നിക്ഷേപം 2400 കോടി, ലോകത്തിലെ ഏറ്റവും വലിയ സ്‍കൂട്ടര്‍ പ്ലാന്‍റ് തമിഴ്‍നാട്ടിലേക്ക്!

By Web TeamFirst Published Dec 14, 2020, 4:18 PM IST
Highlights

രണ്ട് ദശലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ ഫാക്ടറി സ്ഥാപിക്കാൻ തമിഴ്‍നാട് സർക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പിട്ടു

ഓണ്‍ലൈന്‍ ടാക്സി സേവനദതാക്കളായ ഓല ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണത്തിലേക്ക് കടക്കുകയാണെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ തമിഴ്‍നാട്ടില്‍ ലോകത്തിലെ ഏറ്റവും വലിയ സ്‍കൂട്ടര്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കാനൊരുങ്ങുകയാണ് ഒല എന്നാണ് പുതിയ വാര്‍ത്തകള്‍. രണ്ട് ദശലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ ഫാക്ടറി സ്ഥാപിക്കാൻ തമിഴ്‍നാട് സർക്കാരുമായി ഒല ധാരണാപത്രം ഒപ്പിട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2,400 കോടി ഡോളർ ചെലവിൽ നിർമ്മിക്കുന്ന ഫാക്ടറി പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ ഫാക്ടറി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, പ്രാദേശിക ഉൽ‌പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ സാങ്കേതിക വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും കമ്പനി പറയുന്നു. ഇവിടെ ഉൽ‌പാദിപ്പിക്കുന്ന യൂണിറ്റുകൾ‌ യൂറോപ്യൻ‌, ഏഷ്യൻ‌, ലാറ്റിൻ‌ അമേരിക്കൻ‌ മാർ‌ക്കറ്റുകളിലേക്ക് കയറ്റി അയക്കാനാണ് നീക്കം.  ഒപ്പം ഇവികൾ‌ ഉൽ‌പാദിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി പ്ലാന്റ് മാറുമെന്നും ഓല പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന മാസങ്ങളിൽ ഓല തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടക്കത്തിൽ നെതർലാൻഡിൽ നിർമ്മിച്ച ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിലും യൂറോപ്പിലും വിൽക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അനായാസം മാറ്റിയെടുക്കാവുന്നതും ഊർജസാന്ദ്രതയേറിയതുമായ ബാറ്ററിയോടെ കമ്പനി വികസിപ്പിക്കുന്ന ഈ സ്‍കൂട്ടറിന് ഒറ്റ ചാർജിൽ 240 കിലോമീറ്റർ ദൂരം ഓടാനാവും.  

ഈ വർഷം മെയ് മാസത്തിലാണ് ഓല ഇലക്ട്രിക് ആംസ്റ്റർഡാം ആസ്ഥാനമായുള്ള എറ്റെർഗോയെ ഏറ്റെടുക്കുന്നത്. 2021 ൽ ഇന്ത്യയിൽ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിച്ചിരുന്നതെന്നും എറ്റെർഗോ ഏറ്റെടുക്കൽ അതിന്റെ എഞ്ചിനീയറിംഗ്, ഡിസൈൻ കഴിവുകളെ കൂടുതൽ ശക്തിപ്പെടുത്തിയെന്നും കമ്പനി അന്നും വ്യക്തമാക്കിയിരുന്നു.

നിലവിൽ രാജ്യത്ത് വിൽപനയ്ക്കുള്ള പെട്രോൾ സ്‍കൂട്ടറുകളുമായുള്ള താരതമ്യം ചെയ്യുമ്പോള്‍ തികച്ചും മത്സരക്ഷമമായ വിലകളിൽ ഇ സ്‍കൂട്ടർ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.  ആദ്യ വർഷത്തിൽ ഒരു ദശലക്ഷം ഇ-സ്‍കൂട്ടറുകളുടെ വിൽപ്പനയാണ് ഓല ശ്രമിക്കുന്നതെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ നല്‍കുന്ന സൂചന. 

വാഹനങ്ങളുടെ പ്രാരംഭ ബാച്ചുകൾ നെതർലാൻഡിലെ നിർമാണ കേന്ദ്രത്തിൽ നിന്നും ഇറക്കുമതി ചെയ്യാനാണ് നീക്കം. പ്രാദേശിക ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നിറവേറ്റുന്നതിനാവും തമിഴ്‍നാട്ടിലെ പ്ലാന്‍റ് ഉപയോഗിക്കുക. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ ഇത് പ്രാവര്‍ത്തികമാക്കാനാണ് കമ്പനിയുടെ നീക്കം. കൂടുതൽ സമഗ്രമായ ഉൽ‌പന്ന പോർട്ട്‌ഫോളിയോ ഉണ്ടായിരിക്കണമെന്ന കമ്പനിയുടെ ആഗ്രഹം സാക്ഷാല്‍ക്കരിക്കാൻ തമിഴ്‌നാട്ടിലെ പ്ലാന്റ് സഹായിക്കും. 

ഫാക്ടറി ഓലയുടെ ഇലക്ട്രിക് സ്കൂട്ടറിൽ ആരംഭിച്ച് ഓലയുടെ വരാനിരിക്കുന്ന ഇരുചക്ര വാഹന ഉൽപ്പന്നങ്ങൾ നിർമ്മിക്കും. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി ഇലക്ട്രിക്, സ്മാർട്ട് അർബൻ മൊബിലിറ്റി സൊല്യൂഷനുകൾ അതിവേഗം നിർമ്മിക്കുന്നതിനാൽ ഈ വർഷം ആദ്യം ഓല തങ്ങളുടെ ഇലക്ട്രിക് ബിസിനസ്സിനായി രണ്ടായിരത്തിലധികം പേരെ നിയമിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ ഫാക്ടറി സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ സന്തുഷ്ടരാണെന്നും ഇത് ഓലയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണെന്നും ഓല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുസ്ഥിര മൊബിലിറ്റി പരിഹാരങ്ങളിലേക്ക് ലോകത്തെ മാറ്റുന്നതിനുള്ള കമ്പനിയുടെ ആഗ്രഹസാക്ഷാല്‍ക്കരം അതിവേഗം പുരോഗമിക്കുമ്പോൾ രാജ്യത്തിന് ഇത് ഒരു അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

click me!