കഴിഞ്ഞ വര്‍ഷം റോഡപകടങ്ങള്‍ കുത്തനെ കുറഞ്ഞു

By Web TeamFirst Published May 22, 2021, 9:08 AM IST
Highlights

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏറ്റവും കുറവ് റോഡ് അപകടങ്ങൾ സംഭവിച്ചത് കഴിഞ്ഞ വർഷമാണെന്നാണ് കണക്കുകള്‍

തിരുവനന്തപുരം: 2020-ൽ സംസ്ഥാനത്ത് റോഡപകടങ്ങൾ കുത്തനെ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കേരള പോലീസിന്‍റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണനിരക്കും 2019നെ അപേക്ഷിച്ച് 2020ല്‍ പകുതിയായി കുറഞ്ഞതായും പൊലീസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു. 

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏറ്റവും കുറവ് റോഡ് അപകടങ്ങൾ സംഭവിച്ചത് കഴിഞ്ഞ വർഷമാണെന്നാണ് കണക്കുകള്‍. 2019-ൽ സംസ്ഥാനത്ത് ആകെ 41,111 റോഡപകടങ്ങളായിരുന്നു നടന്നത്ഈ അപകടങ്ങളില്‍ 46,055 പേർക്ക് പരിക്കേൽക്കുകയും 4440 പേർക്ക് ജീവന്‍ നഷ്‍ടമാകുകയും ചെയ്‍തു. അതേസമയം 27,877 അപകടങ്ങളാണ്  2020-ൽ ആകെ നടന്നത്. ഇതില്‍ ജീവന്‍ നഷ്‍ടമായവരുടെ എണ്ണം 2979 ആയും പരിക്കുപറ്റിയവരുടെ എണ്ണം 30,510-ഉം ആയും കുറഞ്ഞിരുന്നു. 

ഈ കാലയളവിൽ അപകടത്തിൽപ്പെട്ടതിൽ കൂടുതലും ഇരുചക്രവാഹനങ്ങളാണെന്നും കണക്കുകള്‍ പറയുന്നു. ബൈക്കുകളിലും സ്‍കൂട്ടറുകളിലുമായി 11,831 പേരാണ് കഴിഞ്ഞവർഷം അപകടത്തിൽപ്പെട്ടത്. ഇതിൽ 1239 പേർ മരിച്ചു. കാറുകളാണ് അപകടത്തിന്റെ എണ്ണത്തിൽ രണ്ടാമത്. 7729 കാറപകടങ്ങൾ നടന്നതിൽ 614 പേരാണ് മരിച്ചത്. 2458 ഓട്ടോറിക്ഷാ അപകടങ്ങളിൽ സംസ്ഥാനത്ത് 146 മരണങ്ങളും സംഭവിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണും മറ്റ് സാഹചര്യങ്ങളുമാണ് വാഹനാപകടങ്ങള്‍ കുത്തനെ കുറയാന്‍ കാരണം എന്നാണ് വിലയിരുത്തല്‍. 2020 മാർച്ച് അവസാനവാരത്തോടെയാണ് ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. റോഡിൽ വാഹനങ്ങൾ കുറഞ്ഞതോടെ അപകടങ്ങളും ഗണ്യമായി കുറഞ്ഞു. 2020 ജനുവരിയിൽ 3975-ഉം ഫെബ്രുവരിയിൽ 3726-ഉം റോഡപകടങ്ങളുണ്ടായപ്പോൾ, മാർച്ചിൽ ഇത് 2847-ഉം ഏപ്രിലിൽ 439-ഉം ആയി കുറഞ്ഞു. പിന്നീട് ഡിസംബർവരെ അപകടങ്ങളുടെ എണ്ണം  മൂവായിരിത്തിന് മുകളിലേക്ക് പോയിട്ടില്ല. എന്നാൽ 2021-ൽ മാർച്ച് വരെയുള്ള കണക്കുപ്രകാരം 10,554 അപകടങ്ങളിലായി 11,847 പേർക്ക് പരിക്കേൽക്കുകയും 1093 പേർക്ക് ജീവന്‍ നഷ്‍ടമായതായും പൊലീസിന്‍റെ വെബ്‍സൈറ്റ് വ്യക്തമാക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!