പിടിച്ചെടുത്ത വണ്ടികള്‍ ഇനി പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ കൂട്ടിയിടരുതെന്ന് ഡിജിപി

By Web TeamFirst Published Jun 19, 2021, 11:34 AM IST
Highlights

ഇനിമുതല്‍ പൊലീസ് സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ കൂട്ടിയിടാൻ അനുവദിക്കില്ല. ഉള്ളവ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും മാര്‍ഗ്ഗം നിര്‍ദ്ദേശം ഇറക്കിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷൻ പരിസരത്തും സമീപ റോഡുകളിലും സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് ഡിജിപി മാര്‍ഗ്ഗ നി‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്. വിവിധ കേസുകളിൽ പിടികൂടി പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനാണ് ഡിജിപി ലോകനാഥ് ബെഹറയുടെ നിര്‍ദ്ദേശം. 

പൊതുമരാമത്ത് മന്ത്രി തന്നെ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിരുന്നു. പൊലീസ് പിടികൂടുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദേശീയപാതകൾ ഉൾപ്പെടെയുള്ള പ്രധാന റോഡുകളുടെ വശത്ത് പാർക്ക് ചെയ്യുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും മറ്റും പൊതുമരാമത്ത് മന്ത്രി ചൂണ്ടിക്കാട്ടിയതായാണ് സീൂചന.  ഇതേ തുടര്‍ന്നാണ് അടിയന്തിര നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും സമീപത്തെ റോഡുകളിൽ പാർക്ക് ചെയ്‍തിരിക്കുന്ന ഇത്തരം വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് അറിയിക്കാൻ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ നീക്കംചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദേശം നൽകി. 

ഇനിമുതല്‍ പൊലീസ് സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ കൂട്ടിയിടാൻ അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവിമാരും റേഞ്ച്‌ ഡിഐജിമാരും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യമില്ലാതെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ പാടില്ലെന്നും നിയമപ്രകാരമുള്ള നടപടിക്ക് ശേഷം അത്തരം വാഹനങ്ങൾ ഉടൻ വിട്ടുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശം വ്യക്തമാക്കുന്നു. വാഹനങ്ങൾ വിട്ടുനൽകാൻ നിയമപ്രശ്‍നങ്ങള്‍ ഉണ്ടെങ്കില്‍ റവന്യൂ അധികൃതരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തി ഈ വാഹനങ്ങള്‍ അങ്ങോട്ടു മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!