ഡാറ്റ്സൻ ബ്രാൻഡ് ഇന്തോനേഷ്യയിൽ നിർത്തി നിസാൻ

By Web TeamFirst Published Mar 28, 2020, 3:10 PM IST
Highlights

ഡാറ്റ്‌സണ്‍ കാറുകളുടെ ഉല്‍പ്പാദനം ഇന്തോനേഷ്യയില്‍ അവസാനിപ്പിച്ചതായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

ഡാറ്റ്‌സണ്‍ കാറുകളുടെ ഉല്‍പ്പാദനം ഇന്തോനേഷ്യയില്‍ അവസാനിപ്പിച്ചതായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ ജാവ മേഖലയില്‍ കമ്പനിക്ക് നേരത്തെ രണ്ട് പ്ലാന്റുകള്‍ ഉണ്ടായിരുന്നു. നിസാന്‍ മോഡലുകള്‍ നിര്‍മിച്ചിരുന്ന പ്ലാന്റ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പൂട്ടിയിരുന്നു. ഡാറ്റ്‌സണ്‍ കാറുകള്‍ നിര്‍മിച്ചിരുന്ന പ്ലാന്റ് ഈ വര്‍ഷം ജനുവരിയിലാണ് അടച്ചത്.

പത്ത് ശതമാനം ശേഷി കുറയ്ക്കുമെന്ന കഴിഞ്ഞ വര്‍ഷത്തെ നിസാന്‍ പ്രഖ്യാപനമനുസരിച്ചാണ് ഇന്തോനേഷ്യയിലെ പ്ലാന്റുകള്‍ പൂട്ടുന്നത്. തീരുമാനം നടപ്പാക്കുന്നതോടെ ആഗോളതലത്തില്‍ 12,500 ഓളം തൊഴിലവസരങ്ങള്‍ ഇല്ലാതാകും. 2022 ഓടെ ആഗോളതലത്തില്‍ ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് ഉപേക്ഷിക്കാനാണ് നിസാന്റെ പദ്ധതി. ഇന്തോനേഷ്യ, റഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക പോലുള്ള വിപണികളെയാണ് ഡാറ്റ്‌സണ്‍ ബ്രാന്‍ഡിലൂടെ നിസാന്‍ ഉന്നം വെച്ചിരുന്നത്.

നിലവില്‍ ഇന്തോനേഷ്യയില്‍ വില്‍ക്കുന്ന എക്‌സ്- ട്രെയ്ല്‍, സെറീന എന്നീ നിസാന്‍ മോഡലുകള്‍ ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. നവാര പിക്ക്അപ്പ്, ടെറ എസ് യുവി മോഡലുകള്‍ തായ്‌ലന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു. മിറ്റ്‌സുബിഷി എക്‌സ്പാന്‍ഡര്‍ അടിസ്ഥാനമാക്കിയ നിസാന്‍ ലിവിന എംപിവി മിറ്റ്‌സുബിഷിയുടെ ഇന്തോനേഷ്യന്‍ ഫാക്റ്ററിയില്‍ നിര്‍മിക്കുകയാണ്. ഈ മോഡലുകളുടെ വില്‍പ്പന നിസാന്‍ ഇന്തോനേഷ്യ തുടരും. തായ്‌ലന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കിക്‌സ് എസ് യുവി ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

അതേസമയം, ഡീലര്‍ഷിപ്പുകളിലെ നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ന്നാല്‍ ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് കാറുകള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കും. ഗോ, ഗോ പ്ലസ്, ഗോ ക്രോസ് എന്നീ ഡാറ്റ്‌സണ്‍ മോഡലുകളാണ് ഇന്തോനേഷ്യയില്‍ വില്‍ക്കുന്നത്. ഇന്തോനേഷ്യയില്‍ ഡാറ്റ്‌സണ്‍ കാറുകളുടെ വില്‍പ്പന വളര്‍ച്ച ഓരോ വര്‍ഷം കഴിയുന്തോറും കുറയുകയാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 7,000 യൂണിറ്റ് മാത്രമാണ് വിറ്റത്.

click me!