ചതിച്ചതാര്? പുറകോട്ടുരുണ്ട ടാറ്റാ ഹാരിയർ ഒരാളുടെ ജീവനെടുത്തു, ഞെട്ടിക്കും വീഡിയോ; സമ്മൺ മോഡിലെ പിഴവോ?

Published : Aug 26, 2025, 02:41 PM IST
Tata Harrier Accident

Synopsis

ടാറ്റ ഹാരിയർ ഇലക്ട്രിക് എസ്‌യുവിയുടെ സമൺ മോഡ് കാരണം ഒരാൾ മരിച്ചതായി അവകാശപ്പെടുന്ന വീഡിയോ വൈറലാകുന്നു. കാറിന്റെ ഓട്ടണമസ് ഫീച്ചറാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ കാലത്ത് സ്‍മാർട്ട്‌ഫോണുകളെയും മറ്റ് ഗാഡ്‌ജെറ്റുകളെയും പോലെ ആധുനിക കാറുകളും ഫീച്ചറുകളാൽ സമ്പന്നമാണ്. വിപണിയിലെ ഈ മത്സരത്തിൽ മുന്നിൽ നിൽക്കാൻ, വാഹന നിർമ്മാതാക്കൾ നിരന്തരം അവരുടെ കാറുകളിൽ നൂതന സവിശേഷതകളും സാങ്കേതികവിദ്യയും ചേർക്കുന്നു. ഡ്രൈവർമാരുടെയും യാത്രികരുടെയും സൗകര്യാർത്ഥം നിർമ്മിച്ച ഈ സവിശേഷതകൾ ഡ്രൈവിംഗും യാത്രയുമൊക്കെ എളുപ്പവും സുഗമവുമാക്കുന്നുണ്ട്. എങ്കിലും ചിലപ്പോൾ അവ അപകടങ്ങൾക്കും ഒരു പ്രധാന കാരണമായി മാറുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് അത്തരമൊരു സംഭവം പുറത്തുവന്നിട്ടുണ്ട്. കാറുകളിലെ ആധുനിക സാങ്കേതികവിദ്യ സാധാരണക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്ന ഒരു വലിയ ചോദ്യം ഉയർത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ടാറ്റ ഹാരിയർ ഇലക്ട്രിക് എസ്‌യുവി ഇടിച്ച് ഒരാൾ മരിച്ചതായി അവകാശപ്പെടുന്നതാണ് ഈ വീഡിയോ. പുതിയ ടാറ്റാ ഹാരിയറിലെ ഓട്ടണമസ് ഫീച്ചറായ സമ്മൺ മോഡാണ് ഈ അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. ഈ അപകടടത്തെക്കുറിച്ചും സമ്മൺ മോഡിനെക്കുറിച്ചും കൂടുതൽ അറിയാം.

എന്താണ് സംഭവം?

റെഡിറ്റിൽ ഒരു ഉപയോക്താവ് അപ്‌ലോഡ് ചെയ്ത ഒരു അപകട വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ഈ വീഡിയോ പോസ്റ്റിൽ, തന്‍റെ ഒരുബന്ധു ടാറ്റ ഹാരയിർ ഇലക്ട്രിക് എസ്‌യുവിയുടെ സമ്മൺ മോഡ് കാരണം മരിച്ചതായി ഉപയോക്താവ് അവകാശപ്പെടുന്നു. ഈ വീഡിയോയിൽ, ടാറ്റ ഹാരിയർ എസ്‍യുവി ഒരു വീടിന്റെ ഗേറ്റിനിരികിൽ നിൽക്കുന്നത് കാണാം. ഇതിനിടയിൽ വാഹനം പെട്ടെന്ന് പിന്നിലേക്ക് ഉരുളാൻ തുടങ്ങുന്നു, കാറിന്റെ തുറന്ന വാതിലിനടുത്ത് നിൽക്കുന്ന ഡ്രൈവർ എന്ന് കരുതപ്പെടുന്ന വ്യക്തി കാറിനൊപ്പം പിന്നിലേക്ക് നീങ്ങാൻ തുടങ്ങുകയും അദ്ദേഹം റോഡിലേക്ക് മറിഞ്ഞുവീഴുകയും ചെയ്യുന്നു. കാർ പിന്നിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ അദ്ദേഹം കാറിനുള്ളിൽ കയറി നിർത്താൻ ശ്രമിക്കുകയും എന്നാൽ വലിയ എസ്‌യുവിയുടെ വേഗത കാരണം, അയാളും വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. കാർ അദ്ദേഹത്തിന്‍റെ കാലുകളിലൂടെ കടന്നുപോയി പിന്നിലുള്ള ഒരു ചെറിയ കടയിൽ ഇടിച്ചു. തുടർന്ന് കാർ വീണ്ടും മുന്നോട്ട് നീങ്ങുന്നതും വീണ്ടും വീണുപോയ വ്യക്തിയുടെ മുകളിലൂടെ കയറാൻ തുടങ്ങുന്നതും അദ്ദേഹത്തെ നിലത്തുനിന്നും പെട്ടെന്ന് ആളുകൾ എടുത്തുമാറ്റുന്നതും വീഡിയോയിൽ കാണാം.

ആരാണ് മരിച്ചത്?

തമിഴ്‍നാട്ടിലെ തിരുപ്പൂർ ജില്ലയിലെ അവിനാശിയിൽ ആണ് ഈ അപകടം നടന്നതെന്ന് ഇന്ത്യാടു ഡേ റിപ്പോർട്ട് ചെയ്യുന്നു. തന്റെ കടയ്ക്ക് പുറത്ത് ടാറ്റ ഹാരിയർ ഇവി ഇടിച്ച് സെന്തിൽ എന്നയാളാണ് ഈ ദാരുണമായ അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. 2025 ഓഗസ്റ്റ് 14 ന് വൈകുന്നേരം 5:53 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ചതിച്ചത് സമ്മൺ മോഡോ?

ഈ ദാരുണമായ അപകടത്തിന്റെ വീഡിയോ ടാറ്റ ഹാരിയർ ഇലക്ട്രിക്കിന്‍റെ സമ്മൺ മോഡിനെക്കുറിച്ച് ചൂടേറിയ ചർച്ചയ്ക്ക് കാരണമായിട്ടിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സ് ഹാരിയർ ഇവിയെ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അവതരിപ്പിച്ചത്. അതിലെ ഓട്ടോണമസ് പാർക്കിംഗ് സവിശേഷതകൾ കാരണം ഇത് വളരെയധികം ശ്രദ്ധ നേടി. റിമോട്ട് കീ ഉപയോഗിച്ച് കാർ പാർക്ക് ചെയ്യാൻ കഴിയുന്ന ഒരു കീ-ഫോബ് അധിഷ്ഠിത പാർക്കിംഗ് സഹായ സംവിധാനമാണ് ഇലക്ട്രിക് എസ്‌യുവിയിൽ വരുന്നത്. കമ്പനി ഈ സംവിധാനത്തെ സമ്മൺ മോഡ് എന്ന് വിളിക്കുന്നു.

എന്താണ് ഈ സമൻസ് മോഡ്?

ടാറ്റ ഹാരിയർ ഇവിയിൽ നൽകിയിരിക്കുന്ന സമൺ മോഡ്, ഡ്രൈവറുടെ സഹായമില്ലാതെ തന്നെ വാഹനത്തെ മുന്നോട്ടും പിന്നോട്ടും അല്ലെങ്കിൽ ചെറുതായി വശങ്ങളിലേക്കും നീക്കാൻ അനുവദിക്കുന്ന ഒരു നൂതന ഫീച്ചർ ആണ്. വളരെ ഇടുങ്ങിയ പാർക്കിംഗ് സ്ഥലത്തോ തിരക്കേറിയ സ്ഥലത്തോ ഡ്രൈവർക്ക് വാഹനം പുറത്തെടുക്കാനോ പാർക്ക് ചെയ്യാനോ എളുപ്പമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ലളിതമായി പറഞ്ഞാൽ, സമൺ മോഡ് നിങ്ങളുടെ കാറിനെ ഒരു റിമോട്ട് കൺട്രോൾ കാർ പോലെയാക്കുന്നു, പുറത്ത് നിന്നാൽ തന്നെ നിങ്ങൾക്ക് മുന്നോട്ട് അല്ലെങ്കിൽ പിന്നിലേക്ക് നീങ്ങാൻ കഴിയും.

സമൺ മോഡ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഒരു മൊബൈൽ ആപ്പിന്റെയോ കീ ഫോബിന്റെയോ (റിമോട്ട് കീ) സഹായത്തോടെ ഡ്രൈവർക്ക് വാഹനത്തിന് പുറത്ത് നിൽക്കാനും വാഹനം നിയന്ത്രിക്കാനും കഴിയും. വാഹനം സാവധാനത്തിലും സുരക്ഷിതമായും നേർരേഖയിൽ മുന്നോട്ടോ പിന്നോട്ടോ നീങ്ങുന്നു. വാഹനത്തിന് ചുറ്റുമുള്ള സാഹചര്യം നിരീക്ഷിക്കാൻ സഹായിക്കുന്ന സെൻസറുകളും ക്യാമറകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഏതെങ്കിലും തടസം നേരിടുകയോ കൂട്ടിയിടിക്കുകയോ ചെയ്യുന്നതിനുമുമ്പ് ഈ സംവിധാനം വാഹനം നിർത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എപ്പോഴാണ് ഈ ഫീച്ചർ ഉപയോഗപ്രദമാകുക?

പാർക്കിംഗ് സ്ഥലം വളരെ ഇടുങ്ങിയതായിരിക്കുകയും ഡ്രൈവർക്ക് വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഈ സവിശേഷത ഉപയോഗപ്രദമാകും. വാഹനം പുറത്തെടുക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലത്ത് പാർക്ക് ചെയ്യുമ്പോഴും ഇത് ഉപകാരപ്പെടും. വലിയ എസ്‌യുവി ആയതിനാൽ, സ്ഥലം കണക്കാക്കുന്നതിൽ ഡ്രൈവർക്ക് ചിലപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അപ്പോഴൊക്കെ ഈ ഫീച്ചർ സഹായകമാകും.

ടാറ്റ മോട്ടോഴ്‌സിന്‍റെ പ്രസ്‍താവന

അപകടത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ടാറ്റ മോട്ടോഴ്‌സ് പ്രസ്‍താവനയിൽ പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തോടൊപ്പമാണ് തങ്ങളുടെ അനുശോചനവും പ്രാർത്ഥനയും പിന്തുണയെന്ന വ്യക്തമാക്കിയ ടാറ്റാ മോട്ടോഴ്സ് ആവശ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കുകയാണെന്നും അറിയിച്ചു. ഓൺലൈനിലും സോഷ്യൽ മീഡിയയിലും വന്ന  വീഡിയോയിൽ കണുന്നതനുസരിച്ച് ചരിവ് കാരണം വാഹനം താഴേക്ക് ഉരുണ്ടതാകാമെന്നും ഇത് എഞ്ചിൻ പ്രവർത്തിച്ചിട്ടില്ല എന്ന കാര്യം സൂചിപ്പിക്കുന്നുവെന്നും ടാറ്റ പറയുന്നു. തങ്ങൾക്ക് വാഹനം ഇതുവരെ പരിശോധിക്കാൻ സാധിച്ചിട്ടില്ലെന്നും ടാറ്റ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്
എസ്‌യുവി പോരാട്ടം: ടാറ്റ നെക്‌സോണിനെ വീണ്ടും മറികടന്ന് ഹ്യുണ്ടായി ക്രെറ്റ