ദേശീയപാത അതോറിറ്റി ടോളിലൂടെ പിരിച്ചത് ഇത്രയും കോടി!

By Web TeamFirst Published Dec 9, 2019, 9:27 PM IST
Highlights

രാജ്യത്തെ ടോൾ പ്ലാസകൾ വഴി മുൻ സാമ്പത്തികവർഷം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എൻ എച്ച് എ ഐ) പിരിച്ചെടുത്തത് ഇത്രയും കോടി രൂപ

രാജ്യത്തെ ടോൾ പ്ലാസകൾ വഴി മുൻ സാമ്പത്തികവർഷം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എൻ എച്ച് എ ഐ) പിരിച്ചെടുത്തത് 24,396.19  കോടി രൂപ. ലോക്സഭയിൽ നൽകിയ മറുപടിയിൽ  കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ ഒക്ടോബർ 31ലെ കണക്കനുസരിച്ച് ആകെ 570 ടോൾ പ്ലാസകളാണു രാജ്യത്തെ ദേശീയ പാതകളിലുള്ളതെന്നും മൊത്തം 24,396.19  കോടി രൂപ വരുമാനം ലഭിച്ച സാഹചര്യത്തിൽ എൻ എച്ച് എ ഐയുടെ ശരാശരി പ്രതിദിന വരുമാനം 66.84 കോടി രൂപയാണെന്നും പ്രതിമാസ വരുമാനം ശരാശരി 2,033 കോടി രൂപയോളം വരുമെന്നും മന്ത്രി പറഞ്ഞു. 

ഈ വരുമാനം ടോൾ വഴി കടന്നു പോയ വാഹനങ്ങളിൽ നിന്നു പിരിച്ചെടുത്തതു മാത്രമല്ലെന്നും ഗഡ്‍കരി വ്യക്തമാക്കി. ഈ തുകയ്ക്കു പുറമെ ടോൾ പ്രവർത്തിപ്പിച്ചു കൈമാറ്റം(ടി ഒ ടി) ചെയ്യുന്നതിനുള്ള കൺസഷൻ ഇനത്തിൽ 9,681.50 കോടി രൂപയും അതോറിറ്റിക്കു ലഭിച്ചു. തമിഴ്നാട്ടിൽ നിന്നു മാത്രം 2,549.12 കോടി രൂപയായിരുന്നു 2018 — 19ലെ യൂസർ ഫീ ഇനത്തില്‍ ലഭിച്ചത്. 

കഴിഞ്ഞ ഒക്ടോബർ 31ലെ കണക്കുപ്രകാരം 54 ടോൾ പ്ലാസകളാണു തമിഴ്നാട്ടിൽ പ്രവർത്തിക്കുന്നത്. ഇവയിലൂടെ പ്രതിദിനം ശരാശരി 6.98 കോടി രൂപയും പ്രതിമാസം ശരാശരി 212.42 കോടി രൂപയും എൻ എച്ച് എ ഐയ്ക്കു ലഭിക്കുന്നുണ്ടെന്നും ഗഡ്‍കരി വ്യക്തമാക്കി. 

പൊതു - സ്വകാര്യ പങ്കാളിത്ത(പി പി പി)ത്തോടെയുള്ള പദ്ധതികളിൽ കൺസഷൻ കാലാവധി കഴിയുന്നതോടെ നിലവിലുള്ളതിന്റെ 40% നിരക്കിലാണു കേന്ദ്ര സർക്കാർ യൂസർ ഫീ ചുമത്തുകയെന്നും പൂർണമായും സർക്കാർ ചെലവിൽ പൂർത്തിയാക്കിയ പദ്ധതികളിൽ നിർമാണ ചെലവ് വീണ്ടെടുത്ത ശേഷം യൂസർ ഫീ  40% ആക്കി കുറയ്ക്കുകയെന്നും ഗഡ്‍കരി പറഞ്ഞു. 

click me!