ഈ വാഹനങ്ങള്‍ക്ക്‌ രജിസ്‌ട്രേഷന് ഫീസ് വേണ്ട, സബ്‌സിഡിയും കിട്ടും; പുതിയ നീക്കവുമായി ഗുജറാത്ത്

By Web TeamFirst Published Jun 25, 2021, 1:17 PM IST
Highlights

പുതിയ ഇലക്ട്രിക്ക് വാഹന നയം പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

പുതിയ ഇലക്ട്രിക്ക് വാഹന നയം പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ഈ നയം അനുസരപിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനായി അടുത്ത നാല് വര്‍ഷത്തേക്ക് 870 കോടി രൂപയാണ് ഗുജറാത്ത് സർക്കാർ വകയിരുത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി നൽകുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ നയം അനുസരിച്ച് ഇലക്ട്രിക് കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്‌സിഡി ലഭ്യമാക്കും. സംസ്ഥാനത്ത് വാങ്ങുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ് നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കുകയാണ് ലക്ഷ്യം. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ എമിഷന്‍ ആറ് ലക്ഷം ടണ്‍ ആയി കുറയ്ക്കുകയും അഞ്ച് കോടി രൂപയുടെ ഇന്ധനം ലാഭിക്കുകയും ചെയ്യണമെന്നും ഇലക്ട്രിക് നയം വ്യക്തമാക്കുന്നു. 

1.5 ലക്ഷം അല്ലെങ്കില്‍ കിലോവാട്ടിന് 10,000 രൂപ വീതമായിരിക്കും ഇലക്ട്രിക് കാറുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയെന്നും ഇലക്ട്രിക് വാഹന നയം പറയുന്നു. ഇതിനുപുറമെ, ഇലക്ട്രിക് ടൂ വീലറുകള്‍ക്ക് 20,000 രൂപയുടെയും ഇലക്ട്രിക് ത്രീ വീലറുകള്‍ക്ക് 50,000 രൂപയുടെയും സബ്‌സിഡിയും നൽകും. 

ഗുജറാത്തിലെ മറ്റ് വ്യവസായങ്ങള്‍ക്കൊപ്പം ഇലക്ട്രിക് വാഹന ഹബ്ബായി ഉയര്‍ത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിന്‍റെ ഭാഗമായി ഇലക്ട്രിക് വാഹന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും കൂടുതല്‍ സഹായം  ഉറപ്പാക്കും.  

സംസ്ഥാനത്ത് പുതിയതായി 250 ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കാനും നീക്കമുണ്ട്.  നിലവില്‍ 278 ചാര്‍ജിങ്ങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാല് വര്‍ഷത്തിനുള്ളില്‍ ആകെ ചാര്‍ജിങ്ങ് സെന്ററുകള്‍ 578 ആയി ഉയര്‍ത്തും. പെട്രോള്‍ പമ്പുകളില്‍ ചാര്‍ജിങ്ങ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമാക്കും. ഇലക്ട്രിക് ചാര്‍ജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള മുതല്‍മുടക്കിന്റെ 25 ശതമാനം തുകയും സബ്‌സിഡി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!