
ഇന്ത്യയിലെ ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ നീണ്ട ക്യൂവും ബ്ലോക്കും ഇനി ചരിത്രമാകാൻ പോകുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രാജ്യത്തെ ആദ്യത്തെ മൾട്ടി-ലെയ്ൻ ഫ്രീ-ഫ്ലോ (MLFF) ടോളിംഗ് സംവിധാനം ആരംഭിക്കുന്നതിനുള്ള ഒരു വലിയ പ്രഖ്യാപനം നടത്തി. ഗുജറാത്തിലെ ചൊര്യാസി ടോൾ പ്ലാസയിൽ (NH-48) നിന്നാണ് ഈ സംവിധാനം ആരംഭിക്കുന്നത്. അവിടെ വാഹനങ്ങൾക്ക് നിർത്താതെ ടോൾ അടയ്ക്കാൻ കഴിയും. അതായത് ഇപ്പോൾ ടോൾ പ്ലാസയിൽ ഒരു തടസവും ഉണ്ടാകില്ല. കാരണം വാഹനം നിർത്തേണ്ടിവരില്ല, ഫാസ്‍ടാഗും നമ്പർ പ്ലേറ്റും വഴി പണമടയ്ക്കൽ യാന്ത്രികമായി നടക്കും.
ഇതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പ്രൊമോട്ട് ചെയ്യുന്ന കമ്പനിയായ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് (IHMCL), ഗുജറാത്തിലെ NH 48 ലെ ചൊര്യാസി ഫീ പ്ലാസയിൽ രാജ്യത്തെ ആദ്യത്തെ സമഗ്ര മൾട്ടി-ലെയ്ൻ ഫ്രീ-ഫ്ലോ (MLFF) ടോളിംഗ് സംവിധാനം നടപ്പിലാക്കുന്നതിനായി ഐസിഐസിഐ ബാങ്കുമായി ഒരു കരാറിൽ ഒപ്പുവച്ചു. രാജ്യത്തെ ആദ്യത്തെ സമഗ്ര മൾട്ടി-ലെയ്ൻ ഫ്രീ-ഫ്ലോ (MLFF) ടോളിംഗ് സംവിധാനമാണിത്. ദേശീയപാത ഉപയോക്താക്കൾക്ക് തടസങ്ങളില്ലാതെ ടോളിംഗ് അനുഭവം നൽകുമെന്ന് ഈ സംവിധാനം അവകാശപ്പെടുന്നു.
ഒരു ഹൈടെക് ടോളിംഗ് സംവിധാനമാണ് മൾട്ടി-ലെയ്ൻ ഫ്രീ-ഫ്ലോ (MLFF) . ഇതിൽ ആർഎഫ്ഐഡി റീഡറുകളും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകളും ടോൾ ശേഖരിക്കും. വാഹനം കടന്നുപോകുമ്പോൾ, ക്യാമറകൾ നിങ്ങളുടെ ഫാസ്‍ടാഗും രജിസ്ട്രേഷൻ നമ്പറും സ്‍കാൻ ചെയ്യും, അതിനുശേഷം ടോൾ തുക ഉടനടി കുറയ്ക്കും. അതേസമയം, ഡ്രൈവർക്ക് നിർത്താതെയും തടസ്സങ്ങളില്ലാതെയും സുഗമമായ യാത്ര ലഭിക്കും. ഇത് ഗതാഗതക്കുരുക്കും സമയനഷ്ടവും കുറയ്ക്കുക മാത്രമല്ല, ഇന്ധനം ലാഭിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യും.
ഗുജറാത്തിലെ ചൊര്യാസി ടോൾ പ്ലാസയിൽ (NH-48) ആദ്യത്തെ മൾട്ടി-ലെയ്ൻ ഫ്രീ-ഫ്ലോ (MLFF) സംവിധാനം സ്ഥാപിക്കും. ഇതിനുശേഷം, ഹരിയാനയിലെ ഘരൗണ്ട ടോൾ പ്ലാസയിലും (NH-44) ഇത് നടപ്പിലാക്കും. 2025-26 ൽ ഏകദേശം 25 ടോൾ പ്ലാസകളിൽ ഈ സംവിധാനം നടപ്പിലാക്കാൻ എൻഎച്ച്എഐ ലക്ഷ്യമിടുന്നു.
ഈ സംവിധാനം നടപ്പിലാക്കുന്നതിനായിട്ടാണ് ഇന്ത്യൻ ഹൈവേ മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎൽ) ഐസിഐസിഐ ബാങ്കുമായി ഒരു കരാറിൽ ഒപ്പുവച്ചു. എൻഎച്ച്എഐ ചെയർമാൻ സന്തോഷ് കുമാർ യാദവിന്റെയും ഐസിഐസിഐ ബാങ്കിലെയും ഐഎച്ച്എംസിഎല്ലിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ വെച്ചാണ് കരാർ ഒപ്പിട്ടത്.
ഇന്ത്യയിലെ ടോളിംഗ് സംവിധാനത്തിന്റെ മുഖച്ഛായ മാറ്റാൻ എംഎൽഎഫ്എഫ് സംവിധാനത്തിന് കഴിയുമെന്ന് എൻഎച്ച്എഐ ചെയർമാൻ സന്തോഷ് കുമാർ യാദവ് പറഞ്ഞു. ഉപയോക്തൃ സൗഹൃദവും സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സംവിധാനമാണിതെന്നും വരും ദിവസങ്ങളിൽ രാജ്യമെമ്പാടും ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.