
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ ആഭ്യന്തര വാഹനവിപണി കരകയറുന്നുവെന്ന് റിപ്പോര്‍ട്ട്. 2020 ജൂലൈയിലെ കണക്കുകള്‍ പ്രകാരം മേയ്, ജൂണ്‍ മാസങ്ങളെ അപേക്ഷിച്ച് പ്രധാന കമ്പനികളുടെയെല്ലാം കാർ വിൽപ്പനയിൽ വർധനവുണ്ടായി. 2019nz ഇതേ കാലയളവിനെ അപേക്ഷിച്ച് മാരുതി, ടാറ്റ, റെനോൾട്ട്, എം ജി തുടങ്ങിയ കമ്പനികളുടെ വിൽപ്പനയും വർധിച്ചു.
2019 ജൂലൈയെ അപേക്ഷിച്ച് കഴിഞ്ഞ മാസം മാരുതിക്ക് 1.3ഉം ടാറ്റക്ക് 43.2ഉം റെനോൾട്ടിന് 75.5ഉം എം.ജിക്ക് 39.6ഉം ശതമാനം വർധനവാണ് വിൽപ്പനയിലുണ്ടായത്. മാരുതി അൾട്ടോ (13654 യൂനിറ്റ്), വാഗൺ ആർ (13515), ബലേനോ (11575), ഹുണ്ടായി ക്രെറ്റ (11549), മാരുതി സ്വിഫ്റ്റ് (10173), ഡിസയർ (9046), എർട്ടിഗ (8504) എന്നിവയാണ് കഴിഞ്ഞമാസം വിൽപ്പനയിൽ മുൻനിരയിലുള്ള കാറുകൾ. മേയ് കണക്കുകൾ പ്രകാരം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എല്ലാ സംസ്ഥാനങ്ങളിലും കാർ വിൽപ്പന കുത്തനെ ഇടിഞ്ഞിരുന്നു. മേയിൽ വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത് കേരളമായിരുന്നു. 3282 കാറുകളാണ് വിറ്റത്. കഴിഞ്ഞവർഷം മേയിൽ 16569 യൂനിറ്റുകൾ വിറ്റ സ്ഥാനത്താണ് ഇത്.
നിലവിലെ ഡിമാന്‍ഡ് പിക്ക്-അപ്പ് പ്രധാനമായും മിനി പാസഞ്ചര്‍, വ്യക്തിഗത മൊബിലിറ്റി വാഹന വിഭാഗങ്ങളിലാണ് കാണപ്പെടുന്നത്. എന്തായാലും ജൂലൈ മാസത്തില്‍ ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ തുടര്‍ച്ചയായ പുരോഗതി, ആഭ്യന്തര വാഹന വിപണിയ്ക്ക് പ്രതീക്ഷ പകരുന്നു. ഇരുചക്ര വാഹനങ്ങളുടേയും പാസഞ്ചര്‍ വാഹനങ്ങളുടേയും ഡിമാന്‍ഡ് ജൂണിനെക്കാളും ജൂലൈ മാസത്തില്‍ ഉയര്‍ന്നുവെന്നതും ശ്രദ്ധേയം.
കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി നല്ലൊരു ശതമാനം ആളുകൾ പൊതുഗതാഗതത്തിൽ നിന്ന് സ്വന്തം വാഹനം എന്ന നിലയിലേക്ക് മാറുന്നുണ്ടെന്നും ഇതുമൂലം വരും ദിവസങ്ങളില്‍ വാഹന വിപണി കൂടുതൽ മെച്ചപ്പെടുമെന്നുമാണ് കമ്പനികളുടെ പ്രതീക്ഷ.
വരും ദിവസങ്ങളില്‍ പുതിയ കാറുകള്‍ക്കൊപ്പം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറു കാറുകള്‍ അഥവാ ഹാച്ച് ബാക്കുകള്‍ക്കായിരിക്കും ഏറെ പ്രിയമെന്നാണ് കണക്കുകൂട്ടലുകള്‍. അടുത്തിടെ മാരുതി സുസുക്കി ഇന്ത്യ ചെയര്മാന് ആര് സി ഭാര്‍ഗവ ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായങ്ങളെ ശരിവയ്ക്കുന്നതാണ് കൊവിഡ് 19 ആദ്യം ഭീഷണി ഉയര്‍ത്തി കടന്നുപോയ ചൈനയിൽ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. രോഗകാലത്തിനു മുമ്പുള്ളതിനേക്കാള്‍ ഡിമാന്റാണ് ചൈനീസ് വാഹന വിപണിയില്‍ ഇപ്പോള്‍.
അതേസമയം ട്രാക്ടര്‍ വിഭാഗത്തിലെ വില്‍പ്പനയുടെ വളര്‍ച്ചാ നിരക്കും മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഗ്രാമീണ വിപണിയിലെ ശക്തമായ ഡിമാന്‍ഡും ഉയര്‍ന്ന ഖാരിഫ് വിതയ്ക്കലും സമയബന്ധിതമായ മണ്‍സൂണും ഈ വിഭാഗത്തിലെ ഡിമാന്‍ഡ് മെച്ചപ്പെടുത്തി. കൂടാതെ, സര്‍ക്കാരിന്റെ ഗ്രാമീണ ചെലവുകളും ഗ്രാമീണ ഡിമാന്‍ഡ് ഒരു പരിധി വരെ ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ വാണിജ്യ വാഹനവിഭാഗം പൂര്‍ണമായും മെച്ചപ്പെട്ട വില്‍പ്പനയിലേക്ക് എത്തിയില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എങ്കിലും ജൂലൈയിലെ വില്‍പ്പനയില്‍ പുരോഗതിയുണ്ടാക്കാന്‍ വാണിജ്യ വാഹനമേഖലയ്ക്ക് സാധിച്ചിട്ടുണ്ട്.
വാണിജ്യ മേഖലയിലെ പ്രമുഖരായ അശോക് ലെയ്ലാന്ഡിന്റെ വില്‍പ്പന വര്‍ഷാ-വര്‍ഷ അടിസ്ഥാനത്തില്‍ 56 ശതമാനം കുറഞ്ഞെങ്കിലും, 99 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാണിജ്യ വാഹന വിഭാഗവും ഏകദേശം 25 ശതമാനത്തിന്റെ പുരോഗതി കാണിക്കുന്നു.
പിക്ക്-അപ്പ് വാഹന വിഭാഗത്തില്‍, ഗ്രാമീണ, അര്‍ധ നഗരവിപണികളില്‍ ഡിമാന്‍ഡ് ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന ശ്രേണി വിഭാഗത്തിലെ കാറുകളിലും സമാനമായ വില്‍പ്പന നിലവാരം പ്രകടമായാല്‍, വരും ആഴ്ചകളിലെ വില്‍പ്പന രാജ്യത്തെ വാഹന വിപണിയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വാഹനലോകത്തു നിന്നുള്ള പ്രതീക്ഷ.