
പുതുവത്സരാഘോഷത്തിനും അവര്‍ പുതുമ കൈവിട്ടില്ല. പതിവ് പോലെ ഓടുന്ന ബസിൽ ആരവത്തോടെ അവർ നവവത്സരത്തെ വരവേറ്റു. കിളിമാനൂർ ഡിപ്പോയിലെ സെക്രട്ടറിയേറ്റ് ബസെന്ന് വിളിപ്പേരുള്ള ഫാസ് പാസഞ്ചറാണ് വേറിട്ട പുതുവത്സാരാഘോഷത്തിന് വേദിയായത്. തോരണങ്ങളും അലങ്കാരങ്ങളും വർണ്ണബലൂണുകളും നിറഞ്ഞ ബസ് പുതിയ പ്രതീക്ഷകളുടെ ആഹ്വാനവുമായാണ് പുതുവർഷപ്പുലരിയിൽ സർവീസ് നടത്തിയത്.
ഓയൂരില്‍ നിന്ന് കിളിമാനൂർ വഴി തിരുവനന്തപുരത്തേക്കുള്ള ബസിലെ സ്ഥിരം യാത്രക്കാർക്കാരുടെ വാട്ട്സാപ്പ് കൂട്ടായ്‍മയയുടെ ആഭിമുഖ്യത്തിൽ ‘തുടരെട്ട യാത്രകൾ, പുലരെട്ട സൗഹൃദം സന്ദേശമുയർത്തിയായിരുന്നു ആഘോഷ പരിപാടികൾ. കേക്ക് മുറിച്ചും സർപ്രൈസ് ഗിഫ്റ്റ് ഒരുക്കിയുമെല്ലാം ആഘോഷത്തിന് മാറ്റേകി. ബസ് ഡിപ്പോയിൽ നിന്ന് പുറപ്പെടും മുൻപ് തന്നെ കൂട്ടായ്‍മ ഡിപ്പോയിലെത്തി ബസ് അലങ്കരിച്ചിരുന്നു. റിബണുകളും ബലൂണുകളും നിറഞ്ഞ ബസിന്‍റെ ഉൾവശം തിരക്കിനിടയിലും ആകർഷകമായിരുന്നു.
പോങ്ങനാട് പിന്നട്ടതോട ബസ് വശത്തേക്ക് നിർത്തി. കുറഞ്ഞ വാക്കുകളിൽ പുതുവത്സര സന്ദേശം. തുടർന്ന് യാത്രക്കാർക്കെല്ലാം കേക്ക് വിതരണം ചെയ്‍തു. സർപ്രൈസ് സമ്മാനമായിരുന്നു മറ്റൊരു പ്രത്യേകത. യാത്രക്കാർക്കെല്ലാം നമ്പർ എഴുതിയ ടോക്കൻ നൽകിയ ശേഷം നറുക്കെടുപ്പിലൂടെയാണ് സമ്മാനാർഹയെ കണ്ടെത്തിയത്. തുടർന്ന് കിളിമാനൂർ ഡിപ്പോയിലും കേക്ക് വിതരണം നടത്തി. പതിവ് യാത്രക്കാരല്ലാത്തവർ ആദ്യം അമ്പരന്നെങ്കിലും കാര്യം മനസിലായതോടെ ആഘോഷത്തിൽ അവരും സജീവമായി. തുടർന്ന് പരസ്‍പരം പുതുവത്സരാംശംസകൾ കൈമാറി.
ഓയൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥിരം യാത്രക്കാർ ഏറെയുള്ളതിൽ ബസിന്‍റെ സ്ഥിതി വിവരം, സീറ്റ് ലഭ്യത എന്നിവ കൈമാറുന്നതിന് വേണ്ടിയാണ് ‘സെക്രട്ടറിയേറ്റ് ബസ്’ എന്ന പേരിൽ വാട്ട് സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഓണാഘോഷം, സർവീസിൽ നിന്ന് വിരമിച്ച സ്ഥിരം യാത്രക്കാരന് സഹയാത്രികരുടെ വക സ്നേഹാദരം തുടങ്ങിയ പരിപാടികളും ഇതേ കൂട്ടായ്‍മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.