"പലരും പാവങ്ങടെ മക്കളാ.." ബൈക്കഭ്യാസികളെ പിടിക്കാനിറങ്ങിയ ഉദ്യോഗസ്ഥന്‍റെ അനുഭവം!

Web Desk   | Asianet News
Published : Aug 09, 2021, 07:46 PM IST
"പലരും പാവങ്ങടെ മക്കളാ.." ബൈക്കഭ്യാസികളെ പിടിക്കാനിറങ്ങിയ ഉദ്യോഗസ്ഥന്‍റെ അനുഭവം!

Synopsis

"റോഡില്‍ ബൈക്കും കൊണ്ട് അഭ്യാസത്തിനിറങ്ങുന്നവരെ നേരിട്ട് തടയാന്‍ പേടിയാണ്. കാരണം ഇത്തരം അഭ്യാസങ്ങള്‍ക്ക് മുതിരുന്ന  പല ചെറുപ്പക്കാരും ലഹരി മരുന്നുകള്‍ക്ക് അടിമകളാണ്. ബൈക്കിന് കൈകാണിച്ചാല്‍ ജീവന്‍ നഷ്‍ടമാകുമെന്ന് ഉറപ്പാണ്.." ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‍പെക്ടര്‍ പറയുന്നു

തിരുവനന്തപുരം: "നടുറോഡില്‍ ലക്ഷങ്ങള്‍ വിലയുള്ള സൂപ്പര്‍ ബൈക്കുകളില്‍ ചീറിപ്പായുന്ന പിള്ളേര് ധനിക കുടുംബത്തില്‍ നിന്നുള്ളവരായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്.. പക്ഷേ അടുത്തറിഞ്ഞപ്പോഴാണ് അമ്പരന്നത്. ഭൂരിഭാഗവും, അതായത് ഇതില്‍ ഒരു 80 ശതമാനമെങ്കിലും പാവപ്പെട്ട വീടുകളിലെ കുട്ടികളാണ്. അന്നന്നത്തെ അന്നത്തിന് കഷ്‍ടപ്പെടുന്ന ഡ്രൈവര്‍മാരുടെയും കൂലിപ്പണിക്കാരുടെയും മക്കള്‍.."

റോഡുകളെ വിറപ്പിച്ച് ബൈക്കില്‍ പായുന്നവരെ പിടികൂടാന്‍ മോട്ടോര്‍വാഹന വകുപ്പ് തുടങ്ങിയ 'ഓപ്പറേഷന്‍ റാഷി'ന് ഇറങ്ങിയ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‍പെക്ടര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞ വാക്കുകളാണിത്. പത്തനംതിട്ട സ്വദേശിയായ ഈ ഉദ്യോഗസ്ഥന്‍ മറ്റുചില കാര്യങ്ങള്‍ കൂടി പറഞ്ഞു. 

"സത്യം പറഞ്ഞാല്‍ റോഡില്‍ ബൈക്കും കൊണ്ട് അഭ്യാസത്തിനിറങ്ങുന്നവരെ നേരിട്ട് തടയാന്‍ പേടിയാണ്. കാരണം ഇത്തരം അഭ്യാസങ്ങള്‍ക്ക് മുതിരുന്ന  പല ചെറുപ്പക്കാരും ലഹരി മരുന്നുകള്‍ക്ക് അടിമകളാണ്. ബൈക്കിന് കൈകാണിച്ചാല്‍ ജീവന്‍ നഷ്‍ടമാകുമെന്ന് ഉറപ്പാണ്.." അദ്ദേഹം പറയുന്നു.

ചങ്ങനാശേരിയില്‍ അടുത്തിടെ ബൈക്ക് റേസിംഗിനിടെ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്‍ടമായ അപകടത്തെ തുടർന്നാണ് സംസ്ഥാനത്ത് ഓപ്പറേഷൻ റാഷ് തുടങ്ങിയത്. ഗതാഗത കമ്മിഷണറുടെ നിർദേശം അനുസരിച്ചുള്ള നടപടി എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണ്. നേരത്തെയും ഇത്തരം പരിശോധനകള്‍ നടന്നിരുന്നെങ്കിലും  ഇപ്പോൾ കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. 

ഓപ്പറേഷന്‍ റാഷില്‍ പിടികൂടിയാല്‍ നിയമലംഘനത്തിന് പിഴയടച്ചു രക്ഷപ്പെടാന്‍ സാധിക്കില്ല. ആ രീതിയല്ല മോട്ടർ വാഹന വകുപ്പ് ഇപ്പോൾ നടപ്പാക്കുന്നത്. നേരെ കോടതിയിലേക്കു വിടും. ഇ – കോടതി വഴിയാണ് നടപടി. ഒന്നിലേറെ തവണ കുറ്റം ചെയ്‍താൽ ശിക്ഷ ഇരട്ടിയാകുമെന്ന് ഉറപ്പ്. ലൈസൻസ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പിന്നാലെ എത്തും.  വാഹനത്തിന് രൂപമാറ്റം വരുത്തിയാൽ ഓരോ രൂപമാറ്റത്തിനും 5000 രൂപയാണ് പിഴ. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ മാതാപിതാക്കൾക്കും വാഹന ഉടമയും കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരും. 

വാഹനത്തിന്റെ ഒച്ച കുറയ്ക്കാൻ നിർമാതാക്കൾ ഘടിപ്പിക്കുന്ന സൈലൻസർ മാറ്റി പകരം വലിയ ഒച്ചയുള്ളവ വയ്ക്കുന്നത് കുറ്റകരമാണ്. പക്ഷേ, പലരും ഇത് അറിഞ്ഞുകൊണ്ടു ലംഘിക്കുന്നതായും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മറ്റു യാത്രക്കാരെയും റോഡിനു സമീപത്തെ വീട്ടുകാരെയും ഭയപ്പെടുത്തി രാത്രി വൈകിയും ഇത്തരക്കാരുടെ ഓട്ടമുണ്ട്. ഇതെല്ലാം അധികൃതർ നിരീക്ഷിക്കുന്നുണ്ട്. നമ്പർ പ്ലേറ്റ് വയ്ക്കാതെ വാഹനം ഓടിക്കുന്നതും പ്രത്യേകം പരിശോധിക്കുന്നു. 

നടുറോഡില്‍ വണ്ടി തടഞ്ഞുപിടിച്ച് സ്വയം അപകടത്തിലാകുന്നതിനു പകരം ന്യൂജന്‍ സാങ്കേതിക വിദ്യകളെയാണ് ഇത്തരം അഭ്യാസികളെ കുടുക്കാ്ന‍ മോട്ടോര്‍ വാഹന വകുപ്പ് ഉപയോഗിക്കുന്നത്. ക്യാമറ ഓപ്പറേഷനാണ് അധികവും ഇപ്പോള്‍ നടത്തുന്നത്. ക്യാമറകളില്‍ കുടുങ്ങുന്ന അഭ്യാസ ബൈക്കുകളെയും ഉടമകളെയും ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് നടപടി. 

ഇത്തരം അഭ്യാസികളെ പിടിക്കാൻ പൊതുജനങ്ങളും നല്ല പിന്തുണ നൽകുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. അഭ്യാസികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന അഭ്യാസ വീഡിയോകള്‍ പൊതുജനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു എത്തിച്ചു നൽകുന്നുണ്ട്. ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റും വരുന്ന വീഡിയോകളുടെ ലിങ്ക് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുകയാണ് പലരും ചെയ്യുന്നത്. ഇതും ബൈക്ക് അഭ്യാസികളെ കുടുക്കാന്‍ സഹായിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona  

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ