ആക്ടീവയെക്കാള്‍ വിലക്കുറവ്, എണ്ണ വേണ്ടേവേണ്ട, കൊതിപ്പിക്കും സുന്ദരി എത്തി!

By Web TeamFirst Published Aug 15, 2021, 10:13 PM IST
Highlights

ജനപ്രിയ മോഡലായ ഹോണ്ട ആക്ടിവായെക്കാള്‍ വിലക്കുറവിലാണ് ഒലയുടെ സ്‍കൂട്ടര്‍ എത്തിയിരിക്കുന്നതെന്നാണ് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ വാഹന ലോകം ഏറെനാളായി കൊതിയോടെ കാത്തിരുന്ന ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒടുവില്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. ജനപ്രിയ മോഡലായ ഹോണ്ട ആക്ടിവായെക്കാള്‍ വിലക്കുറവിലാണ് ഒലയുടെ സ്‍കൂട്ടര്‍ എത്തിയിരിക്കുന്നതെന്നാണ് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെയിം2 സബ്‍സിഡി ഉള്‍പ്പെടെയാണ് ഈ വില എന്നാണ് റിപ്പോര്‍ട്ടുകള്‍. 10 നിറങ്ങളിലാണ് ഒല സ്‍കൂട്ടറുകള്‍ എത്തുന്നത്. 

പുറം കാഴ്‍ചയില്‍ ഒരുപോലെ ഇരിക്കുന്ന ഈ രണ്ട് വേരിയന്‍റുകള്‍ക്കു ഫീച്ചറുകള്‍, റേഞ്ച്, റൈഡിങ്ങ് മോഡുകള്‍ എന്നിവയില്‍ വ്യത്യാസമുണ്ട്. എസ്-1 പ്രോയാണ് ഒല സ്‌കൂട്ടര്‍ നിരയിലെ ഉയര്‍ന്ന വകഭേദം. അടിസ്ഥാന വേരിയന്‍റായ എസ് 1ല്‍ നിന്ന് വ്യത്യസ്‍തമായി വോയിസ് കണ്‍ട്രോള്‍, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് എസ്-1 പ്രോയില്‍ നല്‍കിയിട്ടുള്ളത്.  3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗതയും ഏഴ് സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗതയും എസ് 1 പ്രോ മോഡൽ കൈവരിക്കും. മണിക്കൂ‌റിൽ 115 കിലോമീറ്ററാണ്  വാഹനത്തിന്റെ പരമാവധി വേ​ഗത. നോർമൽ, സ്പോർട്സ്, ഹൈപ്പർ എന്നീ മൂന്ന് റൈഡിങ് മോഡുകളാണ് എസ് 1 പ്രോയിലുള്ളത്. 

അടിസ്ഥാന വേരിയന്‍റായ എസ്1 3.6 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗതയും ഏഴ് സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗതയും കൈവരിക്കും. മണിക്കൂ‌റിൽ 90 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേ​ഗത. നോർമൽ, സ്പോർട്‍സ് എന്നീ റൈഡിങ് മോഡുകളും വാഹനത്തിനുണ്ട്. ഫുൾ ചാർജിൽ പരമാവധി 121 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അഞ്ച് നിറങ്ങളിൽ എസ് 1 മോഡൽ ലഭ്യമാണ്.  8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇരു വേരിയന്റുകളുടെയും ഹൃദയം. എന്നാല്‍, എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. 

ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂര്‍ണമായും ചാര്‍ജ് നിറയാന്‍ 6.30 മണിക്കൂറാണ് എടുക്കും.

അടിസ്ഥാന വകഭേദമായ എസ്-1 അഞ്ച് നിറങ്ങളില്‍ വിപണിയില്‍ എത്തും. എന്നാല്‍ ഉയര്‍ന്ന വകഭേദമായ എസ്-1 പ്രോ പത്ത് നിറങ്ങളില്‍ എത്തുന്നുണ്ട്. ഒക്ടാ-കോര്‍ പ്രോസസര്‍, 3ജി.ബി. റാം, 4ജി ഹൈസ്പീഡ് കണക്ടിവിറ്റി, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാര്‍ട്ട് വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ് ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റന്‍സ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഇതില്‍ ഉണ്ട്.

സ്‌കൂട്ടര്‍ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന സ്‌റ്റോറേജ് സ്‌പേസാണ് ഇതിലുള്ളത്. 36 ലിറ്ററാണ് ഈ സ്‌കൂട്ടറിന്‍റെ ബൂട്ട് സ്‌പേസ്. ടൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമില്‍ ഒരുങ്ങിയിട്ടുള്ള ഒല ഇലക്ട്രിക് സ്‌കൂട്ടറിന് 12 ഇഞ്ച് അലുമിനിയം അലോയി വീലുകളാണ് നല്‍കിയിട്ടുള്ളത്. കോംബി ബ്രേക്ക് സംവിധാനത്തിനൊപ്പം മുന്നില്‍ 220 എം.എം. ഡിസ്‌കും പിന്നില്‍ 180 എം.എം. ഡിസ്‌കും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സുരക്ഷ. 

വാഹനത്തില്‍ കണക്റ്റഡ് സ്മാർട്ട് മൊബിലിറ്റി ഉണ്ടായിരിക്കും. ഇൻസ്ട്രുമെന്റ് കൺസോളിനായി സംയോജിപ്പിച്ച ഒരു വലിയ 7.0 ഇഞ്ച് TFT ഷാട്ടർപ്രൂഫ് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേ ഉപയോഗിക്കും, ഇത് ഇ-സിം ഇന്റർനെറ്റ് കണക്റ്റിവിറ്റിയെ പിന്തുണയ്‌ക്കും. കമ്പനി വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുമായി സ്കൂട്ടറിനെ പെയർ ചെയ്യാൻ ഇത് സഹായിക്കും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സ്കൂട്ടറിനെ നിരീക്ഷിക്കാനും അടുത്തുള്ള ചാർജിംഗ് സ്റ്റേഷനുകളും മറ്റും കണ്ടെത്താനാകും. 

സ്റ്റാൻഡേർഡായി കീലെസ് എൻട്രിയും സ്കൂട്ടറിന്റെ സവിശേഷതയാണ്. ഇലക്ട്രിക് സ്കൂട്ടറിന്റെ സൗണ്ടിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഗ്രാഫിക്സിനായി ബോൾട്ട്, കെയർ, വിന്റേജ്, വണ്ടർ, കസ്റ്റം എന്നിങ്ങനെ വ്യത്യസ്ത മൂഡുകളും S1 -ൽ ഉണ്ട്. ഓൺബോർഡ് നാവിഗേഷൻ, മൊബൈൽ ആപ്പ് കണക്റ്റിവിറ്റി, ഇൻബിൽറ്റ് മൈക്കുകൾ, സ്കൂട്ടറിൽ സ്പീക്കർ എന്നിവയ്ക്കൊപ്പം AI വോയ്സ് അസിസ്റ്റന്റും വാഹനത്തിലുണ്ട്. ഉപയോക്താക്കൾക്ക് ഓൺബോർഡ് മൈക്കിലൂടെയും സ്പീക്കറുകളിലൂടെയും കോളുകൾ സ്വീകരിക്കാനും അവസാനിപ്പിക്കാനും കഴിയും. 

ഇലക്ട്രിക് സ്‍കൂട്ടറിനുള്ള റിസര്‍വേഷന്‍ ജൂലൈ 15ന് ടോക്കൺ തുകയായ 499 രൂപയ്ക്ക് കമ്പനി തുറന്നിരുന്നു. ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം റിസർവേഷനുകൾ ഇ-സ്‍കൂട്ടർ നേടിയത്. താൽപ്പര്യമുള്ളവർക്ക് 499 രൂപയുടെ റീഫണ്ടബിൾ ഡെപ്പോസിറ്റ് അടച്ച് വെബ്സൈറ്റിൽ വാഹനം റിസർവ് ചെയ്യാം. ഇതുവഴി ഉപഭോക്താക്കൾക്ക് ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രയോരിറ്റി ഡോർ സ്റ്റെപ്പ് ഡെലിവറി ലഭിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!