കൊവിഡ് 19; കുഴപ്പത്തിലേക്ക് കൂപ്പുകുത്തി പാക്കിസ്ഥാന്‍ വാഹനവിപണി!

By Web TeamFirst Published Mar 26, 2020, 3:58 PM IST
Highlights

ഭയാനകമായ കൊറോണ വൈറസിന്റെ പരിണിത ഫലങ്ങൾക്ക് ഇതിനകം തന്നെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് പാക്കിസ്ഥാന്‍, പ്രത്യേകിച്ചും രാജ്യത്തെ വാഹന മേഖല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊറോണ വൈറസ് ഭീതി ലോകമെമ്പാടും പത്തിവിടര്‍ത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളെ കൊവിഡ് 19 പിടിച്ച് ഉലച്ചിരിക്കുകയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചൈനയിലെ വാഹന വിൽപ്പന റെക്കോർഡ് താഴ്‍ചയിലായിരുന്നു.

യൂറോപ്പിലെയും ഇന്ത്യയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ വാഹന നിര്‍മ്മാതാക്കള്‍ ഉൽപാദനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. അമേരിക്കയില്‍ ഫോർഡ്, ജിഎം തുടങ്ങിയ വാഹന നിർമ്മാതാക്കൾ മാസ്‍കുകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നിർമ്മിക്കാനുള്ള സാധ്യതയിലേക്ക് തിരിഞ്ഞു. 2020 ലോകത്തെ വിവിധ വാഹന വിപണികളെ സംബന്ധിച്ചിടത്ത് വളരെ ഇരുണ്ടതാണെങ്കിലും, പാകിസ്ഥാന്റെ വാഹനമേഖലക്ക് വന്‍ തിരിച്ചടിയാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  

പാക്കിസ്ഥാനിൽ ആയിരത്തിലധികം പോസിറ്റീവ് കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പ്രവിശ്യകൾ ലോക്ക് ഡൗൺ ചെയ്യാൻ ഉത്തരവിട്ടു കഴിഞ്ഞു. ദേശീയ ലോക്ക് ഡൗൺ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, ഭയാനകമായ കൊറോണ വൈറസിന്റെ പരിണിത ഫലങ്ങൾക്ക് ഇതിനകം തന്നെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് പാക്കിസ്ഥാന്‍, പ്രത്യേകിച്ചും രാജ്യത്തെ വാഹന മേഖല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്ത് പുതിയ വാഹന ലോഞ്ചുകൾ നടന്നിട്ട് നാളുകളായി. നടക്കാനിരുന്ന പല ലോഞ്ചുകളും നീട്ടിവച്ചു കഴിഞ്ഞു. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയിൽ നിന്നുള്ള യാരിസിന്‍റെ ലോഞ്ച് ആയിരുന്നു ഇവയിൽ ഏറ്റവും വലുത്. പുതിയ വാഹനങ്ങൾക്കുള്ള ഡിമാൻഡും കുത്തനെ കുറഞ്ഞു. പ്രാദേശിക വാഹന ഘടക നിർമ്മാണ മേഖല കനത്ത പ്രതിസന്ധിയിലാണ്.  ഇതും ഉല്‍പ്പാദന മേഖലയെ ബാധിച്ചു. 

2019 മുതൽ രാജ്യത്തെ വാഹന വിൽപ്പന കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 240,335 യൂണിറ്റ് കാറുകളും ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾസും (എൽസിവി) വിറ്റഴിച്ചതായിട്ടാണ് പാക്കിസ്ഥാന്റെ ദി ന്യൂസ് റിപ്പോർ. അന്നും ചില കമ്പനികൾ ഉൽ‌പാദനം താൽ‌ക്കാലികമായി നിർത്തിവച്ചിരുന്നു. ഇതിനു പിന്നാലെ കൊറോണ കൂടി വന്നതോടെ വാഹന മേഖല പൂര്‍ണമായും സ്‍തംഭിച്ചു. ഇനി ലോക്ക് ഡൗൺ രാജ്യ വ്യാപകമായി പ്രഖ്യാപിച്ചാല്‍ കമ്പനികളുടെ പ്രവർത്തനം നിർബന്ധിതമായും നിർത്തി വയ്ക്കേണ്ടി വരും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ വാഹന മേഖലയിലെ സ്ഥിതി കൂടുതല്‍ വഷളാകും. 2019നെ അപേക്ഷിച്ച് ഈ വര്‍ഷം പകുതിക്ക് താഴെ ആയെക്കും വില്‍പ്പന കണക്കുകള്‍ എന്നാണ് പലരും ഭയപ്പെടുന്നത്. 

പാക്കിസ്ഥാനിലെ വാഹന വ്യവസായം പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ കുറച്ചുകാലമായി ഇതു പതിവുമാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മറ്റേത് ലോക രാജ്യങ്ങളേക്കാളും പരുങ്ങലിലാണ് പാക്കിസ്ഥാന്‍റെ വാഹന വിപണി എന്നാതാണ് ആശങ്ക ഉയര്‍ത്തുന്നത്.  
 

click me!