
ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി കേന്ദ്ര സർക്കാർ. വാഹനങ്ങളുടെ ഇന്ധനക്ഷമതയും കാർബൺ പുറന്തള്ളലും നിയന്ത്രിക്കുന്ന കോർപ്പറേറ്റ് ശരാശരി ഇന്ധനക്ഷമത അഥവാ കാഫെ-3 മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. 2027 ഏപ്രിൽ 1 മുതൽ 2032 മാർച്ച് 31 വരെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. ഇതനുസരിച്ച് വാഹന നിർമാതാക്കൾ വിൽക്കുന്ന എല്ലാ പാസഞ്ചർ വാഹനങ്ങളുടെയും ശരാശരി ഇന്ധനക്ഷമതയും കാർബൺ പുറന്തള്ളലും നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തേണ്ടിവരും. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് മാത്രമല്ല പുതിയ മാനദണ്ഡങ്ങൾ ബാധകമാകുക. ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് വാഹനങ്ങൾ, മറ്റ് ബദൽ ഇന്ധന വാഹനങ്ങളും കാഫെ-3യുടെ പരിധിയിൽ വരും.
ഏതൊക്കെ വാഹനങ്ങൾ നിയമത്തിന്റെ പരിധിയിൽ?
ഹാച്ച്ബാക്ക്, സെഡാൻ, എംപിവി, എസ്‌യുവി തുടങ്ങിയ പാസഞ്ചർ വാഹനങ്ങൾ കാഫെ-3 മാനദണ്ഡങ്ങൾക്ക് വിധേയമാകും. ഡ്രൈവറെ കൂടാതെ പരമാവധി 8 പേർക്ക് ഇരിക്കാവുന്ന വാഹനങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക. ഇന്ത്യയിൽ വിൽപ്പനയ്ക്കായി നിർമിക്കുന്നതും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതുമായ പുതിയ പാസഞ്ചർ വാഹനങ്ങൾക്കും നിയമം ബാധകമായിരിക്കും.
ചെറിയ കാറുകൾക്കും ഇനി പ്രത്യേക ഇളവില്ല
കാഫെ-3യുടെ കരട് നിർദേശത്തിൽ 909 കിലോഗ്രാമിൽ താഴെ ഭാരമുള്ള പെട്രോൾ കാറുകൾക്ക് പ്രത്യേക ഇളവ് നൽകാൻ നിർദേശിച്ചിരുന്നു. ചെറുതും താങ്ങാനാവുന്നതുമായ കാറുകളിൽ അധിക വില സമ്മർദം ഉണ്ടാകുന്നത് ഒഴിവാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ അന്തിമ മാനദണ്ഡങ്ങളിൽ ഈ ഇളവ് ഒഴിവാക്കി. അതായത് ചെറിയ കാറുകളും കാഫെ-3യുടെ നിർദേശങ്ങൾ പാലിക്കേണ്ടിവരും. അതേസമയം, ഭാരം കുറഞ്ഞ കാറുകൾക്ക് താരതമ്യേന എളുപ്പമുള്ള ലക്ഷ്യങ്ങളും ഭാരമേറിയ വാഹനങ്ങൾക്ക് കൂടുതൽ കർശനമായ ലക്ഷ്യങ്ങളുമാണ് പുതിയ സംവിധാനത്തിലുള്ളത്.
റഫറൻസ് ഭാരം ഉയർത്തി
കാഫെ-3യിലെ റഫറൻസ് ഭാരം 1,082 കിലോഗ്രാമിൽ നിന്ന് 1,229 കിലോഗ്രാമായി ഉയർത്തിയിട്ടുണ്ട്. ഏകദേശം 13.6% വർധനവാണിത്. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന പാസഞ്ചർ വാഹനങ്ങളുടെ ശരാശരി ഭാരം കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചതിനെ തുടർന്നാണ് റഫറൻസ് ഭാരത്തിൽ മാറ്റം വരുത്തിയതെന്നാണ് വിശദീകരണം.
2031-32ൽ ഇന്ധനക്ഷമത ലക്ഷ്യം കടുപ്പിക്കും
കാഫെ-3 പ്രകാരം വാഹന നിർമാതാക്കൾക്കുള്ള ഇന്ധനക്ഷമത ലക്ഷ്യങ്ങൾ ഓരോ വർഷവും കൂടുതൽ കർശനമാകും. 2027-28ൽ 100 കിലോമീറ്ററിന് 3.996 ലിറ്ററാണ് നിർദേശിച്ചിരിക്കുന്ന മാനദണ്ഡം. 2031-32 ആകുമ്പോഴേക്കും ഇത് 100 കിലോമീറ്ററിന് 3.3273 ലിറ്ററായി കുറയും. അതായത് 5 വർഷത്തിനിടെ ഇന്ധനക്ഷമതയിൽ ഏകദേശം 16.7% മെച്ചപ്പെടുത്തലാണ് ലക്ഷ്യമിടുന്നത്.
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് സൂപ്പർ ക്രെഡിറ്റ്
കൂടുതൽ ശുദ്ധമായ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കാഫെ-3യിൽ സൂപ്പർ ക്രെഡിറ്റ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, റേഞ്ച് എക്സ്റ്റെൻഡഡ് ഇലക്ട്രിക് വാഹനങ്ങൾ, പ്ലഗ്-ഇൻ ഹൈബ്രിഡുകൾ, സ്ട്രോങ് ഹൈബ്രിഡുകൾ, ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ എന്നിവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത്തരം വാഹനങ്ങളുടെ വിൽപ്പന വർധിപ്പിക്കുന്നതിലൂടെ വാഹന നിർമാതാക്കൾക്ക് അവരുടെ മുഴുവൻ വാഹന ശ്രേണിയുടെയും ശരാശരി പുറന്തള്ളൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ കൂടുതൽ സഹായം ലഭിക്കും.
ക്രെഡിറ്റുകൾ വാങ്ങാനും വിൽക്കാനും അവസരം
കാഫെ-3യിൽ ക്രെഡിറ്റ്-ഡെബിറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത ലക്ഷ്യത്തേക്കാൾ മികച്ച പ്രകടനം നടത്തുന്ന കമ്പനികൾക്ക് അധിക ക്രെഡിറ്റുകൾ ലഭിക്കും. ഇവ പിന്നീട് ഉപയോഗിക്കാനാകും. ലക്ഷ്യം കൈവരിക്കാൻ കഴിയാത്ത കമ്പനികൾക്ക് കൈവശമുള്ള ക്രെഡിറ്റുകൾ ഉപയോഗിക്കുകയോ മറ്റ് കമ്പനികളിൽ നിന്ന് ക്രെഡിറ്റുകൾ വാങ്ങുകയോ ചെയ്യാം. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി നടത്തുന്ന പ്രൊക്യുർമെന്റ് പരിപാടിയിലൂടെയും ആവശ്യമായ ക്രെഡിറ്റുകൾ നേടാൻ അവസരമുണ്ടാകും.
പുതിയ സാങ്കേതികവിദ്യകൾക്കും പ്രോത്സാഹനം
എൻജിനും ഇന്ധനവും മാത്രമല്ല, വാഹനത്തിന്റെ മൊത്തത്തിലുള്ള ഊർജക്ഷമത മെച്ചപ്പെടുത്തുന്ന സാങ്കേതികവിദ്യകൾക്കും കാഫെ-3 പ്രാധാന്യം നൽകുന്നു. സോളാർ റിഫ്ലക്റ്റീവ് പെയിന്റ്, അഡ്വാൻസ്ഡ് ഗ്ലേസിംഗ്, കൂടുതൽ കാര്യക്ഷമമായ എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകൾക്കും പ്രോത്സാഹനം ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ചുവരുന്ന സാന്നിധ്യം, ബദൽ-പുനരുപയോഗ ഇന്ധനങ്ങളുടെ ലഭ്യത, വാഹന സാങ്കേതികവിദ്യയിലെ അതിവേഗ മാറ്റങ്ങൾ എന്നിവ കണക്കിലെടുത്താണ് പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. കാഫെ-3 പ്രാബല്യത്തിൽ വരുന്നതോടെ വാഹന നിർമാതാക്കൾക്ക് കൂടുതൽ കാറുകൾ വിൽക്കുന്നത് മാത്രം മതിയാകില്ല. വിൽക്കുന്ന മുഴുവൻ വാഹനങ്ങളുടെയും ശരാശരി ഇന്ധനക്ഷമതയും കാർബൺ പുറന്തള്ളലും നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തേണ്ടിവരും.