ഗുരുഗ്രാം പൊലീസ് ഇനി 'സൂപ്പർ ബൈക്കു'കളിൽ നിരത്തിലൂടെ പായും

By Web TeamFirst Published Dec 14, 2019, 3:16 PM IST
Highlights

പട്രോളിങ് ആവശ്യങ്ങള്‍ക്കായിട്ടാണ് പൊലീസ് സ്‍ക്വാഡ് പത്തോളം സൂപ്പര്‍ ബൈക്കുകള്‍ ഉപയോഗിക്കുക. ഈ വർഷം ജൂണിലാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ജിക്സർ SF 250-യെ വിപണിയിലെത്തിച്ച് 250സിസി ഇരുചക്ര വാഹനങ്ങളുടെ വിഭാഗത്തിലേക്ക് ചുവടുവച്ചത്. 

പുത്തന്‍ സുസുക്കി ജിക്‌സര്‍ SF250 ബൈക്കുകള്‍ സ്വന്തമാക്കി ഗുരുഗ്രാം പൊലീസ്. സുസുക്കി മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ കമ്പനിയുടെ റോഡ് സുരക്ഷ പ്രചരണത്തിന്റെ ഭാഗമായാണ് ബൈക്കുകള്‍ പൊലീസിന് കൈമാറിയത്. സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കൊച്ചിറോ ഹിറോ പൊലീസ് കമ്മീഷ്ണര്‍ മുഹമ്മദ് അഖില്‍ ഐപിഎസിന് താക്കോല്‍ കൈമാറിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പട്രോളിങ് ആവശ്യങ്ങള്‍ക്കായിട്ടാണ് പൊലീസ് സ്‍ക്വാഡ് പത്തോളം സൂപ്പര്‍ ബൈക്കുകള്‍ ഉപയോഗിക്കുക.

ഈ വർഷം ജൂണിലാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ജിക്സർ SF 250-യെ വിപണിയിലെത്തിച്ച് 250സിസി ഇരുചക്ര വാഹനങ്ങളുടെ വിഭാഗത്തിലേക്ക് ചുവടുവച്ചത്. പ്രീമിയം സ്റ്റൈലിങ്ങിനൊപ്പം ഒരു സ്‌പോര്‍ട് ടൂറിങ് ബൈക്കിന്റെ സ്വഭാവവും കൂടിച്ചേർന്നതാണ് ജിക്സർ SF 250. സ്പോർടിയായ വലിപ്പം കൂടിയ ഫെയറിങ്, ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍, ഭംഗിയേറിയെ അലോയ് വീലുകൾ, എല്‍ഇഡി ഹെഡ് ലൈറ്റ് എന്നിവയാണ് ജിക്സർ SF 250-യുടെ പ്രധാന ആകർഷണങ്ങൾ. 26 ബിഎച്ച്പി പവറും 22.6 എന്‍എം ടോര്‍ക്കുമേകുന്ന 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ജിക്‌സര്‍ SF 250ക്ക് കരുത്തേകുക.

പൊലീസിനായി ചെറിയ ചില മോഡിഫിക്കേഷനുകളും ജിക്‌സര്‍ SF250ല്‍ കമ്പനി വരുത്തിയിട്ടുണ്ട്. മുന്നിലെ വലിയ വിന്‍ഡ് സ്‌ക്രീന്‍, ഫ്യുവല്‍ ടാങ്കിലെ പോലീസ് ബാഡ്ജിങ്, സൈഡ് പാനിയേഴ്‌സ്, പോലീസ് സൈറണ്‍ എന്നിവയാണ്‌ പോലീസ് ജിക്‌സറിലെ പ്രത്യേകതകള്‍. ഇവയൊഴികെ റഗുലര്‍ ജിക്‌സറില്‍നിന്ന് വലിയ മാറ്റങ്ങള്‍ ബൈക്കിനില്ല. മെക്കാനിക്കല്‍ ഫീച്ചേഴ്‌സും പഴയപടി തുടരും. 

click me!