയായിരുന്നു. 

ലൈസൻസും ഹെൽമറ്റും ഇല്ലാതെ ആഡംബര ബൈക്കോടിച്ച 21കാരിയായ ഉമയനല്ലൂർ സ്വദേശിനിക്ക് 10500 രൂപയും ലൈസൻസ് ഇല്ലാതെ അഭ്യാസം നടത്തിയ 21കാരന് 10,000 രൂപയുമാണ് പിഴ. കഴിഞ്ഞയാഴ്ച ഇതേ കേസിന് പിടിയിലായ തട്ടാര്‍കോണം സ്വദേശിനിയും മോഡലുമായ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ് ഇപ്പോള്‍ പിടിയിലായ ഇരുവരും. 

ന്യൂജെന്‍ ബൈക്കില്‍ പറന്നുപോകുന്ന യുവാവിനെ പെണ്‍കുട്ടികള്‍ പിന്തുടരുന്നതും യുവാവിനെ തടഞ്ഞുനിര്‍ത്തി ബൈക്ക് വാങ്ങി ഓടിക്കുന്നതുമാണ് ഇപ്പോള്‍ പുറത്തുവന്ന ഒരു വീഡിയോയിലുള്ളത്. ഇതിലും മുന്‍പ് പിടിയിലായ മോഡല്‍തന്നെയാണ് ബൈക്ക് ഓടിക്കുന്നത്. പൊലീസ് പിടിച്ചാല്‍ ഹെല്‍മെറ്റില്ലാത്തതിന് 500 രൂപ പിഴയൊടുക്കാന്‍ താന്‍ തയ്യാറാണെന്നു പെണ്‍കുട്ടി പറയുന്നതും ഇതിനൊപ്പമുണ്ട്. 

എന്നാല്‍ മുമ്പ് ഇവര്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളതിനാല്‍ പുതിയ കേസില്‍നിന്ന് മോഡലിനെ ഒഴിവാക്കി. ഹെൽമെറ്റ് ധരിക്കാതെ നഗരത്തിലൂടെ രൂപമാറ്റം വരുത്തിയ ബൈക്കിൽ സഞ്ചരിച്ചതിനാണ് മോഡലായ യുവതിക്ക് കഴിഞ്ഞ ആഴ്ച മോട്ടോർവാഹന വകുപ്പ് 20,500 രൂപ പിഴ ചുമത്തിയത്. പെൺകുട്ടിയുടെ കൊല്ലം പുന്തലത്താഴത്തെ വീട്ടിലെത്തിയായിരുന്നു അന്ന് നടപടിയെടുത്തത്.  

കടല്‍ത്തീരത്തുകൂടി ബൈക്ക് ഓടിക്കുന്ന പെണ്‍കുട്ടിക്കുമുന്നില്‍ ബൈക്ക് അഭ്യാസി കടന്നുപോകുന്നതാണ് രണ്ടാമത്തെ വീഡിയോ.  ബൈക്ക് കുത്തനെ ഓടിച്ച തിരുവനന്തപുരം സ്വദേശിക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്ന് വാഹനങ്ങളിലായി നാലംഗസംഘം ഒരാഴ്‍ച മുൻപാണ് കൊല്ലം ബീച്ചിലെത്തി പ്രകടനം നടത്തിയത്. 

കൊല്ലത്തെ കടല്‍ത്തീരം കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ ബൈക്ക് ഓടിക്കലും ചിത്രീകരണവും നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ബൈക്ക് സ്റ്റണ്ടിംഗ് ദൃശ്യങ്ങൾ പകർത്താൻ ക്യാമറാ സംഘവും ഇത്തരക്കാർക്കൊപ്പം ഉണ്ടാകാറുണ്ട്. സ്റ്റണ്ടിംഗ് സംഘത്തെ കൂട്ടത്തോടെ പിടികൂടി കനത്ത പിഴ ഈടാക്കാനും അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപടി തുടരാനുമാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‍സ്‍മെന്റ് യൂണിറ്റിന്റെ നീക്കം.  ഇതിനകം 15 കേസുകൾ രജിസ്റ്റർ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിക്കുമെന്നും രൂപമാറ്റം വരുത്തി ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്തു പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

click me!