ബൈക്കില്‍ രക്തക്കറ, സിസിടിവിയില്‍ മനുഷ്യ രൂപം; ആ അപകടത്തിനു പിന്നിലെ ദുരൂഹതയേറുന്നു!

By Web TeamFirst Published Jan 12, 2020, 10:28 AM IST
Highlights

സിസിടിവി ദൃശ്യങ്ങളിലുള്ള കാറിനെ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല. മാത്രമല്ല മരിച്ച യുവാവ് ഓടിച്ച സ്പോർട്‍സ് ബൈക്കിന്റെ മഡ്‍ഗാഡിൽ നിന്നും ഫൊറൻസിക് പരിശോധനയിൽ രക്തം കണ്ടെത്തിയതും ദുരൂഹത കൂട്ടുന്നു

തിരുവനന്തപുരം: വെള്ളയമ്പലം–ശാസ്‍തമംഗലം റോഡിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു പിന്നിലെ ദുരൂഹതയേറുന്നു. ഡിസംബർ 29ന് രാത്രിയായിരുന്നു അപകടം. നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് ലോ കോളജിലെ നാലാം വർഷ നിയമവിദ്യാർഥി ശാസ്തമംഗലം ബിന്ദുലായിൽ ആദിത്യ ബി മനോജ് (22), യൂബർ ഈറ്റ്സ് വിതരണക്കാരൻ നെടുമങ്ങാട് സ്വദേശി അബ്ദുൽ റഹീം(41) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അബ്‍ദുല്‍ റഹീം സംഭവസ്ഥലത്തും ആദിത്യ കഴിഞ്ഞ ദിവസം ആശുപത്രിയിലുമാണ് മരണത്തിന് കീഴടങ്ങിയത്. 

എന്നാല്‍ സിസിടിവി ദൃശ്യങ്ങളിലുള്ള അപകടത്തിലുൾപ്പെട്ട കാറിനെ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല. മാത്രമല്ല മരിച്ച യുവാവ് ഓടിച്ച സ്പോർട്‍സ് ബൈക്കിന്റെ മഡ്‍ഗാഡിൽ നിന്നും ഫൊറൻസിക് പരിശോധനയിൽ രക്തം കണ്ടെത്തിയതും ദുരൂഹത കൂട്ടുന്നു. 

ഡിസംബർ 29 ന് രാത്രി ഒമ്പത് മണിക്ക് വെള്ളയമ്പലത്തു നിന്നും ബൈക്കിൽ വീട്ടിലേക്കു പോകുമ്പോഴാണ് ആദിത്യ അപകടത്തിൽ പെടുന്നത്. വിതരണം ചെയ്യാനുള്ള ഭക്ഷണത്തിന്റെ ഓർഡറുമായി ഇതേ സമയം റോഡ് മുറിച്ചു കടക്കുകയായിരുന്നു യൂബര്‍ ഈറ്റ്സ് തൊഴിലാളി അബ്ദുൽ റഹീം. ഒരു കാറിനെ ഇടതു വശത്തു നിന്നു മറികടന്ന് ആദിത്യയുടെ ബൈക്ക് മുന്നോട്ടു പോകുന്നതും പിന്നീടു ബൈക്കിൽ നിന്നു വലതു ഭാഗത്തേക്കു യുവാവ് ശക്തിയായി തെറിച്ചു വീഴുന്നതും സമീപത്തെ വ്യാപാര  സ്ഥാപനത്തിൽ നിന്നു ലഭിച്ച  സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നു മ്യൂസിയം പൊലീസ് പറയുന്നു. ഈ സമയത്താണ് റഹീമും അപകടത്തിൽപെട്ടത്. 

അപകട സമയം ബൈക്ക് കാറിനെ മറികടക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തിനു ശേഷം ചാരനിറത്തിലുള്ള സെൻ എസ്റ്റിലോ കാർ റോഡിന് ഇടതുവശത്തു ഒതുക്കിയിടുന്നതും ശേഷം ഒരാൾ നടന്നു വരുന്നതും കാണാം. പക്ഷേ പിന്നീടു പെട്ടെന്നു കാർ മുന്നോട്ടു നീങ്ങി. ഇതിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

കാർ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ബൈക്കാണോ കാറാണോ യൂബർ ഈറ്റ്സ് വിതരണക്കാരനെ ഇടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമല്ല. ഈ സാഹചര്യത്തില്‍ ബൈക്കില്‍ നിന്നും കണ്ടെടുത്ത രക്തം പരിശോധിച്ചാൽ വ്യക്തത വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. അതേസമയം ബൈക്കും വേഗത്തിലാണ് സഞ്ചരിച്ചതെന്ന് മോട്ടോർ വാഹനവകുപ്പ് പൊലീസിന് റിപ്പോർട്ട് നൽകി.  അബ്‍ദുൽ റഹീമിന്റെ കാലിലെ പരുക്കുകളുടെ സ്വഭാവമനുസരിച്ച് ബൈക്ക് തട്ടിയതാകാൻ സാധ്യതയുണ്ടെന്നും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാറിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നാണ് മരിച്ച ആദിത്യയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.  

സംഭവത്തില്‍ കാർ ഓടിച്ചയാളുടെ രേഖാചിത്രം പൊലീസ് തയാറാക്കിയിട്ടുണ്ട്.  ഇതേ മോഡൽ കാറുകളുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ ആര്‍ടി ഓഫീസുകളില്‍ നിന്നും പൊലീസ് ശേഖരിച്ചുകഴിഞ്ഞു. കാര്‍ കണ്ടെത്താനായാല്‍ അപകടത്തിനു പിന്നിലെ ദുരൂഹതയുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

click me!