കൊവിഡ് പ്രതിരോധം; സഹായവുമായി പിയാജിയോയും

By Web TeamFirst Published Apr 20, 2020, 9:38 AM IST
Highlights

ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ഇറ്റാലിയന്‍ വാഹനനിര്‍മാതാക്കളായ പിയാജിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റിഡും 

ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ഇറ്റാലിയന്‍ വാഹനനിര്‍മാതാക്കളായ പിയാജിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റിഡും (പി‌വി‌പി‌എല്‍). ആളുകള്‍ക്ക് ഭക്ഷണം ഉറപ്പാക്കാനും ആശുപത്രികളില്‍ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുമാണ് പിയാജിയോ സന്നദ്ധത അറിയിച്ചിരിക്കുന്നത്. 

ഇതിന്‍റെ ആദ്യഘട്ടമായി പുണെയിലും ബരാമതിയിലുമുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് 1000 റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഓഫില്‍ എത്തിച്ച് നല്‍കിയത്. ബരാമതി എംഐഡിസി ഏരിയയിലെ തൊഴിലാളികള്‍ക്കാണ് ഈ കിറ്റ് നല്‍കുക.  

ബാരാമതിയിലാണ്  പി‌വി‌പി‌എല്ലിന്റെ ഫാക്ടറി.  അതുകൊണ്ടു തന്നെ കമ്പനി ബാരാമതിയിലെ പ്രാദേശിക സർക്കാർ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുകയും കൊറോണ വൈറസ് പാൻഡെമിക്കിനെതിരെ പോരാടുന്നതിന് അവരെ പിന്തുണയ്ക്കുകയും ചെയ്യും. ബരാമതി സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡ് ഒരുക്കാന്‍ പിയാജിയോ പിന്തുണ നല്‍കും. ഇതിനായി ഇസിജി മെഷിന്‍, ഐസിവൈ ബെഡ്, പള്‍സ് ഓക്‌സിമീറ്റര്‍, സുരക്ഷ ഉപകരണങ്ങള്‍ തുടങ്ങി ഐസോലേഷന്‍ വാര്‍ഡിലേക്ക് ആവശ്യമായി മെഡിക്കല്‍ ഉപകരണങ്ങളും പിയാജിയോ എത്തിച്ച് നല്‍കും. 

പുണെയിലെ സസൂണ്‍ ജനറല്‍ ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മികച്ച ചികിത്സ സൗകര്യമൊരുക്കുന്നതിനുമായി യുണൈറ്റഡ് വേ മുംബൈ എന്ന എന്‍ജിഒയുമായും പിയാജിയോ സഹകരിക്കുന്നുണ്ട്. ആശുപത്രിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്നും പിയാജിയോ വ്യക്തമാക്കി. 

അസാധാരണമായ ഈ പ്രയാസകരമായ സമയങ്ങളിൽ നിരന്തരമായ പിന്തുണ നൽകാൻ തങ്ങൾ സർക്കാരിനൊപ്പം നിൽക്കുന്നുവെന്നും സമാനതകളില്ലാത്ത പ്രതിസന്ധിയിൽ എല്ലാവരുടെയും സഹകരണവും പിന്തുണയും ആവശ്യമാണെന്നും പിയാജിയോ വെഹിക്കിൾസ് എംഡിയും സിഇഒയുമായ ഡീഗോ ഗ്രാഫി പറഞ്ഞു. 

click me!