'ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പാന്‍റ്സ് നിര്‍ബന്ധമാക്കുന്നു..'; സ്‍ക്രീന്‍ ഷോട്ടുകളുടെ പിന്നിലെ സത്യം

By Web TeamFirst Published Sep 17, 2021, 1:31 PM IST
Highlights

സംസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാരെ പാന്‍റ്സ് ഇടീക്കാന്‍ നീക്കം എന്ന പേരില്‍ സ്‍ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നു. ഏഴ്‍ വര്‍ഷം മുമ്പ് 2014ല്‍ കോഴിക്കോട് നഗരത്തില്‍ പൊലീസ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന സ്‍ക്രീന്‍ ഷോട്ടുകളുടെ പിന്നിലെ വാസ്‍തവം എന്താണ്?

തിരുവനന്തപുരം: ഒക്ടോബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമിന്‍റെ ഭാഗമായി പാന്‍റ്‍സ് നിര്‍ബന്ധമാക്കാന്‍ നീക്കം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. മോട്ടോര്‍വാഹന വകുപ്പും പൊലീസും ഇത്തരമൊരു ഉത്തരവിറക്കിയെന്ന വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഉള്‍പ്പെടെ വ്യാജ സ്‍ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.  എന്നാല്‍ ഇങ്ങനെ യാതൊരുവിധ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

അതേസമയം ഏഴ്‍ വര്‍ഷം മുമ്പ് 2014ല്‍ കോഴിക്കോട് നഗരത്തില്‍ പൊലീസ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. നഗര പരിധിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ 2014 ഒക്ടോബര്‍ ഒന്നുമുതല്‍ പാന്‍റ്‍സും കാക്കി ഷര്‍ട്ടും ധരിക്കണമെന്നായിരുന്നു അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശം. അലക്ഷ്യമായി മുണ്ടും ലുങ്കിയും ധരിക്കുന്ന ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ചുള്ള സ്ത്രീകളുടെ പരാതിയെ തുടര്‍ന്നായിരുന്നു പാന്‍റ്സ് നിര്‍ബന്ധമാക്കുന്നതെന്നായിരുന്നു പൊലീസ് പറഞ്ഞത്. കൈലിയോ കളര്‍മുണ്ടോ ധരിക്കാന്‍ പാടില്ല എന്നായിരുന്നു ഉത്തരവ്. പാന്റും കാക്കി ഷര്‍ട്ടും ധരിക്കാത്ത ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനുമായിരുന്നു അന്നത്തെ തീരുമാനം.  പാന്‍റ്‍സ് ഇടാത്ത ഡ്രൈവര്‍മാര്‍ 200 രൂപ ഫൈൻ നൽകണം എന്നായിരുന്നു സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. 

എന്നാല്‍ ഈ പരിഷ്‌കാരത്തോട് അന്ന് അതിരൂക്ഷമായ എതിര്‍പ്പാണ് ഓട്ടോ ഡ്രൈവര്‍മാര്‍ തുടക്കംമുതല്‍ ഉയര്‍ത്തിയത്. ഏതുവസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നായിരുന്നു ഡ്രൈവര്‍മാരുടെ പ്രതികരണം. ജീവിതത്തില്‍ ആദ്യമായി പാന്‍റ്‍സിട്ട ചില ഡ്രൈവര്‍മാരുടെ ബുദ്ധിമുട്ട് ഉള്‍പ്പെടെ അന്ന് വാര്‍ത്തയായിരുന്നു. എന്തായാലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാരെ പാന്‍റ്സ് ഇടീക്കുവാനുള്ള ഈ നീക്കം പൊലീസ് തുടക്കത്തില്‍ തന്നെ ഉപേക്ഷിച്ചിരുന്നു. 

ഇപ്പോള്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് കോഴിക്കോട്ടെ ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മുമ്പ് ഇത്തരമൊരു നീക്കത്തിന് പൊലീസ് ശ്രമിച്ചതാണെന്നും എന്നാല്‍ വയോധികരായ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി യൂണിനുകള്‍ എതിര്‍ത്തപ്പോള്‍ പൊലീസ് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നും യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.

2013ല്‍ വയനാട്ടിലും പൊലീസ് ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി ഇത്തരമൊരു ഡ്രസ് കോഡിന് നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച പഴയ മാധ്യമ വാര്‍ത്തകളുടെ സ്‍ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇപ്പോള്‍ പുതിയതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!