അംബാസിഡര്‍ നാടുവിട്ടകാലം, ഇന്നോവകള്‍ നാട് വാഴും കാലം!

By Web TeamFirst Published May 22, 2021, 10:55 AM IST
Highlights

അബാസിഡറില്‍ നിന്നും സ്റ്റേറ്റ് കാര്‍ പദവി കയ്യടക്കിയ ഇന്നോവയുടെ വിശേഷങ്ങള്‍

ഒരുകാലത്ത് അംബാസിഡര്‍ കാറുകളുടെ കുത്തകയായിരുന്ന നമ്മുടെ സര്‍ക്കാര്‍ വാഹനങ്ങളുടെ സ്ഥാനം നൊടിയിട കൊണ്ട് നേടിയെടുത്ത മിടുക്കനാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവയും ഇളമുറക്കാരന്‍ ഇന്നോവ ക്രിസ്റ്റയും. കഴിഞ്ഞ ഒരു ദശകത്തോളമായി സംസ്ഥാനത്തിന്‍റെ അധികാര കേന്ദ്രങ്ങളുടെ ഇഷ്‍ടവാഹനമാണ് ഇന്നോവ എന്ന് ഉറപ്പിച്ചു പറയാം. 

അക്ഷരാര്‍ത്ഥത്തില്‍ ഇന്നോവയെ സംബന്ധിച്ചും ഇത് 'തുടര്‍ഭരണ'മാണ്. രണ്ടാം പിണറായി സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാര്‍ക്കും യാത്രയൊരുക്കുക ഇനി ഇന്നോവകള്‍ തന്നെയായിരിക്കും. കഴിഞ്ഞ തവണ 19 മന്ത്രിരാണ് ഇന്നോവ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇത്തവണ 21 മന്ത്രിമാര്‍ക്കും ഇന്നോവ തന്നെയാണ് നല്‍കുന്നതെന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ തവണ കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മൂന്നു മന്ത്രിമാര്‍ കൊറോള ആള്‍ട്ടിസ് കാറുകള്‍ ഉപയോഗിച്ചിരുന്നു.

 ഇത്തവണ 19 ഇന്നോവ ക്രിസ്റ്റകളും രണ്ടു പഴയ തമുറ ഇന്നോവകളുമാണ് പുതിയ മന്ത്രിമാര്‍ക്കായി ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. 19 പേര്‍ക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കും. രണ്ടു പേര്‍ക്ക് പഴയ മോഡലുമാണ് നല്‍കുന്നത്. പുതിയ ക്രിസ്റ്റ വരുന്നതനുസരിച്ച് പഴയ രണ്ടെണ്ണം മാറ്റിയും നല്‍കും. കടകംപള്ളി ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ചിരുന്ന  കൊറോള ആള്‍ട്ടിസുകള്‍ ഇനി ടൂറിസം വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്കാകും ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലായിരുന്നു ഇന്നോവയുടെ ആദ്യവരവ്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.

2016ലെ ദില്ലി ഓട്ടോ എക്സ‍്പോയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. 2020ന്‍റെ അവസാന മാസങ്ങളിലാണ്  ഇന്നോവ ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിയത്. ഇതിനു ശേഷം അടുത്തിടെ വാഹനത്തിന് ആദ്യത്തെ വില വർധനവും ലഭിച്ചു. മോഡലിന്റെ എൻട്രി ലെവൽ പെട്രോൾ വേരിയന്റിന് 16.52 ലക്ഷം രൂപ മുതലും അടിസ്ഥാന ഡീസൽ വേരിയന്റിന് 16.90 ലക്ഷം രൂപ മുതലുമാണ് പുതിയ വില ആരംഭിക്കുന്നത്. 

സമാനതകളില്ലാത്ത സവിശേഷതകളും പുതിയ കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇന്നോവ ക്രിസ്റ്റയെന്നാണ് കമ്പനി പറയുന്നത്. ഹെഡ്‌ലാമ്പുകളിലേക്ക് ലോലമായി സന്നിവേശിപ്പിക്കുന്ന ക്രോം അലങ്കാരത്തോടുകൂടിയ പുതിയ ട്രപസോയിഡല്‍ പിയാനോ ബ്ലാക്ക് ഗ്രില്‍, കൂര്‍ത്ത ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍, സമകാലിക കാഴ്ച്ചയ്ക്കായി ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് കുളിര്‍മയും ദൃഢവുമായ മുന്‍കാഴ്ച നല്‍കുന്നു.

ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഈ വിഭാഗത്തിലെ മികച്ച സവിശേഷതകളുള്ള ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നാണ് ഈ ജനപ്രിയ എംപിവി എന്ന് കമ്പനി അവകാശപ്പെടുന്നു. ഇടുങ്ങിയ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കൂട്ടിയിടികള്‍ ഒഴിവാക്കുന്നതിനും ആയാസരഹിതമായ ഡ്രൈവിങ് അനുഭവം നല്‍കുന്നതിനും എംഐഡി ഡിസ്‌പ്ലേ ഉപയോഗിച്ചുള്ള ഫ്രണ്ട് ക്ലിയറന്‍സ് സോനാറിലൂടെ കൂടുതല്‍ സുരക്ഷയും പ്രദാനം ചെയ്യുന്നു.

അതേസമയം മന്ത്രി പി പ്രസാദ് ആണ് മുന്‍മന്ത്രി തോമസ് ഐസക്കിന്റെ പിൻഗാമിയായി ഇത്തവണ 13-ാംനമ്പർ ഔദ്യോഗികവാഹനം ഏറ്റെടുക്കാൻ തയ്യാറായത്. അശുഭസംഖ്യയാണെന്ന അന്ധവിശ്വാസംകാരണം നമ്പർ 13 ഔദ്യോഗിക വാഹനത്തിന് സ്വീകരിക്കുന്നതിൽ മന്ത്രിമാർ അത്ര തത്പരരല്ല. പ്രത്യേകിച്ചും യുഡിഎഫ് സർക്കാരുകളുടെ കാലത്ത്.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എം എ ബേബിയാണ് 13-ാം നമ്പർ സ്റ്റേറ്റ് കാറിൽ സഞ്ചരിച്ചിരുന്നത്. അതിനുശേഷം യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ആർക്കും വേണ്ടാത്തതിനാൽ ഈ നമ്പർതന്നെ വേണ്ടെന്നുവെച്ചു. പിണറായി വിജയന്റെ ആദ്യസർക്കാരിൽ 13-ാം നമ്പർ വാഹനം സ്വീകരിക്കാൻ ചില മന്ത്രിമാർ വിമുഖത കാട്ടിയത് വാർത്തയായിരുന്നു. അപ്പോൾ മന്ത്രി തോമസ് ഐസക് അത് ഏറ്റെടുക്കാൻ തയ്യാറായി. ഇത്തവണ ധനമന്ത്രി കെ എൻ ബാലഗോപാലിന് പത്താംനമ്പർ വാഹനമാണ്. ഇത്തവണ സത്യപ്രതിജ്ഞാദിവസം മന്ത്രി ജി ആർ അനിലിനാണ് 13-ാം നമ്പർ അനുവദിച്ചിരുന്നത്.

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകള്‍
മുഖ്യമന്ത്രി പിണറായി വിജയൻ- ഒന്ന്. കെ.രാജൻ -രണ്ട്. റോഷി അഗസ്റ്റിൻ -മൂന്ന്. കെ. കൃഷ്ണൻകുട്ടി-നാല്. എ.കെ. ശശീന്ദ്രൻ -അഞ്ച്. അഹമ്മദ് ദേവർകോവിൽ -ആറ്്‌. ആന്റണി രാജു -ഏഴ്. സജി ചെറിയാൻ -എട്ട്. എം.വി. ഗോവിന്ദൻ മാസ്റ്റർ -ഒമ്പത്. കെ.എൻ. ബാലഗോപാൽ -10. പി. രാജീവ് -11. വി.എൻ. വാസവൻ -12. പി. പ്രസാദ് -13. ജെ. ചിഞ്ചുറാണി -14. കെ. രാധാകൃഷ്ണൻ -15. വി. ശിവൻകുട്ടി -16. പി.എ. മുഹമ്മദ് റിയാസ് -17. പ്രൊഫ. ആർ. ബിന്ദു -18. ജി.ആർ. അനിൽ -19. വീണാജോർജ് -20. വി. അബ്‍ദുറഹ്മാൻ -21

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!