പൊലീസിനെ കബളിപ്പിക്കുന്ന സൂത്രം ടിക് ടോക്കിൽ; പിന്നെ സംഭവിച്ചത്!

By Web TeamFirst Published Mar 19, 2019, 11:44 AM IST
Highlights

വാഹന പരിശോധനയില്‍ നിന്നും പൊലീസിനെയും മോട്ടോര്‍വാഹന വകുപ്പിനെയും കബളിപ്പിച്ചു രക്ഷപ്പെടാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കിവയ്ക്കുന്ന വിദ്യ ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്‍ത യുവാവിനെ അധികൃതര്‍ വീട്ടിലെത്തി പിടികൂടി.  

ആലപ്പുഴ: വാഹന പരിശോധനയില്‍ നിന്നും പൊലീസിനെയും മോട്ടോര്‍വാഹന വകുപ്പിനെയും കബളിപ്പിച്ചു രക്ഷപ്പെടാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കിവയ്ക്കുന്ന വിദ്യ ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്‍ത യുവാവിനെ അധികൃതര്‍ വീട്ടിലെത്തി പിടികൂടി.  ആലപ്പുഴ ആര്യാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത യുവാവാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ദിവസമാണ് വീഡിയോ വൈറലായത്. ബൈക്കിന്‍റെ പിൻസീറ്റിൽ ഇരിക്കുന്നവർക്കു നമ്പർ പ്ലേറ്റ്  കൈ കൊണ്ടു അനായാസം മടക്കി വയ്ക്കാന്‍ സാധിക്കുന്നതായിരുന്നു ഈ സംവിധാനം. പള്‍സര്‍ ബൈക്കിന്റെ പിന്നില്‍ ഈ സംവിധാനം ഘടിപ്പിച്ച വീഡിയോ ആണ് പ്രചരിച്ചത്. 

തുടര്‍ന്ന് ഈ ബൈക്കിന്‍റെ ആർസി ഉടമയെ അന്വേഷിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥർ എത്തിയതെങ്കിലും വാഹനം മറ്റൊരാൾക്കു വിറ്റതായി കണ്ടെത്തുകയായിരുന്നു. യുവാവ് ബൈക്ക് വാങ്ങി പ്രത്യേകം രൂപകൽപന ചെയ്ത ഫ്രെയിമിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ ഒരു ലക്ഷത്തിലധികം പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹന പരിശോധനകളില്‍ നിന്നും രക്ഷപ്പെടാനാണ് ഈ സൂത്രം വികസിപ്പിച്ചെടുത്തതെന്ന് യുവാവ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും യുവാവിനും ബൈക്ക് ഉടമയ്ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാലാണു കർശന നടപടിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

click me!