സര്‍ക്കാര്‍ അനുമതിയില്ല, തലസ്ഥാനത്തെ ബൈക്ക് ടാക്സി സംരംഭം പാളി

By Web TeamFirst Published Mar 4, 2019, 12:03 PM IST
Highlights

തലസ്ഥാനത്ത് തുടങ്ങാനിരുന്ന ബൈക്ക് ടാക്സി സംരംഭം  പാളി. സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങാതെ ഉദ്‍ഘാടനത്തിന് ഒരുങ്ങിയ സംരംഭകരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു

തിരുവനന്തപുരം: തലസ്ഥാനത്ത് തുടങ്ങാനിരുന്ന ബൈക്ക് ടാക്സി സംരംഭം  പാളി. സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങാതെ ഉദ്‍ഘാടനത്തിന് ഒരുങ്ങിയ സംരംഭകരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. ബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റാപ്പിഡോ എന്ന  സ്ഥാപനമാണ് ബൈക്ക് ടാക്സികൾ എന്ന സംരംഭത്തിന് പിന്നിൽ. 

ശംഖുമുഖത്ത് ഡെപ്യൂട്ടി സ്പീക്കർ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തുമെന്നും അറിയിച്ചു. എന്നാൽ, മണിക്കൂറുകൾ കാത്തുനിന്നിട്ടും ഡെപ്യൂട്ടി സ്പീക്കർ എത്തിയില്ല. പകരം എത്തിയത് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ്. കന്പനി അധികൃതരോട് രേഖകൾ ആവശ്യപ്പെട്ടു. പക്ഷെ കൈയ്യിൽ ഇല്ലെന്നായിരുന്നു മറുപടി.

36 നഗരങ്ങളിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി  റാപ്പിഡോ ഇരുചക്രവാഹന ടാക്സികൾ ഓടിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെന്നാണ് സ്ഥാപനമേധാവികൾ പറയുന്നത്. ഉദ്ഘാടനത്തിന് ശേഷം സംസ്ഥാനസർക്കാരിന്റെ അനുമതി വാങ്ങാനായിരുന്നു ഉദ്ദേശമത്രെ.

30ഓളം ബൈക്കുകൾ ടാക്സിയായി ഓടിത്തുടങ്ങാൻ ശംഖുമുഖത്ത്  എത്തിയിരുന്നു.  ഉടൻ തന്നെ അനുമതി വാങ്ങുമെന്നാണ് കമ്പനി അധികൃകർ പറയുന്നത്. അതേസമയം ടാക്സി പെർമെറ്റില്ലാത്ത വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

click me!