ചെലവ് 49,000 കോടി! ദേശീയപാതയിൽ 75 സൂപ്പർ തുരങ്കപാതകൾ, പണി പണ്ടേ തുടങ്ങിയെന്ന് നിതിൻ ഗഡ്‍കരി

Published : Dec 06, 2024, 01:38 PM IST
ചെലവ് 49,000 കോടി! ദേശീയപാതയിൽ 75 സൂപ്പർ തുരങ്കപാതകൾ, പണി പണ്ടേ തുടങ്ങിയെന്ന് നിതിൻ ഗഡ്‍കരി

Synopsis

75 ടണൽ പദ്ധതികൾ നിലവിൽ രാജ്യത്തുടനീളം നിർമ്മാണത്തിലാണെന്ന് പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ആണ് ഈ പാതകൾ നിർമ്മിക്കുന്നത്.

49,000 കോടി രൂപ മുതൽമുടക്കിൽ 75 ടണൽ പദ്ധതികൾ നിലവിൽ രാജ്യത്തുടനീളം നിർമ്മാണത്തിലാണെന്ന് പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ആണ് ഈ പാതകൾ നിർമ്മിക്കുന്നത്. 2024ലെ ലോക ടണൽ ദിന സമ്മേളനത്തിലാണ് ഗഡ്‍കരി ഇന്ത്യയുടെ തുരങ്ക മേഖലയ്ക്കുള്ളിലെ അപാരമായ യാത്രാ സാധ്യതകൾ എടുത്തുപറഞ്ഞത്. സുരക്ഷിതവും സുസ്ഥിരവുമായ തുരങ്കനിർമ്മാണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.  

"ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുക എന്ന സ്വപ്‍നമാണ് നമ്മുടെ പ്രധാനമന്ത്രിക്കുള്ളതെന്നു പറഞ്ഞ ഗഡ്‍കരി ഈ ലക്ഷ്യത്തിനായി, രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളുടെ ഒരു അന്താരാഷ്ട്ര നിലവാരം നമുക്ക് ആവശ്യമാണെന്നും വ്യക്തമാക്കി. രാജ്യത്തെ മികച്ച അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നൽകിയിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.

20,000 കോടി രൂപ ചെലവിൽ 49 കിലോമീറ്റർ നീളമുള്ള 35 ടണൽ പദ്ധതികൾ എൻഎച്ച്എഐ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, 49,000 കോടി രൂപയുടെ സംയോജിത നിക്ഷേപത്തിൽ 146 കിലോമീറ്റർ ദൈർഘ്യമുള്ള 75 ടണൽ പദ്ധതികൾ നിലവിൽ നടക്കുന്നുണ്ട്.  കൂടാതെ 285 കിലോമീറ്റർ വരുന്നതും 1.10 ലക്ഷം കോടി രൂപ മൂല്യമുള്ളതുമായ 78 പുതിയ ടണൽ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും നിതിൻ ഗഡ്‍കരി വ്യക്തമാക്കി.

ബ്രഹ്മപുത്ര നദിക്ക് താഴെയുള്ള ഒരു പ്രധാന ടണൽ പദ്ധതിയുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയും ഗഡ്കരി പങ്കിട്ടു. 

“രണ്ട് ദിവസം മുമ്പ് ഞാൻ അസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രഹ്മപുത്ര നദിയുടെ അടിയിൽ ഒരു വലിയ തുരങ്കം നിർമ്മിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. അതിനാൽ, ഈ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ കോൺട്രാക്ടർമാർക്കും കൺസൾട്ടൻ്റുമാർക്കും വലിയ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നുന്നു, ”അദ്ദേഹം പറഞ്ഞു. 

റോഡ് ശൃംഖലയുടെ കാര്യത്തിൽ മാത്രമല്ല, ജലവൈദ്യുത പദ്ധതികൾ, മെട്രോ, റെയിൽവേ തുടങ്ങി എല്ലായിടത്തും തുരങ്കം വളരെ പ്രധാനപ്പെട്ട ഘടകമാണെന്നും ഗഡ്‍കരി കൂട്ടിച്ചേർത്തു. 

PREV
Read more Articles on
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ