ഒല സ്‍കൂട്ടറിന്‍റെ ആദ്യ വിൽപ്പന തീയ്യതി മാറ്റി

By Web TeamFirst Published Sep 11, 2021, 3:05 PM IST
Highlights

സാങ്കേതിക പ്രശ്‍നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒലയുടെ തീയതി മാറ്റം.
 

ലയുടെ പുതിയ ഇലക്ട്രിക് സ്‍കൂട്ടറിന്‍റെ ആദ്യ വിൽപ്പന തീയ്യതി മാറ്റി. സെപ്റ്റംബർ 15 രാവിലെ എട്ടുമണിക്ക് ആദ്യ വിൽപ്പന നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാങ്കേതിക പ്രശ്‍നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒലയുടെ തീയതി മാറ്റം.

വാഹന വിൽപ്പന സെപ്റ്റംബർ എട്ടിന് ആരംഭിക്കുമെന്നും ഒക്ടോബർ മുതൽ പുതിയ സ്കൂട്ടറുകൾ ഉടമസ്ഥർക്കു കൈമാറുമെന്നുമായിരുന്നു ഓല ഇലക്ട്രിക്കിന്റെ വാഗ്‍ദാനം.  എന്നാൽ സാങ്കേതിക തകരാറുകൾ മൂലം ഇ സ്കൂട്ടറുകളുടെ ഓൺലൈൻ വിൽപ്പന ആരംഭിക്കുന്നത് 15നു മാറ്റുകയാണെന്ന് ഓല ചെയർമാനും ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗർവാൾ അറിയിക്കുകയായിരുന്നു. സ്‍കൂട്ടർ വാങ്ങാനായി മണിക്കൂറുകളോളം കാത്തിരുന്നവരോട് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്‍തു. വെബ്സൈറ്റിന്റെ ഗുണനിലവാരം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും അദ്ദേഹം അംഗീകരിച്ചു.

പൂർണമായും ഡിജിറ്റൽ ശൈലിയിലുള്ള വിൽപ്പന നടപടികളാവും ഓല പിന്തുടരുകയെന്ന് അഗർവാൾ അറിയിച്ചു. വാഹന വായ്പയ്ക്കുള്ള നടപടിക്രമങ്ങൾ പോലും പൂർണമായും ഡിജിറ്റൽ രീതിയിലാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതാദ്യമായി ഡിജിറ്റൽ രീതിയിൽ വാഹനം വാങ്ങാൻ അവസരമൊരുക്കാനാണ് ഓല ശ്രമിച്ചതെന്നും ആ ഉദ്യമം നടപ്പാക്കാനായില്ലെന്നും അഗർവാൾ വിശദീകരിച്ചു. തകരാറുകൾ പരിഹരിക്കാൻ ഒരാഴ്ചയെടുക്കുമെന്നാണു കരുതുന്നത്. അതിനാൽ സെപ്റ്റംബർ 15നു രാവിലെ എട്ടിന് ഓൺലൈൻ രീതിയിൽ ഓല സ്കൂട്ടർ വിൽപ്പന ആരംഭിക്കുമെന്ന് അഗർവാൾ അറിയിച്ചു. 

കൂടാതെ നിലവിലെ വാഹന റിസർവേഷനും ക്യൂവിലെ സ്ഥാനവുമൊക്കെ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം ബുക്ക് ചെയ്തവർക്ക് ആദ്യം സ്കൂട്ടർ വാങ്ങാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. വാഹനം കൈമാറാനുള്ള തീയതികളിലും മാറ്റമില്ല. ഇ സ്കൂട്ടർ അവതരണത്തിനു മുന്നോടിയായി ജൂലൈ മുതൽ തന്നെ ഓല പ്രീലോഞ്ച് ബുക്കിങ്ങിനു തുടക്കം കുറിച്ചിരുന്നു; ആദ്യ 24 മണിക്കൂറിൽ ഒരു ലക്ഷത്തോളം പേരാണ് 499 രൂപ അഡ്വാൻഡ് നൽകി ഇ സ്കൂട്ടർ ബുക്ക് ചെയ്തത്. തുടർന്ന് ഇതിനോടകം  ആകെ എത്ര ബുക്കിങ് ലഭിച്ചെന്ന് ഓല വെളിപ്പെടുത്തിയിട്ടില്ല. 

ഒല സ്‍കൂട്ടര്‍ വാങ്ങുന്നത് എങ്ങനെ?
ഒല ആപ്പിലെ പര്‍ച്ചേസ് വിന്‍ഡോ കഴിഞ്ഞ ദിവസം തുറന്നു. ബുധനാഴ്‍ച വൈകുന്നേരം 6 മുതലാണ് കമ്പനി​ പർച്ചേസ്​ വിൻഡോ തുറന്നത്​. നേരത്തേ വാങ്ങുന്നവർക്ക്​ മുൻഗണനാ ഡെലിവറി ലഭിക്കും. വാഹനം വാങ്ങലും നിറങ്ങളുടെ തെരഞ്ഞെടുപ്പും ടെസ്​റ്റ്​ ഡ്രൈവ്​ ബുക്കിങുമെല്ലാം ഓൺലൈനായാണ്​ നിർവഹിക്കേണ്ടത്​. വാഹനം ഹോം ​ഡെലിവറി ആയി വീട്ടിലെത്തിക്കും.

വാങ്ങല്‍ പ്രക്രിയ
ജൂലൈ 15 ന് ഓല സ്​കൂട്ടറുകൾക്ക് ബുക്കിംഗ്​ സ്വീകരിച്ചുതുടങ്ങിയിരുന്നു. നേരത്തെ റിസർവേഷൻ ഉള്ള ആർക്കും ഓൺലൈനായി ഓല സ്​കൂട്ടറുകളുടെ വാങ്ങൽ നടപടികളിലേക്ക് കടക്കാം. മുഴുവൻ വാങ്ങൽ പ്രക്രിയയും പരിധികളില്ലാതെ ഡിജിറ്റൽ ആയാണ്​ ലഭ്യമാക്കുന്നതെന്ന്​ കമ്പനി അധികൃതർ പറയുന്നു. ഷോറൂമുകൾ സന്ദർശിക്കാതെ വീട്ടിൽ ഇരുന്ന്​ ഓല സ്​കൂട്ടർ വാങ്ങാം. മുൻഗണനാ ക്രമത്തിലായിരിക്കും ഡെലിവറി നടക്കുക. സ്റ്റോക്​ അവസാനിക്കുന്നതുവരെ മാത്രമേ വിൻഡോ തുറന്നിരിക്കുകയുള്ളൂ.

ആവശ്യമായ വകഭേദവും ഇഷ്​ടപ്പെടുന്ന നിറവും തിരഞ്ഞെടുക്കുക എന്നതാണ് വാഹനം വാങ്ങുന്നതി​ന്‍റെ ആദ്യ പടി. എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട്​​ വേരിയൻറുകളാണ്​ ഒലക്കുള്ളത്​. 10 നിറങ്ങളിൽ നിന്നും 2 ഫിനിഷുകളിൽ നിന്നും ഇഷ്​ടമുള്ളതും​ തിരഞ്ഞെടുക്കാം. ആദ്യം ഓർഡർ ചെയ്​തതിന്​ ശേഷവും വേണമെങ്കിൽ വേരിയൻറിനേയും നിറത്തെയും മാറ്റാനും സാധിക്കും. പക്ഷേ വാഹനം ഡെലിവറിക്കായി പുറപ്പെടുന്നതുവരെ മാത്രമേ ഇത്​ സാധ്യമാവുകയുള്ളൂ.

പണം നൽകുന്നത്
ഓല ഫിനാൻഷ്യൽ സർവീസസ് (OFS)ഉപഭോക്​താക്കൾക്ക്​ തിരഞ്ഞെടുക്കാൻ സൗകര്യപ്രദമായ ഇൻ-ക്ലാസ് ഫിനാൻസിങ്​ ഓപ്ഷനുകൾ നൽകുമെന്ന്​ കമ്പനി പറയുന്നു. ഡൗൺപേയ്​മെൻറ്​ അടച്ചശേഷം ധനസഹായം ആവശ്യമുണ്ടെങ്കിൽ ഓല ഫിനാൻഷ്യൽ സർവീസസ് ​സഹായിക്കും. ഐഡിഎഫ്​സി ഫസ്റ്റ് ബാങ്ക്, എച്ച്​ഡിഎഫ്​സി, ടാറ്റ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുമായി ചേർന്നാണ്​ ഒല നിലവില്‍ പ്രവർത്തിക്കുന്നത്​. ഇഎംഐകൾ 2999 രൂപയിലും (ഓല എസ് 1 ) 3199 രൂപയിലും (ഓല എസ് 1 പ്രോ) ആരംഭിക്കും. എച്ച്ഡിഎഫ്​സി ബാങ്ക് ഓല ഇലക്ട്രിക് ആപ്പുകളിൽ മിനിറ്റുകൾക്കുള്ളിൽ യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് പ്രീ-അപ്രൂവ്ഡ് വായ്​പ നൽകും.

ടാറ്റ ക്യാപിറ്റലും ഐഡിഎഫ്​സി ഫസ്റ്റ് ബാങ്കും ഡിജിറ്റൽ കെവൈസി പ്രോസസ്സ് ചെയ്യുകയും യോഗ്യരായ ഉപഭോക്താക്കൾക്ക് തൽക്ഷണ വായ്​പ അനുമതികൾ നൽകും. ആധാർ കാർഡ്​, പാൻ കാർഡ, വിലാസത്തി​െൻറ തെളിവ്​ എന്നിവയാണ്​ ഉപഭോക്​താക്കൾ കയ്യിൽ കരുതേണ്ടത്​. ഫിനാൻസ്​ ആവശ്യമില്ലെങ്കിൽ ഓല എസ് 1 ന് 20,000 രൂപയോ ഓല എസ് 1 പ്രോയ്ക്ക് 25,000 രൂപയോ അഡ്വാൻസ് നൽകാം. ബാക്കി തുക മറ്റ്​ നടപടികൾ പൂർത്തിയാക്കു​മ്പോൾ നൽകിയാൽ മതി. ബുക്കിംഗ്​ റദ്ദാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഡൗൺ-പേയ്‌മെൻറും അഡ്വാൻസും പൂർണമായും റീഫണ്ട് ചെയ്യാവുന്നതാണ്. ഓല ഫാക്ടറിയിൽ നിന്ന് സ്​കൂട്ടർ അയയ്ക്കുന്നതുവരെ മാത്രമേ ബുക്കിംഗ്​ റദ്ദാക്കാനാവൂ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!