ഈ വണ്ടികള്‍ പൊളിക്കാനുള്ള പണികള്‍ തുടങ്ങിയെന്ന് കേന്ദ്രം!

By Web TeamFirst Published May 24, 2020, 3:28 PM IST
Highlights

പഴയ വാഹനങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള  പൊളിക്കല്‍ നയം (സ്‌ക്രാപേജ് പോളിസി) തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. 

മുംബൈ: പഴയ വാഹനങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള  പൊളിക്കല്‍ നയം (സ്‌ക്രാപേജ് പോളിസി) തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. നിശ്ചിത വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള നയം തയ്യാറായ കാര്യം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരിയാണ് വ്യക്തമാക്കിയത്. പദ്ധതി പ്രാബല്യത്തിലാകുന്നതോടെ  അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മുന്‍നിര വാഹനനിര്‍മാണ ഹബ്ബ് ആയി മാറുമെന്നും മന്ത്രി പറഞ്ഞു. 

വാഹന പൊളിക്കല്‍ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്കിളിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്റര്‍ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുശേഷം വാഹന റീസൈക്കിളിങ്ങിന് സാധിക്കുന്ന ഓട്ടോമൊബൈല്‍ ക്ലെസ്റ്ററുകള്‍ തുറമുഖങ്ങള്‍ക്ക് സമീപത്ത് സ്ഥാപിക്കുമെന്നും ഗഡ്‍കരി അറിയിച്ചു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ പരമ്പരാഗത ഇന്ധനങ്ങളിലും അല്ലാതെയുമുള്ള വാഹനങ്ങളുടെ പ്രധാന ഉത്പാദന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 2019 ഒക്ടോബറിലാണ് 'സ്‌ക്രാപേജ്' സംവിധാനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 15 വര്‍ഷത്തിലധികം പഴമുള്ള വാഹനങ്ങളുടെ പുനര്‍രജിസ്‌ട്രേഷനുള്ള ഫീസ് 25 ഇരട്ടിയായി ഉയര്‍ത്തണമെന്ന് മുമ്പ് കരട് നിര്‍ദേശമുണ്ടായിരുന്നു. 15 വര്‍ഷത്തിനുശേഷം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തുടരുന്നത് പുതിയ വാഹനങ്ങളുടെ വില്‍പ്പനയെ ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിര്‍ദേശം. 

കേന്ദ്ര സര്‍ക്കാര്‍ ഈ നയം ഉടന്‍ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.  കാലപ്പഴക്കം സംഭവിച്ചിട്ടുള്ള ബസുകള്‍, ലോറികള്‍, കാറുകള്‍ തുടങ്ങി എല്ലാ വാഹനങ്ങളും പൊളിക്കുന്നത് സംബന്ധിച്ച് നയത്തില്‍ വിശദമാക്കും. പൊളിക്കല്‍ നയം ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത് വാഹന വ്യവസായത്തിനായിരിക്കും. പുതിയ വാഹനങ്ങളുണ്ടാക്കുന്നതിനുള്ള ഉത്പാദാന ചെലവ്‌ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. 

2030-ഓടെ ഉരുക്ക് ഉത്പാദനം വര്‍ഷം 30 കോടി ടണ്‍ ആയി ഉയര്‍ത്താനാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വാഹനങ്ങള്‍ പൊളിക്കുന്നതിലൂടെ ഇന്ത്യയുടെ ഉരുക്ക് വ്യവസായത്തിനും കരുത്തേകുമെന്നാണ് വിലയിരുത്തലുകള്‍. 15 വര്‍ഷത്തിലധികം പഴക്കമുള്ള ബസ്, ലോറി തുടങ്ങിയ വാഹനങ്ങളെ ആയിരിക്കും പൊളിക്കല്‍ നയം പ്രധാനമായും ബാധിക്കുക എന്നാണ് സൂചന. 
 

click me!