ഇവിടെ അനധികൃത പാര്‍ക്കിംഗിന് ഇനി പിഴ 23,000 രൂപ വരെ!

Published : Jul 07, 2019, 04:25 PM IST
ഇവിടെ അനധികൃത പാര്‍ക്കിംഗിന് ഇനി പിഴ  23,000 രൂപ വരെ!

Synopsis

നഗരത്തിലെ നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടുന്നവരില്‍ നിന്നും ഭീമന്‍ തുക പിഴ ഇനത്തില്‍ ഈടാക്കാനുള്ള മുംബൈ നഗരസഭയുടെ തീരുമാനം ഇന്നുമുതല്‍ നിലവില്‍ വന്നു

മുംബൈ: നഗരത്തിലെ നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടുന്നവരില്‍ നിന്നും ഭീമന്‍ തുക പിഴ ഇനത്തില്‍ ഈടാക്കാനുള്ള മുംബൈ നഗരസഭയുടെ തീരുമാനം ഇന്നുമുതല്‍ നിലവില്‍ വന്നു. 5,000 രൂപ മുതല്‍ 23,000 രൂപ വരെ പിഴ ഈടാക്കനാണ് തീരുമാനം. 

ആദ്യ ഘട്ടത്തിൽ, ബദൽ പാർക്കിങ് സൗകര്യമുള്ള പ്രദേശങ്ങളിലായിരിക്കും ഉത്തരവ് നടപ്പാക്കുക. ഘട്ടംഘട്ടമായി ഇത് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. നിര്‍ത്തിയിട്ട വാഹനത്തിന്റെ മൂല്യവും സ്ഥലത്തിന്റെ വാണിജ്യപ്രാധാന്യവും കണക്കിലെടുത്താവും പിഴ സംഖ്യ തീരുമാനിക്കുക. പിഴയടയ്ക്കാന്‍ വൈകിയാല്‍ തുക വീണ്ടും ഉയരും. 

വലിയ വാഹനങ്ങളാണെങ്കില്‍ അത് 15,000 രൂപ മുതല്‍ 23,000 രൂപ വരെയായി ഉയരും. നഗരത്തിലെ 26 അംഗീകൃത പാര്‍ക്കിങ് സ്ഥലങ്ങളുടെയും 20 ബെസ്റ്റ് ഡിപ്പോകളുടെയും 500 മീറ്റര്‍ ചുറ്റളവിലാണ് ആദ്യഘട്ടത്തില്‍ വര്‍ധിച്ച പിഴ ഏര്‍പ്പെടുത്തുക. അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവരില്‍നിന്ന് പിഴയും അത് കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനുള്ള കൂലിയും ഈടാക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് ഇത് 5,000 രൂപ മുതല്‍ 8,300 രൂപ വരെ വരും. 

ഇത്രയും വലിയ തുക ഈടാക്കുന്നത് എതിര്‍പ്പിന് കാരണമാകുമെന്നതിനാല്‍ ട്രാഫിക് പോലീസിനെ സഹായിക്കാന്‍ വിരമിച്ച സൈനികരെയും സ്വകാര്യ സുരക്ഷാ ഭടന്‍മാരെയും നിയോഗിക്കാനുമാണ് തീരുമാനം. 

അനധികൃത പാര്‍ക്കിങ് പാടില്ലെന്ന് കാണിച്ചും പുതിയ പിഴ നിരക്കുകള്‍ കാണിച്ചും നഗരസഭ വിവിധയിടങ്ങളില്‍ നോട്ടീസുകള്‍ പതിച്ചുകഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നായ മുംബൈയിലെ  കാല്‍നട യാത്രക്കാരുടെയും വാഹന ഡ്രൈവര്‍മാരുടെയും സൗകര്യം മുന്‍നിര്‍ത്തിയാണ് കര്‍ശന നടപടിയെടുക്കുന്നതെന്നാണ്  നഗരസഭാധികൃതര്‍ പറയുന്നത്. മുംബൈ നഗരത്തിലാകെ 30 ലക്ഷ‌ത്തിലധികം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
തിരക്ക് കൂടിയ സമയത്തും നിരക്ക് കൂട്ടില്ല; യൂബറിന്‍റെയും ഒലയുടെയുമൊക്കെ നെഞ്ചിടിപ്പേറ്റി ഭാരത് ടാക്സി