
ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണിന്‍റെ ജനപ്രിയ മോഡല്‍ പോളോ 2021 പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. പുതുതലമുറ ഫോക്‌സ്‌വാഗൺ പോളോ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുന്നതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ മോഡലിന് കാര്യമായ ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ക്യാബിനും പുതിയ സെറ്റ് എഞ്ചിനുകളും ലഭിക്കും. 2017 -ൽ അവതരിപ്പിച്ച ഗ്ലോബൽ-സ്പെക്ക് പോളോ ഹാച്ച്ബാക്കിനെ ഫോക്‌സ്‌വാഗൺ ആദ്യമായി അപ്ഗ്രേഡ് ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹാച്ച്ബാക്കിന് 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിച്ചേക്കും. ഇത് 110 bhp കരുത്തും 175 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. എന്നാൽ, പെർഫോമൻസ്-ഓറിയന്റഡ് പതിപ്പിന് 1.5 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിൻ ലഭിച്ചേക്കും. ഇത് 131 bhp/ 200 Nm, 150 bhp/ 250 Nm എന്നിങ്ങനെ രണ്ട് ട്യൂണിംഗുകൾ വാഗ്ദാനം ചെയ്യുന്നു. 75 bhp കരുത്തും 95 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് നിലവിലെ പോളോയ്ക്ക് ഉള്ളത്.
അടുത്ത തലമുറ ഫോക്‌സ്‌വാഗൺ വെന്റോയും ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് എത്തുമെന്നാണ് സൂചന. ഒപ്പം പുതിയ അറ്റ്ലസ് ക്രോസ്, ടൈഗൺ എന്നീ രണ്ട് പുതിയ എസ്‌യുവികൾ ഇന്ത്യൻ വിപണിയില്‍ എത്തിക്കാൻ കമ്പനി ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.