പുത്തന്‍ ഗൂര്‍ഖയെ അനാവരണം ചെയ്‍ത് ഫോഴ്‍സ്

Web Desk   | others
Published : Sep 17, 2021, 02:29 PM IST
പുത്തന്‍ ഗൂര്‍ഖയെ അനാവരണം ചെയ്‍ത് ഫോഴ്‍സ്

Synopsis

ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പിനെ ഔദ്യോഗികമായി വെളിപ്പെടുത്തി ഫോഴ്‍സ് മോട്ടോഴ്‍സ്

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പിനെ ഔദ്യോഗികമായി വെളിപ്പെടുത്തി കമ്പനി. 27ന്​ നടക്കുന്ന ലോഞ്ചിങിന്​ മുന്നോടിയായാണ്​ വാഹനം അനാവരണം ചെയ്യപ്പെട്ടത്. 27ന് വാഹനത്തിന്‍റെ അവതരണവും വില പ്രഖ്യാപനവും നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ, ലോക്കിങ്​ ഡിഫറൻഷ്യലുകളുള്ള ഫോർ-വീൽ ഡ്രൈവ് തുടങ്ങിയ പ്രത്യേകതകൾ വാഹനത്തിനുണ്ട്​. വില പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും പ്രതീക്ഷ 10–13 ലക്ഷത്തിന് ഗൂർഖ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ ഓഫ്​റോഡറുകളിൽ എതിരാളികളില്ലാതെ വിലസുന്ന പുത്തന്‍ മഹീന്ദ്ര ഥാറിന്​ കനത്ത വെല്ലുവിളി ഉയർത്തിയാണ്​ ഗൂർഖ​​യെത്തുന്നത്.

പുതിയ ഗൂർഖയുടെ ഡിസൈൻ പഴയ മോഡലിന് ഏതാണ്ട്​ സമാനമാണ്. എന്നാൽ വാഹനത്തി​ന്‍റെ മുഴുവൻ ബോഡി ഷെല്ലും മാറിയിട്ടുണ്ട്​. മഹീന്ദ്ര ഥാർ രൂപകൽപനയുടെ ആധാരം ജീപ്പ് റാംഗ്ലറാണെങ്കിൽ ഫോഴ്സ് മോട്ടോഴ്സ് ഗൂർഖയെ സൃഷ്ടിച്ചത് മെഴ്സിഡീസ് ജി വാഗനാണ്. പുതിയ ഗ്രിൽ, ബമ്പറുകൾ, ലൈറ്റ് ക്ലസ്റ്ററുകൾ, പിൻ യാത്രക്കാർക്കുള്ള വലിയ വിൻഡോ എന്നിവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. പനോരമിക് വിൻഡോ എന്ന്​ കമ്പനി വിളിക്കുന്ന വലിയ ഗ്ലാസ്​ ഏരിയ പിന്നിലെ ദൃശ്യപരതയെ സഹായിക്കുന്നുണ്ട്​. പുതിയ ഡാഷ്‌ബോർഡ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, മുൻവശത്തുള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ എന്നിവയാണ്​ ശ്രദ്ധേയമായ കാബിൻ മാറ്റങ്ങൾ.

അതേസമയം, നേരത്തേ ഉണ്ടായിരുന്ന ഡ്യുവൽ-ടോൺ ക്യാബിനിൽ നിന്ന് സിംഗിൾ ടോൺ ഡാർക്​ ഗ്രേയിലേക്ക് മാറിയിട്ടുണ്ട്​. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ടച്ച്​ സ്​ക്രീനിൽ നൽകിയിട്ടുണ്ട്​. ബ്ലൂടൂത്​ വഴി ഫോൺ കോളുകൾ എടുക്കാനുമാകും. ടിൽറ്റ്, ടെലിസ്കോപിക് അഡ്​ജസ്റ്റ്മെൻറുള്ള സ്റ്റിയറിങ്​, പിൻ സീറ്റുകൾക്കുള്ള വ്യക്തിഗത ആം റെസ്​റ്റുകൾ, നാല് യാത്രക്കാർക്കും യുഎസ്ബി ചാർജിങ്​ സോക്കറ്റുകൾ, പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എയർ കണ്ടീഷനിങ്​, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ് ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, കോർണർ ലാമ്പുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

പഴയ മോഡലിനെക്കാൾ 22 മി.മി. നീളവും 20 മി.മി. ഉയരവുമുണ്ട്. മുൻ ഓവർഹാങ് 13 സെ.മി. കൂടിയത് പുതിയ സുരക്ഷാനിയമങ്ങൾക്കനുസരിച്ച് ബമ്പറും മറ്റും പരിഷ്കരിക്കാനാണ്. വീൽ ബേസ് 2400 മില്ലീമിറ്റര്‍ എന്ന പഴയ തന്നെ. മനോഹരമായ നാലു ക്യാപ്റ്റൻ സീറ്റുകൾ ഉണ്ട്. ഡാഷ് ബോർഡ് ആധുനിക ഓഫ് റോഡ് എസ്‌യുവികൾക്ക് ഇണങ്ങുന്ന തരം. നല്ല സ്റ്റിയറിങ്. ടച്ച് സ്ക്രീൻ സ്റ്റീരിയോ. മികച്ച എസി. കാറുകളോടു കിട പിടിക്കും ഉൾവശം. ക്യാപ്റ്റൻ സീറ്റുകളുടെ സുഖവും കുറച്ചുകൂടി മെച്ചപ്പെട്ട യാത്രയും പ്രതീക്ഷിക്കാം.

സാക്ഷാല്‍ ബെന്‍സിന്‍റെതാണ് വാഹനത്തിന്‍റെ എൻജിനും ഗീയർബോക്സും. ബിഎസ്6​ നിയന്ത്രണങ്ങൾ പാലിക്കുന്നതിന്​ കമ്പനി പഴയ 2.6 ലിറ്റർ ഡീസൽ എഞ്ചിൻ നവീകരിച്ചു. ഈ എഞ്ചിന്‍ 91hp ഉം 250Nm ടോർക്കും സൃഷ്‍ടിക്കും. അഞ്ച്​ സ്​പീഡ് മാനുവൽ ഗിയർബോക്​സാണ് ട്രാന്‍സ്‍മിഷന്‍. പഴയ ഗൂർഖ എക്‌സ്ട്രീമിന്റെ 140 എച്ച്പി 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഇനി ഉണ്ടാവില്ല.  സ്വതന്ത്ര ഡബിൾ വിഷ്ബോണുകളും മുൻവശത്ത് മൾട്ടിലിങ്ക് സെറ്റപ്പും ഉള്ള സസ്പെൻഷൻ സെറ്റപ്പും മാറ്റമില്ലാതെ തുടരുന്നു.

ഫോർവീൽ സിസ്​റ്റമുള്ള ഗൂർഖയ്ക്ക് 35 ഡിഗ്രി വരെ ഗ്രേഡുള്ള ചരിവുകളിൽ നാവിഗേറ്റ് ചെയ്യാനാകുമെന്ന്​ ഫോഴ്​സ്​ അവകാശപ്പെടുന്നു.സുരക്ഷക്കായി മുന്നിലെ ഇരട്ട എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിങ്​ സെൻസറുകൾ, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് ആങ്കറുകൾ, ടയർ പ്രഷർ മോണിറ്ററിങ്​ സിസ്റ്റം എന്നിവയും നൽകിയിട്ടുണ്ട്​.

2021 മൂന്നാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ) ഗൂർഖ പുറത്തിറക്കുമെന്ന് ഫോഴ്​സ്​ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് വ്യാപനം മൂലമാണ് വാഹനത്തിന്‍റെ വരവ് ഇത്രയും വൈകിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

രാത്രികളിൽ ഹൈവേകളിൽ 'അലയുന്ന' ആപത്ത് തടയാൻ കേന്ദ്രസർക്കാർ; ഇനി മൊബൈലിൽ മുന്നറിയിപ്പ് എത്തും
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ