ഇന്ത്യന്‍ വിപണി പിടിക്കാന്‍ സുസുക്കി

By Web TeamFirst Published Feb 28, 2020, 8:27 PM IST
Highlights

ഇന്ത്യന്‍ വിപണിയില്‍ ഭാവിയില്‍ മോട്ടോര്‍ സൈക്കിളുകളുടെ സംഭാവന 20 ശതമാനമായി വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി

ഇന്ത്യന്‍ വിപണിയില്‍ ഭാവിയില്‍ മോട്ടോര്‍ സൈക്കിളുകളുടെ സംഭാവന 20 ശതമാനമായി വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി. നിലവില്‍ അഞ്ച് മാസ് മോട്ടോര്‍സൈക്കിളുകളും മൂന്ന് പ്രീമിയം ബൈക്കുകളും രണ്ട് സ്‌കൂട്ടറുകളുമാണ് ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ആക്‌സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നീ രണ്ട് സ്‌കൂട്ടറുകളാണ് ഇന്ത്യയില്‍ സുസുകിയുടെ ആകെ വില്‍പ്പനയുടെ 90 ശതമാനം സംഭാവന ചെയ്യുന്നത്.

ഇന്ത്യയില്‍ കൂടുതല്‍ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട പറഞ്ഞു. 150 സിസിക്കും അതിന് മുകളിലുമുള്ള സെഗ്‌മെന്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ലക്ഷ്യം കൈവരിക്കുന്നതിന് പരിഷ്‌കരിച്ച ജിക്‌സര്‍ 250 സീരീസ് (ജിക്‌സര്‍ 250, ജിക്‌സര്‍ എസ്എഫ് 250), ജിക്‌സര്‍ സീരീസ് (ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ്) ഇന്ത്യയില്‍ അനാവരണം ചെയ്തിരുന്നു. ബിഎസ് 6 പാലിക്കുന്ന സുസുകി ഇന്‍ട്രൂഡര്‍ എന്ന 155 സിസി ക്രൂസറും ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കും. ബിഎസ് 6 സുസുകി ഇന്‍ട്രൂഡര്‍ ഈയിടെ സമാപിച്ച ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്‌തെങ്കിലും വിപണിയില്‍ അവതരിപ്പിച്ചിട്ടില്ല.

ക്വാര്‍ട്ടര്‍ ലിറ്റര്‍ (250 സിസി) സെഗ്‌മെന്റിലേക്കായി പുതിയ മോഡലുകളുടെ പ്രവര്‍ത്തനങ്ങളിലാണ് സുസുകി. ഭാവിയില്‍ സുസുകിയില്‍നിന്ന് പുതിയ 250 സിസി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അല്ലെങ്കില്‍ ക്രൂസര്‍ പ്രതീക്ഷിക്കാം. പരിഷ്‌കരിച്ച വി-സ്‌ട്രോം 1050 അഡ്വഞ്ചര്‍ ടൂറര്‍, കട്ടാന റോഡ്‌സ്റ്റര്‍ എന്നിവയായിരിക്കും ഇന്ത്യയിലെ പ്രീമിയം സെഗ്‌മെന്റില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. 

click me!