
ഓണ്‍ലൈന്‍ ടാക്സി സേവനദതാക്കളായ ഓല അവതരിപ്പിക്കാനൊരുങ്ങുന്ന ഇലക്ട്രിക് സ്‍കൂട്ടര്‍ എത്തുന്നത് വാഹന വിപണന രംഗത്ത് പുതിയൊരു രീതിക്ക് കൂടി തുടക്കം കുറിച്ചുകൊണ്ടാണെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാനാണ് ഓല ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം ഹോം ഡെലിവറി ചെയ്യാനാണ് ഒലയുടെ നീക്കമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പരമ്പരാഗത ഡീലർഷിപ്പ് സങ്കൽപ്പത്തിന് പകരം എക്സ്പീരിയൻസ് സെൻററുകൾ തുറക്കുകയും വാഹന ഡെലിവറി ഉൾപ്പടെയുള്ളവയിൽ വിപ്ലവകരമായ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയ്ക്കാണ് ഒല ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തേ 499 രൂപക്ക് വാഹനം ബുക്ക് ചെയ്യാനുള്ള അവസരവും ഓല നൽകിയിരുന്നു. ബുക്കിംഗ് തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം എന്ന മാജിക് സംഖ്യയില്‍ എത്താനും ഓലയ്ക്ക് സാധിച്ചു. ജൂലൈ 15നാണ് ഇ.വി സ്‍കൂട്ടർ ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് എന്നതിനുപകരം റിസർവ്വേഷൻ എന്നാണ് കമ്പനി ഈ പ്രക്രിയയെ വിളിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രീ ബുക്കിങ് ലഭിക്കുന്ന വാഹനമായി ഒല ഇവി മാറി.
നിലവില്‍ വിപണിയിലുള്ള ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ മൂന്നും നാലും നിറങ്ങളിൽ ലഭിക്കുമ്പോൾ ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ 10 നിറങ്ങളിലാണ് വിപണിയില്‍ എത്തുക. ഗ്ലോസി, മാറ്റ് ഫിനിഷിൽ ചുവപ്പ്, പിങ്ക്, മഞ്ഞ, സിൽവർ, വെളുപ്പ്, കറുപ്പ് നിറങ്ങളിലെല്ലാം ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ ലഭ്യമാകും എന്നാണ് സൂചന. സ്‍കൂട്ടരിന്‍റെ പേര് സംബന്ധിച്ചും നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. സീരീസ് എസ് എന്നായിരിക്കും ഒല സ്‍കൂട്ടറിന്റെ പേരെന്നാണ് റിപ്പോര്‍ട്ടുകളില്‍ ഒന്ന്. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകൾ പ്രതീക്ഷിക്കാം. 125 സിസി സ്‍കൂട്ടറുകളുടെ സമാന വിലയ്ക്ക് അവതരിപ്പിക്കാനാണ് ഒലയുടെ ശ്രമമെന്നും അങ്ങനെയെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് താഴെയാവും ഒല ഇലക്ട്രിക്ക് സ്‍കൂട്ടറിന്റെ വിലയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്‍പീഡ്, ഏറ്റവും വലിയ ബൂട്ട് സ്പേസ്, അതിനനൂതന സാങ്കേതികവിദ്യ തുടങ്ങിയവ, ഒല ഇലക്ട്രിക്കില്‍ നിന്നുള്ള വിപ്ലവകരമായ ഉത്പന്നത്തെ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടറാക്കി മാറ്റും എന്നാണ് കമ്പനി പറയുന്നത്.
കമ്പനിയുടെ ആദ്യ ഇലക്ട്രിക് വാഹനത്തിന്, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന അതിഗംഭീരമായ പ്രതികരണത്തില്‍ ആവേശഭരിതനാണെന്ന് ഒല ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറയുന്നു. ഉപഭോക്തൃ മുന്‍ഗണനകള്‍ വൈദ്യുത വഹനങ്ങളിലേക്ക് മാറുന്നതിനുള്ള വ്യക്തമായ സൂചനയാണിതെന്നും ഒല സ്‌കൂട്ടര്‍ ബുക്ക് ചെയ്‍ത് ഇവി വിപ്ലവത്തില്‍ പങ്കുചേര്‍ന്ന എല്ലാ ഉപഭോക്താക്കള്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona