സൗജന്യ ഫോം വാഷ് സേവനവുമായി നിസാന്‍

By Web TeamFirst Published Mar 24, 2021, 4:08 PM IST
Highlights

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ രാജ്യത്തെ നിസാന്‍, ഡാറ്റ്‌സണ്‍ സര്‍വീസ് സെന്ററുകളില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഫോം വാഷ് സേവനം നല്‍കി 

കൊച്ചി: ലോക ജലദിനത്തോടനുബന്ധിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ രാജ്യത്തെ നിസാന്‍, ഡാറ്റ്‌സണ്‍ സര്‍വീസ് സെന്ററുകളില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഫോം വാഷ് സേവനം ലഭിക്കും. 1200 ഫോം വാഷിലൂടെ ഒരു ദിവസം  86,400 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നാണ് നിസാന്‍ കണക്കുകൂട്ടുന്നത്. 2014 ല്‍ ഫോം വാഷ് അവതരിപ്പിച്ചശേഷം ഇതുവരെ 15 ദശലക്ഷം ലിറ്റര്‍ വെള്ളം ലാഭിക്കാന്‍ സാധിച്ചതായി നിസാന്‍ അവകാശപ്പെടുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉപയോക്താക്കളുടെ വീടുകളില്‍ ലഭ്യമാക്കുന്ന ‘ഡ്രൈ വാഷ്’ സേവനം വഴി കാര്‍ ഉടമകള്‍ക്ക് നൂറ് ശതമാനം വെള്ളം ലാഭിക്കാന്‍ കഴിയും. ഉത്തരവാദിത്തമുള്ള കോര്‍പ്പറേറ്റ് പൗരനെന്ന നിലയില്‍ വെള്ളം സംരക്ഷിക്കുക മാത്രമല്ല ഉപയോക്താക്കളുടെ വിലയേറിയ സമയം കൂടിയാണ് സംരക്ഷിക്കുന്നതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

അതേസമയം വാഹനങ്ങള്‍ക്ക് വില കൂട്ടാന്‍ ഒരുങ്ങുകയാണ് നിസാന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള മോഡലുകളുടെ വില വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

'വാഹന നിര്‍മാണ ഘടകങ്ങളുടെ വിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ വര്‍ധനവ് പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ നിസാന്‍, ഡാറ്റ്‌സണ്‍ മോഡലുകളില്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഓരോ വേരിയന്റുകള്‍ക്കും വില വര്‍ധന വ്യത്യസ്തമായിരിക്കും' നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

click me!