
മാരുതി സുസുക്കി ഇന്ത്യയിൽ ലിഥിയം-അയൺ ബാറ്ററി സെല്ലുകളുടെയും ഇലക്ട്രോഡുകളുടെയും നിർമ്മാണം ആരംഭിച്ചു. തോഷിബ, ഡെൻസോ എന്നിവയുമായി സഹകരിച്ച് നിർമ്മിച്ച ഈ സെല്ലുകൾ ഗുജറാത്തിലെ ഹൻസൽപൂരിലുള്ള മാരുതി സുസുക്കിയുടെ പ്ലാന്റിനുള്ളിൽ നിർമ്മിക്കും. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉത്പാദനം പ്രധാന മന്ത്രി നരേന്ദ്ര മോജി ഉദ്ഘാടനം ചെയ്തു.
തോഷിബ, ഡെൻസോ, സുസുക്കി എന്നിവയുടെ സംയുക്ത സംരംഭമാണിത്. ഉദ്ഘാടനചടങ്ങിൽ സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റും പ്രതിനിധി ഡയറക്ടറുമായ തോഷിഹിരോ സുസുക്കിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പങ്കെടുത്തു. ഇനി ലോകത്തിലെ ഡസൻ കണക്കിന് രാജ്യങ്ങളിൽ ഓടുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഇനി മെയിഡ് ഇൻ ഇന്ത്യ എന്ന് എഴുതിയിരിക്കും എന്ന് ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗണേശോത്സവത്തിന്റെ ഉത്സവ ആവേശവുമായി ഈ ലോഞ്ച് ഒത്തുചേരുന്നുവെന്നും മെയ്ക്ക് ഇൻ ഇന്ത്യ പ്രസ്ഥാനത്തിന് ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കുന്നുവെന്നും സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. സുസുക്കിയുടെ ആദ്യത്തെ ആഗോള തന്ത്രപരമായ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV), ഇ വിറ്റാര, ഇന്ത്യയിൽ നിർമ്മിച്ച് യൂറോപ്പ്, ജപ്പാൻ തുടങ്ങിയ വികസിത വിപണികൾ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഒരുങ്ങുന്നു.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന് ഈ ദിവസം ഒരു പുതിയ മാനം നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജപ്പാനെയും സുസുക്കി കമ്പനിയെയും താൻ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയുടെ വിജയഗാഥയുടെ വിത്തുകൾ ഏകദേശം 13 വർഷം മുമ്പാണ് വിതച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 2012 ൽ, താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഹൻസൽപൂരിൽ മാരുതി സുസുക്കിക്ക് താൻ ഭൂമി അനുവദിച്ചിരുന്നു എന്ന മോദി പറഞ്ഞു. അക്കാലത്തെ ദർശനം സ്വാശ്രയ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ എന്നതായിരുന്നു. ഇന്ന് രാജ്യത്തിന്റെ പ്രതിജ്ഞകൾ നിറവേറ്റുന്നതിൽ അന്നത്തെ നമ്മുടെ ശ്രമങ്ങൾ വലിയ പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പ്രതിവർഷം 18 ദശലക്ഷം സെല്ലുകൾ ഉത്പാദിപ്പിക്കുന്ന ടിഡിഎസ്‍ജി 2021 ൽ ആരംഭിച്ചതിനുശേഷം ഒരു ദശലക്ഷത്തിലധികം വാഹനങ്ങൾക്ക് ബാറ്ററി പായ്ക്കുകൾ വിതരണം ചെയ്തിട്ടുണ്ട്. പ്രതിവർഷം 12 ദശലക്ഷം സെല്ലുകൾ കൂടി ശേഷി വർദ്ധിപ്പിക്കാൻ കമ്പനി ഇപ്പോൾ പദ്ധതിയിടുന്നു ..
ഹൻസൽപൂർ പ്ലാന്റിൽ നിന്ന് മാരുതി സുസുക്കിയുടെ ആദ്യത്തെ ആഗോള ഇലക്ട്രിക് കാർ ഇ-വിറ്റാര പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു. പുതിയ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) ആയ ഇ-വിറ്റാരയിൽ പുതിയ സെല്ലുകൾ ഉപയോഗിക്കില്ല. അതേസമയം ഇൻവിക്ടോ ഹൈബ്രിഡ് ആംബുലൻസിൽ ഉൾപ്പെടെ ശ്രേണിയിലുടനീളമുള്ള ശക്തമായ ഹൈബ്രിഡുകളിൽ അവ ഉപയോഗിക്കും. അന്താരാഷ്ട്രതലത്തിൽ രണ്ട് ബാറ്ററി ശേഷികളിൽ ഇ വിറ്റാര വാഗ്ദാനം ചെയ്യും. മാരുതി സുസുക്കിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) ആണ് ഇ-വിറ്റാര. ഇതൊരു ആഗോള ഉൽപ്പന്നമായിരിക്കും. 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.