സാമൂഹിക അകലമില്ല, കര്‍ഷകരുടെ പച്ചക്കറി കുട്ടകള്‍ക്ക് മേല്‍ പൊലീസ് ജീപ്പ് കയറ്റിയിറക്കി!

By Web TeamFirst Published Jun 6, 2020, 3:00 PM IST
Highlights

 തനിക്ക് വന്ന അടങ്ങാത്ത കോപം ആ പച്ചക്കറികൾക്ക് മേൽ തീർക്കുകയായിരുന്നു ഇൻസ്‌പെക്ടർ ചെയ്തത്. 

പ്രയാഗ് രാജ് : ഈ വീഡിയോ ഉത്തർപ്രദേശിലെ പ്രയാഗ് രാജ് എന്ന സ്ഥലത്തുനിന്നാണ്. പൊലീസ് ജീപ്പ് തലങ്ങും വിലങ്ങും പായിച്ച് ഇതിൽ പാവപ്പെട്ട തെരുവുകച്ചവടക്കാർ ചന്തയിലെ നിരത്തുവക്കിൽ വില്പനയ്ക്ക് വെച്ച പച്ചക്കറി ചതച്ചരച്ചു നശിപ്പിച്ചു കളയുന്ന കോപിഷ്ഠനായ പൊലീസ് ഇൻസ്‌പെക്ടറുടെ പേര് സുമിത് ആനന്ദ് എന്നാണ്. 

 

(UP)- मंडी में सब्ज़ी बेच रहे गरीब किसानो की सब्जियों को पुलिस ने जीप से रौंदा।

ग़रीबों से इतनी नफ़रत क्यूँ ? pic.twitter.com/baVrOp9Wl6

— Jatinder Kumar ( Tony ) (@tonyJatinder9)

 

പ്രയാഗ് രാജിലെ ധുർപൂരിൽ എല്ലാ ആഴ്ചയും പച്ചക്കറിച്ചന്ത നടക്കുക പതിവാണ്. നാട്ടിലെ മിക്കവാറും കൃഷിക്കാരും ചെറുകിട പച്ചക്കറി കച്ചവടക്കാരും ഒക്കെ അന്നേ ദിവസം തങ്ങളുടെ പച്ചക്കറികളും കൊണ്ട് ചന്തയിലെത്തുക പതിവാണ്. ആ ചന്തയിൽ കച്ചവടം നടക്കുന്നതിനിടെയാണ് ധുർപുർ സബ് ഇൻസ്‌പെക്ടർ സുമിത് ആനന്ദ് അവിടേക്ക് തന്റെ വാഹനത്തിൽ പതിവ് പട്രോളിങ് നടത്താൻ വന്നെത്തുന്നത്. 

ഇൻസ്‌പെക്ടർ അവിടെ കണ്ട ദൃശ്യം അത്ര പന്തിയല്ലായിരുന്നു. അടുത്തടുത്താണ് പച്ചക്കറി തട്ടുകൾ വെച്ചിട്ടുള്ളത്. ആളുകൾ കൂട്ടം കൂടി നിന്നാണ് വാങ്ങുന്നതും. ചുരുക്കത്തിൽ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നില്ല എന്നർത്ഥം. മോശം സാഹചര്യമാണ്, ഉടനടി ഒരു ഇടപെടൽ ഇൻസ്‌പെക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത് തന്നെയാണ്. അദ്ദേഹം ഇടപെട്ട് ആളുകളെ രണ്ടുമീറ്റർ അകലെ നിർത്തി പച്ചക്കറികൾ വാങ്ങാനുള്ള സാഹചര്യം ഉണ്ടാക്കണമായിരുന്നു. എന്നാൽ, അങ്ങനെ ചെയ്യുന്നതിന് പകരം തനിക്ക് വന്ന അടങ്ങാത്ത കോപം ആ പച്ചക്കറികൾക്ക് മേൽ തീർക്കുകയായിരുന്നു ഇൻസ്‌പെക്ടർ ചെയ്തത്. 

തന്റെ സർക്കാർ വാഹനം ആ പാവപ്പെട്ട കർഷകർ മാസങ്ങളോളം അധ്വാനിച്ചുണ്ടാക്കിയ പച്ചക്കറികളുടെയും പഴങ്ങളുടെയും മേലെ കയറ്റിയിറക്കി അതൊക്കെ നശിപ്പിച്ചു കളഞ്ഞു ആ ഇൻസ്‌പെക്ടർ. 

എന്നാൽ അങ്ങനെ ചെയ്താലും തനിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ ആരുമുണ്ടാകില്ല എന്ന ഇൻസ്‌പെക്ടറുടെ ആത്മവിശ്വാസം പാളി. ആ ചന്തയുടെ ഏതോ മൂലയ്ക്കൽ നിന്ന് അവിടത്തുകാരിൽ ഒരാൾ ആ ദൃശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു. ആ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ട് ഉത്തർപ്രദേശിലെങ്ങും വൈറലായി. 

വീഡിയോ ഒടുവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അടുക്കലും ചെന്നെത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് വീഡിയോ കണ്ടപാടെ നടപടിക്ക് ശുപാർശയും ചെയ്തിരിക്കുകയാണ്. തത്സമയം തന്നെ ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ അടിച്ചു കയ്യിൽ കിട്ടി. ആ മാർക്കറ്റിൽ ഇൻസ്‌പെക്ടർ ഓടിച്ച പൊലീസ് ജീപ്പിന്റെ ചക്രങ്ങൾക്ക് അടിയിൽ ചതഞ്ഞരഞ്ഞു നാശമായ പച്ചക്കറികളുടെ രൊക്കം വില, ഇൻസ്‌പെക്ടറുടെ തന്നെ ശമ്പളത്തിൽ നിന്ന് പിടിച്ച് കൃഷിക്കാർക്ക് നൽകാനും ഉന്നത പൊലീസ് അധികാരികൾ വിധിച്ചിട്ടുണ്ട്. 

click me!