പുത്തന്‍ ഫാബിയയെ അവതരിപ്പിച്ച് സ്കോഡ

By Web TeamFirst Published May 6, 2021, 7:37 PM IST
Highlights

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡ നാലാം തലമുറ ഫാബിയയെ ആഗോള വിപണിയിൽ അവതരിപ്പിച്ചു

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡ നാലാം തലമുറ ഫാബിയയെ ആഗോള വിപണിയിൽ അവതരിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കോഡ കാറുകളായ ഒക്‌ടേവിയ, കോഡിയാക്ക്, കുഷാഖ് എന്നിവയോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് പുത്തൻ ഫാബിയ. സ്കോഡ കാറുകളുടെ മുഖമുദ്രയായ ക്രോം ടച്ചുകളോടുകൂടിയ കൂടിയ ബട്ടർഫ്‌ളൈ ഗ്രിൽ, അംഗുലാർ ആയ ഹെഡ്‍ലാംപുകൾ, ധാരാളം മടക്കുകളുള്ള മുൻ ബമ്പറും സ്‌പോർട്ടി ലൂക്ക് നൽകുന്നു. 

ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ എംക്യൂബി പ്ലാറ്റ്ഫോം അടിസ്ഥാനമായാണ് പുത്തൻ ഫാബിയ നിർമ്മിച്ചിരിക്കുന്നത്. 65 എച്ച്പി, 80 എച്പി എന്നിങ്ങനെ രണ്ട് ട്യൂണുകളിൽ ലഭ്യമായ 1-ലിറ്റർ എംപിഐ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ഫാബിയയുടെ ഹൃദയം. അഞ്ച് സ്പീഡ് മാന്വൽ ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 95 എച്ച്പി, 110 എച്പി ട്യൂണുകളിൽ ലഭ്യമായ 1-ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ എൻജിനും പുത്തൻ ഫാബിയ ലഭ്യമാണ്. ഈ എൻജിനൊപ്പമുള്ള ഗിയർബോക്‌സുകൾ 6-സ്പീഡ് മാന്വൽ, 7-സ്പീഡ് ഡിഎസ്ജി എന്നിവയാണ്. 150 എച്ച്പി പവറും 250 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.5-ലിറ്റർ ടിഎസ്ഐ എൻജിനിലും ലഭ്യമാണ്.

15 മുതൽ 18 ഇഞ്ച് വരെ വലിപ്പമുള്ള അലോയ് വീലുകളാണ് വാഹനത്തിന്. സ്‌പോർട്ടി ലുക്ക് വർദ്ധിപ്പിക്കാൻ ബ്ലാക്ക് മാജിക് അല്ലെങ്കിൽ ഗ്രാഫൈറ്റ് ഗ്രേ നിറത്തിലുള്ള റൂഫിലും പുത്തൻ ഫാബിയ ലഭ്യമാണ്. ചൈനയിൽ സ്കോഡ വിൽക്കുന്ന കാമിക്ക് എസ്‌യുവിയ്ക്ക് സമാനമാണ് പുറകിലെ ടെയിൽ ലാംപ്. 4108 എംഎം നീളമുള്ള പുത്തൻ ഫാബിയയ്ക്ക് മൂന്നാം തലമുറ മോഡലിനേക്കാൾ 111 എംഎം നീളം കൂടുതലാണ്. പുത്തൻ മോഡലിന് 2564 എംഎം ആണ് വീൽബേസ്. 94 എംഎം കൂടിയിട്ടുണ്ട്. ഇത് ഇന്റീരിയറിൽ സ്ഥല സൗകര്യം വർദ്ധിപ്പിക്കുന്നു. പുത്തൻ ഫാബിയയ്ക്ക് 48 എംഎം വീതി കൂടുതലാണ്.

ഫാബിയയുടെ ആദ്യ തലമുറ 2000 -ൽ അവതരിപ്പിച്ചതുമുതൽ, സ്കോഡയ്ക്ക് ഇതിനകം 4.7 ദശലക്ഷം യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു. ആഗോളതലത്തിൽ ഒക്ടാവിയയ്ക്ക് ശേഷം ചെക്ക് നിർമ്മാതാക്കൾക്ക് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണിത്. എന്നാല്‍ ഇപ്പോൾ ഫാബിയയെ സ്കോഡ ഇന്ത്യയിൽ വിൽക്കുന്നില്ല. പുതിയ മോഡലും ഇന്ത്യൻ നിരത്തുകളിൽ ഉടൻ എത്തിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!