നിസാന്‍ മാഗ്നൈറ്റ് മെയില്‍ എത്തും

By Web TeamFirst Published Mar 30, 2020, 3:48 PM IST
Highlights

 നിസാന്‍റെ മാഗ്നൈറ്റ് എന്ന വാഹനം മെയ് മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കോംപാക്ട് എസ്‌യുവികൾക്ക് ഇന്ത്യൻ വിപണിയിലുള്ള ജനപ്രിയത പ്രയോജപ്പെടുത്താൻ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാനും എത്തുകയാണ്. കമ്പനി അവതരിപ്പിക്കുന്ന മാഗ്നൈറ്റ് എന്ന വാഹനം മെയ് മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മാഗ്‌നൈറ്റ് കോംപാക്‌ട് എസ്‌യുവി എന്ന പേര് ഔദ്യേഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ മോഡലിന് ഈ പേരുതന്നെ ലഭിക്കുമെന്നാണ് സൂചന. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം നിസാൻ ഒരുക്കുന്നത്. റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെയും നിര്‍മ്മാണം.  ഫീച്ചര്‍ സമ്പന്നമാവും ഈ അഞ്ച് സീറ്റര്‍ വാഹനം. നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കുന്നത്.

നിസാന്‍റെ തന്നെ കിക്ക്‌സിനോട് സാമ്യമുള്ള ഡിസൈനായിരിക്കും ഈ വാഹനത്തിനും. നിസ്സാന്‍ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ഫ്ളോട്ടിങ് റൂഫ്, സില്‍വര്‍ നിറത്തിലുള്ള റൂഫ് റെയിലുകള്‍, വലിപ്പം കൂടിയ C-പില്ലര്‍, വശങ്ങളിലേക്ക് കയറി നില്‍ക്കുന്ന ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍ തുടങ്ങിയവ ടീസര്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍, ഈ വാഹനത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

98 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന വാഹനമായിരിക്കും നിസാന്റെ ഈ കോപാക്ട് എസ്‌യുവി. പിന്നീട് മറ്റ്‌വിദേശ രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതി ചെയ്യുമെന്നാണ് സൂചന. മെയ്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് (ലോക വിപണിയ്ക്കായി ഇന്ത്യയില്‍ നിര്‍മ്മിക്കുക) എന്ന തത്വത്തില്‍ അധിഷ്ഠിതമായി ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന വാഹനമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്‌യുവി 300, ടാറ്റ നെക്‌സോണ്‍,  വരാനിരിക്കുന്ന കിയ സോണറ്റ് തുടങ്ങിയവരായിരിക്കും നിസാന്‍ മാഗ്‌നൈറ്റിന്റെ മുഖ്യ എതിരാളികൾ.

click me!