Latest Videos

വെറും 100 ദിവസം, പിയാജിയോ ഇന്ത്യയില്‍ തുറന്നത് 100 പുതിയ ഷോറൂമുകള്‍!

By Web TeamFirst Published May 17, 2021, 11:55 AM IST
Highlights

ഇറ്റാലിയിന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോ ഇന്ത്യയില്‍ പുതുതായി നൂറ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്

ഇറ്റാലിയിന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോ ഇന്ത്യയില്‍ പുതുതായി നൂറ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നൂറ് ദിവസത്തിനുള്ളില്‍ ആണ് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇത്രയും ഷോറൂമുകള്‍ തുറന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇരുചക്ര, മൂന്നുചക്ര വാഹനങ്ങളുടെ ഷോറൂമുകളും ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ക്കായി ആരംഭിച്ച പ്രത്യേക എക്‌സ്പീരിയന്‍സ് സെന്ററുകളും ഇതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പിയാജിയോയുടെ ശൃംഖലയില്‍ 725 ലധികം വാഹന ഡീലര്‍ഷിപ്പുകളും 1100 ടച്ച്‌പോയന്റുകളുമായി. കൂടാതെ ആഫ്റ്റര്‍മാര്‍ക്കറ്റ് വിപണിയില്‍ വിതരണക്കാരുടെയും വ്യാപാരികളുടെയും ശക്തമായ ശൃംഖല ഉള്ളതായി കമ്പനി വ്യക്തമാക്കി.

പിയാജിയോയുടെ കൈവശം നിരവധി ഉല്‍പ്പന്നങ്ങളും എന്‍ജിനുകളും ഉണ്ടെന്നും ഉപഭോക്തൃ ആവശ്യകതയും അനുയോജ്യതയും കണക്കിലെടുത്ത് ഇന്ത്യയില്‍ കൊണ്ടുവരുമെന്നും പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ആന്‍ഡ് സിഇഒ ഡിയാഗോ ഗ്രാഫി പറഞ്ഞു. ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളുടെ സമീപം എത്തിക്കുന്നതിനായി നൂറ് പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പിയാജിയോയുടെ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനാണ് ഊന്നല്‍ കൊടുക്കുന്നതെന്ന് ഗ്രാഫി പറഞ്ഞു. പിയാജിയോയുടെ ആഗോള ബിസിനസില്‍ ഇന്ത്യന്‍ വിപണി പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 2021 ആദ്യ പാദത്തില്‍ ഇരുചക്ര വാഹന സെഗ്‌മെന്റില്‍ 90 ശതമാനത്തിലധികം വളര്‍ച്ചയാണ് പിയാജിയോ നേടിയത്. 2021 ആദ്യ പാദത്തില്‍ വാണിജ്യ വാഹന ബിസിനസിലും ഇരുചക്ര വാഹന ബിസിനസിലും വിപണി വിഹിതത്തില്‍ വളര്‍ച്ച നേടിയതായി കമ്പനി വ്യക്തമാക്കി.

ഈ വര്‍ഷം ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ അപ്രീലിയ എസ്എക്‌സ്ആര്‍ 160, എസ്എക്‌സ്ആര്‍ 125 സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചിരുന്നു. മൂന്നുചക്ര വാണിജ്യ വാഹന സെഗ്‌മെന്റില്‍ ഫിക്‌സ്ഡ് ബാറ്ററികളുമായി ഈ വര്‍ഷമാദ്യം രണ്ട് പുതിയ ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ചു. ആപ്പെ ഇ സിറ്റി എഫ്എക്‌സ്, ആപ്പെ ഇ എക്‌സ്ട്രാ എഫ്എക്‌സ് എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. കാര്‍ഗോ സെഗ്‌മെന്റില്‍ പിയാജിയോയുടെ ആദ്യ ഇലക്ട്രിക് മൂന്നുചക്ര വാഹനമായിരുന്നു ആപ്പെ ഇ എക്‌സ്ട്രാ എഫ്എക്‌സ്. മഹാമാരി നിലനില്‍ക്കുന്നുണ്ടെങ്കിലും, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്തുന്നത് തുടര്‍ന്നതായും ഓരോ സാമ്പത്തിക പാദത്തിലും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് തുടര്‍ന്നതായും കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലെത്തിച്ചിട്ടുള്ള എല്ലാ വാണിജ്യ വാഹനങ്ങളുടെയും ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ച് എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളെന്ന് പേരും കമ്പനി നേരത്തെ സ്വന്തമാക്കിയിരുന്നു. ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ സബ്‌സിഡറിയാണ് പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യ ലിമിറ്റഡ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

 

click me!