ബസ് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ല, ഡ്രൈവർക്ക് പിഴ!

By Web TeamFirst Published Sep 21, 2019, 5:20 PM IST
Highlights

ബസ് ഓടിക്കുമ്പോള്‍ ഹെൽമെറ്റ് ധരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഡ്രൈവര്‍ക്ക് പിഴ 

പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കേസുകളും പിഴകളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളില്‍ സജീവമാണ്.  നിയമലംഘനങ്ങള്‍ക്കുള്ള വന്‍ പിഴകള്‍ക്ക് പുറമേ നിരവധി കൗതുക വാര്‍ത്തകളും പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയെത്തുന്നുണ്ട്. ഹെൽമെറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് ഉത്തര്‍പ്രദേശില്‍ പിഴ ചുമത്തിയതും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഓട്ടോ ഡ്രൈവർക്ക് പിഴയിട്ടതും കാളവണ്ടി ഉടമക്ക് പൊലീസ് പിഴ ചുമത്തിയതുമൊക്കെ അത്തരം ചില വാര്‍ത്തകളാണ്

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്  മറ്റൊരു രസകരമായ വാർത്ത. ബസ് ഓടിക്കുമ്പോള്‍ ഹെൽമെറ്റ് ധരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഡ്രൈവര്‍ക്ക് മോട്ടോർ വാഹനവകുപ്പ് 500 രൂപ പിഴ ചുമത്തിയിരിക്കുന്നു. നോയിഡയിലെ ട്രാൻസ്പോർട്ട് കമ്പനിയ്ക്കാണ് പിഴ ലഭിച്ചത്. സ്‍കൂൾ ബസും സ്വകാര്യ കമ്പനികളുടെ സ്റ്റാഫ് ബസുമായി വാഹനങ്ങളെ ഓടിക്കുന്ന കമ്പനിയാണിത്.  

മോട്ടോർ വാഹന വകുപ്പിന്റെ ഓൺലൈൻ പോർട്ടലിലാണ് പിഴയെപ്പറ്റിയുള്ള വിവരങ്ങളുള്ളത്. ഏകദേശം 50 ബസുകളുള്ള ട്രാൻസ്പോർട്ട് കമ്പനിയുടെ ഒരു ബസിന്റെ പേരിലാണ് പിഴ വന്നിരിക്കുന്നത്. സെപ്റ്റംബർ 11 ന് നിയമ ലംഘനം നടത്തിയെന്നാണ് ബസിന്‍റെ പേരിലുള്ള കുറ്റം. 

എന്നാല്‍ സാങ്കേതിക തകരാർ കാരണമായിരിക്കും ഇങ്ങനെ സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഇതിന് മുമ്പ് 4 പ്രവശ്യം ഈ ബസിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു. 

click me!